---
title: "പ്രണയപ്പകയിൽ അരുംകൊല; 21-കാരനായ ബാഡ്മിന്റൺ താരത്തെ പെൺകുട്ടിയുടെ വീട്ടുകാർ 3 ദിവസം ബന്ധിയാക്കി തല്ലിക്കൊന്നു!"
english_title: "CONTENT HIGHLIGHTS:- The young man was detained for three days, beaten to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361214/the-young-man-was-detained-for-three-days-beaten-to-death"
published_at: "2026-05-23T12:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1158846380b_murder.jpg"
keywords: ["Latest News", "Murder", "Faridabad"]
---

# പ്രണയപ്പകയിൽ അരുംകൊല; 21-കാരനായ ബാഡ്മിന്റൺ താരത്തെ പെൺകുട്ടിയുടെ വീട്ടുകാർ 3 ദിവസം ബന്ധിയാക്കി തല്ലിക്കൊന്നു!

> **Lead Summary:** **ഫരീദാബാദ്: [**[ ]പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയതിനെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ 21-കാരനായ ബാഡ്മിന്റൺ താരത്തെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി.

## Article Content

**ഫരീദാബാദ്: [**[ ]പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയതിനെത്തുടർന്നുണ്ടായ വൈരാഗ്യത്തിൽ 21-കാരനായ ബാഡ്മിന്റൺ താരത്തെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി.

ഹരിയാനയിലെ ഫരീദാബാദിലുള്ള തിഗാവിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. രാജസ്ഥാനിലെ ഭിവാഡി സ്വദേശിയായ മോനു എന്ന യുവാവാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ ക്രൂരമർദ്ദനത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.

ഒരു മാസം മുൻപാണ് മോനുവും തിഗാവ് സ്വദേശിയായ പതിനേഴുകാരിയും ഒളിച്ചോടിയത്. ഇതേത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ തിഗാവ് പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുകയും പിന്നീട് പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.

താൻ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് പെൺകുട്ടി മജിസ്‌ട്രേറ്റിന് മൊഴി നൽകിയെങ്കിലും മോനുവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെ, കേസിന്റെ ഭാഗമായി തിഗാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പോവുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ മോനുവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് മൂന്ന് ദിവസത്തോളം രഹസ്യകേന്ദ്രത്തിൽ ബന്ധിയാക്കി ഇവർ യുവാവിനെ ക്രൂരമായി പീഡിപ്പിച്ചു. ബുധനാഴ്ച പെൺകുട്ടിയുടെ കുടുംബം തന്നെയാണ് യുവാവിനെ തങ്ങൾ പിടികൂടിയ വിവരം പൊലീസിനെ അറിയിക്കുന്നത്.

പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു മോനു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ യുവാവ് മരണപ്പെടുകയായിരുന്നു.

യുവാവിന്റെ പിതാവിന്റെ പരാതിയിൽ ആദ്യം വധശ്രമത്തിനാണ് കേസെടുത്തതെങ്കിലും മരണത്തോടെ പൊലീസ് ഇത് കൊലപാതകക്കേസാക്കി മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ രണ്ടുപേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യുവാവിനെ എവിടെുവെച്ചാണ് തട്ടിക്കൊണ്ടുപോയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361214/the-young-man-was-detained-for-three-days-beaten-to-death)