---
title: "കോഴിക്കോട്ടുകാരും മലപ്പുറത്തുകാരും കാത്തിരിക്കേണ്ട....!! കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര; ഗുണം ലഭിക്കുക കുറച്ചു ജില്ലകളിൽ മാത്രം"
english_title: "Content Highlights:- Districts where women can travel free on KSRTC buses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361161/content-highlights-districts-where-women-can-travel-free-on-ksrtc-buses"
published_at: "2026-05-23T10:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0feb38b3bb4_ksrtc.jfif"
keywords: ["Latest News", "KSRTC", "free Travel", "Women", "Kerala"]
---

# കോഴിക്കോട്ടുകാരും മലപ്പുറത്തുകാരും കാത്തിരിക്കേണ്ട....!! കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര; ഗുണം ലഭിക്കുക കുറച്ചു ജില്ലകളിൽ മാത്രം

> **Lead Summary:** **തിരുവനന്തപുരം : ** കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള യാത്രാ സൗജന്യത്തിന്റെ ഗുണം ലഭിക്കുക കുറച്ചു ജില്ലകളിൽ മാത്രം. ഇവ പൊതുഗതാഗതത്തിൽ കെഎസ്ആർടി ബസ് സർവീസുകൾ കാര്യമായുള്ള ജില്ലകളാണ്.

## Article Content

**തിരുവനന്തപുരം : ** കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള യാത്രാ സൗജന്യത്തിന്റെ ഗുണം ലഭിക്കുക കുറച്ചു ജില്ലകളിൽ മാത്രം. ഇവ പൊതുഗതാഗതത്തിൽ കെഎസ്ആർടി ബസ് സർവീസുകൾ കാര്യമായുള്ള ജില്ലകളാണ്.

7 ജില്ലകളിൽ ഇത് 25 ശതമാനത്തിൽ താഴെയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, വയനാട് ജില്ലകളിലാണു ഗണ്യമായ രീതിയിൽ കെഎസ്ആർടിസി ബസ് സർവീസ് ഉള്ളത്.

യുഡിഎഫിന് 16 സീറ്റും നൽകിയ മലപ്പുറത്ത് യാത്രാ സൗജന്യത്തിന്റെ ആനുകൂല്യം കാര്യമായി ലഭിക്കില്ല. കാരണം ജില്ലയിലെ മൊത്തം ബസ് സർവീസിന്റെ 9.4 % മാത്രമാണു കെഎസ്ആർടിസി ബസ് സർവീസ്.

എറണാകുളം ജില്ലയുടെ കാര്യവും ഇതുതന്നെ. യ‌ുഡിഎഫിനു 14 സീറ്റും നൽകിയ ജില്ലയിൽ മൊത്തം ബസ് സർവീസിന്റെ 24.7 % ആണു കെഎസ്ആർടിസിയുടെ സാന്നിധ്യം.

സൗജന്യം നൽകുന്നതു മൂലം കെഎസ്ആർടിസിക്ക് ഇപ്പോൾ ലഭിക്കുന്ന വരുമാനം പകുതിയായി കുറയും. 105 കോടി രൂപയോളം കുറവുണ്ടാകുമെന്നാണു കണക്ക്. കർണാടകയിൽ വിജയിച്ച യാത്രാ സൗജന്യമാണു യുഡിഎഫ് കേരളത്തിൽ പ്രഖ്യാപിച്ചത്.

എന്നാൽ കർണാടകയിൽ 90 % ബസ് സർവീസും സർക്കാർ ഉടമസ്ഥതയിലുള്ള 4 കമ്പനികളുടേതാണ്. 2025 ലെ കണക്കു പ്രകാരം കേരളത്തിൽ 16545 റൂട്ട് ബസുകൾ ഉള്ളതിൽ 4609 മാത്രമാണു കെഎസ്ആർടിസി വിഹിതം. ഇതിൽ തന്നെ 800 ബസുകളോളം കട്ടപ്പുറത്താണ്.

ഓടുന്ന ബസുകളിൽ മൂന്നിലൊന്നും സൂപ്പർ ഫാസ്റ്റിനു മുകളിലുള്ള ക്ലാസ് ആണ്. ഇതിൽ കൺസഷൻ എളുപ്പമല്ല. കാരണം സൂപ്പർ ക്ലാസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകാൻ അനുവാദമില്ല.

സീറ്റ് റിസർവേഷൻ ഉള്ള ബസുകളിലും സൗജന്യ യാത്ര പ്രായോഗികമല്ല. 450 സിഫ്റ്റ് ബസുകൾ പ്രത്യേക കമ്പനിയായതിനാൽ അതിൽ സൗജന്യത്തിനു സാധ്യതയില്ല.

കെഎസ്ആർടിസി കഴിഞ്ഞ ആഴ്ച നടത്തിയ കണക്കെടുപ്പിൽ യാത്രക്കാരിൽ 50 % സ്ത്രീകളാണെന്നാണു കണ്ടെത്തിയത്. കോർപറേഷന്റെ പ്രതിദിന വരുമാനം 7 കോടി. വനിതകൾക്കു സൗജന്യം നൽകുന്നതോടെ ഇത് 3.5 കോടിയായി കുറയും.

ഓരോ ജില്ലകളിലെയും മൊത്തം സർവീസുകളിൽ കെഎസ്ആർടിസി വിഹിതം

തിരുവനന്തപുരം – 60.50 %

കൊല്ലം– 49.00 %

പത്തനംതിട്ട – 36.80 %

ആലപ്പുഴ–48.90%

കോട്ടയം–37.80%

ഇടുക്കി–38.40%

എറണാകുളം – 24.70%

തൃശൂർ – 15.40%

പാലക്കാട് – 14.60

മലപ്പുറം – 09.40%

കോഴിക്കോട് – 14.00%

വയനാട്– 40.10%

കണ്ണൂർ–16.10%

കാസർകോട് 24.30%

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361161/content-highlights-districts-where-women-can-travel-free-on-ksrtc-buses)