---
title: "യുദ്ധനിഴലിൽ ഔഷധമേഖലയും; പാരസീറ്റമോൾ ഉൾപ്പെടെ 384 അവശ്യമരുന്നുകൾക്ക് വില കൂടും"
english_title: "Paracetamol prices to rise due to war conditions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361139/paracetamol-prices-to-rise-due-to-war-conditions"
published_at: "2026-05-23T09:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11289f16f1f_paracetamol.jpg"
keywords: ["Latest News", "West Asian War", "Paracetamol", "Price"]
---

# യുദ്ധനിഴലിൽ ഔഷധമേഖലയും; പാരസീറ്റമോൾ ഉൾപ്പെടെ 384 അവശ്യമരുന്നുകൾക്ക് വില കൂടും

> **Lead Summary:** **തൃശ്ശൂർ: [ **പശ്ചിമേഷ്യൻ കടുത്ത യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് പാരസീറ്റമോൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകൾക്ക് ഉടൻ വില വർധിച്ചേക്കും. വിലനിയന്ത്രണ പട്ടികയിലുള്ള 384 മരുന്നിനങ്ങൾക്ക് 10 മുതൽ 20 ശതമാനം വരെ താത്കാലികമായി വില കൂട്ടാനാണ് നിലവിൽ ആലോചന നടക്കുന്നത്.

## Article Content

**തൃശ്ശൂർ: [ **പശ്ചിമേഷ്യൻ കടുത്ത യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യത്ത് പാരസീറ്റമോൾ ഉൾപ്പെടെയുള്ള അവശ്യമരുന്നുകൾക്ക് ഉടൻ വില വർധിച്ചേക്കും. വിലനിയന്ത്രണ പട്ടികയിലുള്ള 384 മരുന്നിനങ്ങൾക്ക് 10 മുതൽ 20 ശതമാനം വരെ താത്കാലികമായി വില കൂട്ടാനാണ് നിലവിൽ ആലോചന നടക്കുന്നത്.

അന്താരാഷ്ട്ര തലത്തിലെ സംഘർഷം കാരണം ഔഷധനിർമാണത്തിന് അത്യാവശ്യമായ പ്രോപ്പലീൻ, അമോണിയ, മെത്തനോൾ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുയരുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.

നിത്യേനയെന്നോണം ആളുകൾ ഉപയോഗിക്കുന്ന പാരസീറ്റമോളിന് പുറമേ അമോക്‌സിസിലിൻ, അസിത്രോമൈസിൻ, ബിപി നിയന്ത്രിക്കാനുള്ള അംലോഡിപിൻ, കൊളസ്ട്രോളിനുള്ള അറ്റോർവസ്റ്റാറ്റിൻ തുടങ്ങിയ പ്രധാന മരുന്നുകളെല്ലാം ഈ വിലവർധനവിന്റെ പരിധിയിൽ വരും.

യുദ്ധപശ്ചാത്തലത്തിൽ മരുന്ന് നിർമാണ ഘടകങ്ങളുടെ വിലയിൽ 200 ശതമാനം വരെയുള്ള വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനൊപ്പം പാക്കിങ് ചെലവുകളും ഗതാഗതക്കൂലിയും വലിയ തോതിൽ വർധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ അവശ്യമരുന്നുകളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ വില വർധിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് സർക്കാർ വൃത്തങ്ങളുടെയും വിലയിരുത്തൽ. മരുന്നുവില നിയന്ത്രണ നിയമത്തിൽ താത്കാലിക ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഡ്രഗ്‌സ് മാനുഫാക്‌ചറിങ് അസോസിയേഷൻ സർക്കാരുമായി ചർച്ച നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ ഔഷധവില നിയന്ത്രണ സമിതിയും ഔഷധ-വാണിജ്യ മന്ത്രാലയങ്ങളും തമ്മിലുള്ള ചർച്ചകൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ പഴയപടി ആക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ഒറ്റത്തവണ വിലവർധനവാണ് അധികൃതർ പരിഗണിക്കുന്നത്.

നിലവിൽ രാജ്യത്ത് 935 ഔഷധമൂലകങ്ങളാണ് വിലനിയന്ത്രണ പട്ടികയിലുള്ളത്. വിവിധ കമ്പനികളുടെ ബ്രാൻഡുകളായി വിപണിയിലെത്തുമ്പോൾ ഇവയുടെ എണ്ണം പതിനായിരക്കണക്കിന് വരും.

പാരസീറ്റമോൾ എന്ന ഒരൊറ്റ മരുന്നിന് മാത്രം ഇന്ത്യയിൽ ആയിരത്തി ഇരുനൂറിലധികം ബ്രാൻഡുകൾ നിലവിലുണ്ട്. അതുകൊണ്ടുതന്നെ, നിത്യേനയെന്നോണം ജീവൻരക്ഷാ മരുന്നുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികളുടെ കുടുംബബജറ്റിനെ ഈ വിലവർധനവ് കാര്യമായിത്തന്നെ ബാധിച്ചേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361139/paracetamol-prices-to-rise-due-to-war-conditions)