---
title: "ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കടകംപള്ളി സ്വദേശിയിൽ നിന്ന് 1.19 കോടി തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ"
english_title: "Content Highlights:- Online trading fraud: The main mastermind in the case of swindling Rs. 1.19 crore from a Kadakampally native has been arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361132/content-highlights-online-trading-fraud-the-main-mastermind-in-the-case-of-swindling-rs-119-crore-from-a-kadakampally-native-has-been-arrested"
published_at: "2026-05-23T09:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11200393eb0_Online_trading_fraud.jpg"
keywords: ["Latest News", "Trading Fraud", "Cyber Crime Kerala", "Online Scam Alert", "Thiruvananthapuram Police"]
---

# ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കടകംപള്ളി സ്വദേശിയിൽ നിന്ന് 1.19 കോടി തട്ടിയ കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ

> **Lead Summary:** തിരുവനന്തപുരം: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കടകംപള്ളി സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരൻ പാലക്കാട് കണ്ണാടി സ്വദേശി രമേശ് അറസ്റ്റിലായി. കടകംപള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഘട്ടംഘട്ടമായി 1,19,83,304 രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് ഇയാളെ പിടികൂടിയത്.

## Article Content

തിരുവനന്തപുരം: ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ അമിത ലാഭം വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കടകംപള്ളി സ്വദേശിയിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരൻ പാലക്കാട് കണ്ണാടി സ്വദേശി രമേശ് അറസ്റ്റിലായി. കടകംപള്ളി സ്വദേശിയായ യുവാവിൽ നിന്ന് ഘട്ടംഘട്ടമായി 1,19,83,304 രൂപ തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് ഇയാളെ പിടികൂടിയത്.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇൻവെസ്റ്റ്‌മെന്‍റ് കമ്പനിയാണെന്ന് വ്യാജേന സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ യുവാവുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഓൺലൈൻ ട്രേഡിങ്ങിൽ നിക്ഷേപിച്ചാൽ ഇരട്ടിയിലധികം ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി യഥാർത്ഥ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിന് സമാനമായ വ്യാജ മൊബൈൽ ആപ്ലിക്കേഷനുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഇവർ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഇതിൽ വഞ്ചിതനായ കടകംപള്ളി സ്വദേശി തട്ടിപ്പുകാർ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓൺലൈൻ വഴി പണം കൈമാറുകയായിരുന്നു. തുടർന്ന് ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണു പരാതി നൽകിയത്. സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമാകുന്നതിന്‍റെ അടിസ്ഥാനത്തിൽ കേസ് തിരുവന്തപുരം സിറ്റി പൊലീസ് കമ്മിഷണരുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ആരംഭിച്ചത്.

ബാങ്ക് ഇടപാടുകളുടെ രേഖകളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അത്യാധുനിക സൈബർ അന്വേഷണത്തിലൂടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് തട്ടിപ്പിനായി ഉപയോഗിച്ച നിരവധി മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, വ്യാജ രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. അപരിചിതർ വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി നൽകുന്ന വൻ ലാഭ വാഗ്ദാനങ്ങളിൽ വീഴരുതെന്നും സെബി അംഗീകൃത ബ്രോക്കർമാർ വഴി മാത്രം ട്രേഡിങ്ങ് നടത്തണമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361132/content-highlights-online-trading-fraud-the-main-mastermind-in-the-case-of-swindling-rs-119-crore-from-a-kadakampally-native-has-been-arrested)