---
title: "പിണറായിയുടെ വീടിന് മുന്നിലെ ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റുന്നു; പൊലീസുകാരുടെ പത്തുവർഷത്തെ സേവനത്തിന്  അറുതി"
english_title: "content highlights:- The 'jeep station' in front of Pinarayi's house is being moved"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361070/content-highlights-the-jeep-station-in-front-of-pinarayis-house-is-being-moved"
published_at: "2026-05-22T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1042ff385e0_29.jpg"
keywords: ["Latest News", "Pinarayi Vijayan", "Kannur", "Pinarayi Vijayan's House"]
---

# പിണറായിയുടെ വീടിന് മുന്നിലെ ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റുന്നു; പൊലീസുകാരുടെ പത്തുവർഷത്തെ സേവനത്തിന്  അറുതി

> **Lead Summary:** **തിരുവനന്തപുരം: [ **മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പിണറായി പാണ്ഡ്യാലമുക്കിലെ വീടിന് മുന്നിൽ കഴിഞ്ഞ പത്തു വർഷമായി തമ്പടിച്ചിരുന്ന താൽക്കാലിക 'ജീപ്പ് സ്റ്റേഷൻ' മാറ്റാൻ പൊലീസ് ഉന്നതതലത്തിൽ നടപടി തുടങ്ങി.

## Article Content

**തിരുവനന്തപുരം: [ **മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പിണറായി പാണ്ഡ്യാലമുക്കിലെ വീടിന് മുന്നിൽ കഴിഞ്ഞ പത്തു വർഷമായി തമ്പടിച്ചിരുന്ന താൽക്കാലിക 'ജീപ്പ് സ്റ്റേഷൻ' മാറ്റാൻ പൊലീസ് ഉന്നതതലത്തിൽ നടപടി തുടങ്ങി.

സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടൻ യോഗം ചേർന്ന് സുരക്ഷാ സാഹചര്യം പുനഃപരിശോധിച്ച ശേഷം ജീപ്പ് മാറ്റാൻ കണ്ണൂർ പൊലീസിന് ഔദ്യോഗിക നിർദേശം നൽകും. മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ശേഷവും തുടരുന്ന ഈ പ്രത്യേക കാവൽ സംവിധാനവും അതിൽ പൊലീസുകാർ അനുഭവിക്കുന്ന കടുത്ത ദുരിതങ്ങളും വാർത്തയായതിന് പിന്നാലെയാണ് അധികൃതരുടെ അടിയന്തര ഇടപെടൽ.

ഭരണമാറ്റമുണ്ടായ പശ്ചാത്തലത്തിൽ കൂടിയാണ് ഈ വിഷയം ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതോടെ സുരക്ഷ മുൻനിർത്തിയാണ് വീടിന് മുന്നിൽ 24 മണിക്കൂറും പൊലീസ് കാവൽ ഏർപ്പെടുത്തിയത്.

ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാനും രേഖകൾ സൂക്ഷിക്കാനുമായി 2014 മോഡൽ കെ.എൽ.01 ബി.ആർ. 9569 നമ്പർ പൊലീസ് ജീപ്പ് അവിടെ സ്ഥിരമായി പാർക്ക് ചെയ്യുകയായിരുന്നു.

എന്നാൽ, വർഷങ്ങൾ കഴിഞ്ഞതോടെ ബാറ്ററി പോലും അഴിച്ചുമാറ്റി പൂർണ്ണമായും കട്ടപ്പുറത്തായ ഈ ജീപ്പ്, നിലവിൽ കെട്ടിവലിച്ചു കൊണ്ടുപോകേണ്ട അവസ്ഥയിലാണ്. പെരുമഴയത്തും കൊടുംചൂടിലും ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ എ.ആർ ക്യാമ്പിൽ നിന്നുള്ള ആറ് പൊലീസുകാരാണ് ഈ വാഹനത്തിനുള്ളിലിരുന്ന് ഊഴമിട്ട് ഡ്യൂട്ടി ചെയ്തുപോന്നത്.

അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഈ 'മൊബൈൽ സ്റ്റേഷനിൽ' ജോലി ചെയ്യുന്നവർക്ക് ഒരു ശൗചാലയം പോലും ലഭ്യമായിരുന്നില്ല. ആദ്യഘട്ടത്തിൽ തൊട്ടടുത്ത വീടുകളെയും പിന്നീട് സമീപത്ത് തുടങ്ങിയ ത്രിവേണി സൂപ്പർമാർക്കറ്റെയുമാണ് ഇവർ ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത്.

സുരക്ഷാ പുനഃപരിശോധന പൂർത്തിയാകുന്നതോടെ കട്ടപ്പുറത്തായ ജീപ്പും ഉദ്യോഗസ്ഥരും അവിടെനിന്ന് മാറുന്നത് പൊലീസുകാർക്ക് വലിയ ആശ്വാസമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361070/content-highlights-the-jeep-station-in-front-of-pinarayis-house-is-being-moved)