---
title: "എബോള പടരുന്നു; പനി, ക്ഷീണം, തൊണ്ടവേദന എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി "
english_title: "Content Highlights:- Precautionary measures strengthened at Kochi airport in wake of Ebola virus spread"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361056/content-highlights-precautionary-measures-strengthened-at-kochi-airport-in-wake-of-ebola-virus-spread"
published_at: "2026-05-22T16:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a10353cd90c7_abola.jpg"
keywords: ["Latest News", "Ebola Virus", "Kochi Airport", "Alert"]
---

# എബോള പടരുന്നു; പനി, ക്ഷീണം, തൊണ്ടവേദന എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി 

> **Lead Summary:** **കൊച്ചി: **ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി.

## Article Content

**കൊച്ചി: **ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി.

കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും അവലോകന യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു.

എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്.

പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട് ചെയ്യണം.

എബോള വൈറസ് ഇതുവരെ 600 ഓളം പേര്‍ക്ക് ബാധിച്ചിട്ടുണെന്ന് സംശയിക്കുന്നതായും 139 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയസൂസ് അറിയിച്ചു.

രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പുതന്നെ വൈറസ് വ്യാപനം ശക്തമായതിനാല്‍ വരുംദിവസങ്ങളില്‍ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

വൈറസിന്റെ അപൂര്‍വ ഇനമായ 'ബുണ്ടിബുഗ്യോ' വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത്. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയാണ് നിലവിലെ സാഹചര്യത്തെ 'അന്താരാഷ്ട്ര ആശങ്ക നിറഞ്ഞ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് ഒരു ആഗോള മഹാമാരിയായി മാറിയിട്ടില്ലെന്നും യോഗം വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361056/content-highlights-precautionary-measures-strengthened-at-kochi-airport-in-wake-of-ebola-virus-spread)