---
title: "ഉല്ലാസയാത്ര അവസാനിച്ചത് കണ്ണീരിൽ....! ചിരിച്ചും കളിച്ചും ഒപ്പം യാത്ര ചെയ്ത അനുപമ കൺമുന്നിൽ മുങ്ങിത്താഴ്ന്നു, ഞെട്ടൽ വിട്ടുമാറാതെ സുഹൃത്തുക്കൾ"
english_title: " Content Highlights:-Technopark Employee Anupama Drowns Thavakkal Waterfall Vithura "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360945/content-highlights-technopark-employee-anupama-drowns-thavakkal-waterfall-vithura"
published_at: "2026-05-22T10:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fe74837604_anupama_death.jpg"
keywords: ["Latest News", "Anupama Death", "Technopark Employee", "Drowned", "Thiruvananthapuram"]
---

# ഉല്ലാസയാത്ര അവസാനിച്ചത് കണ്ണീരിൽ....! ചിരിച്ചും കളിച്ചും ഒപ്പം യാത്ര ചെയ്ത അനുപമ കൺമുന്നിൽ മുങ്ങിത്താഴ്ന്നു, ഞെട്ടൽ വിട്ടുമാറാതെ സുഹൃത്തുക്കൾ

> **Lead Summary:** വിതുര: ചിരിച്ചും കളിച്ചും യാത്ര ചെയ്ത വരിൽ ഒരാൾ കൺമുന്നിൽ മുങ്ങിത്താഴുന്നത് കണ്ടതിന്റെ ഞെട്ടൽ വിട്ടുമാറാതെ അനുപമയുടെ സുഹൃത്തുക്കൾ. പൊന്മുടിയിലേക്കുള്ള ഉല്ലാസയാത്ര ദുരന്തമായി മാറുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ടെക്‌നോ പാർക്ക്‌ ജീവനക്കാരിയായ യുവതി വാമനപുരം ആറ്റിലെ ചന്തമുക്ക് താവയ്ക്കൽ കടവിൽ മുങ്ങിമരിച്ചു. കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ സുമേദന്റെ മകൾ അനുപമയാണ്‌ മരിച്ചത്.

## Article Content

വിതുര: ചിരിച്ചും കളിച്ചും യാത്ര ചെയ്ത വരിൽ ഒരാൾ കൺമുന്നിൽ മുങ്ങിത്താഴുന്നത് കണ്ടതിന്റെ ഞെട്ടൽ വിട്ടുമാറാതെ അനുപമയുടെ സുഹൃത്തുക്കൾ. പൊന്മുടിയിലേക്കുള്ള ഉല്ലാസയാത്ര ദുരന്തമായി മാറുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. ടെക്‌നോ പാർക്ക്‌ ജീവനക്കാരിയായ യുവതി വാമനപുരം ആറ്റിലെ ചന്തമുക്ക് താവയ്ക്കൽ കടവിൽ മുങ്ങിമരിച്ചു. കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ സുമേദന്റെ മകൾ അനുപമയാണ്‌ മരിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആയിരുന്നു അപകടം. അനുപമ ഉൾപ്പെടെ എട്ടുപേർ ഒന്നിച്ച്‌ പൊന്മുടിയിലേക്ക് പോകുന്നതിനിടെയാണ്‌ ദുരന്തമുണ്ടായത്‌. പൊന്മുടിയിലേക്കുള്ള വഴിമധ്യേ താവയ്ക്കൽ കടവ് സന്ദർശിക്കാനിറങ്ങിയപ്പോഴാണ്‌ അനുപമ ഒഴുക്കിൽപ്പെട്ടത്. അനുപമയ്ക്കൊപ്പം വെള്ളത്തിൽ വീണ സുഹൃത്ത്‌ ശ്രുതിയെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച രാവിലെ 11-ഓടെയാണ്‌ അനുപമയും നാല്‌ യുവതികളും നാല്‌ യുവാക്കളും ഇരുചക്രവാഹനങ്ങളിൽ പൊന്മുടിയിലേക്ക് തിരിച്ചത്‌. വിതുരയിൽ എത്തിയ ഇവർ ചന്തമുക്ക് ജങ്ഷൻ തിരിഞ്ഞ് താവയ്ക്കൽക്കടവ് സന്ദർശിക്കാൻ തീരുമാനിച്ചു. തീരത്ത് വാഹനങ്ങൾ നിർത്തിയശേഷം എല്ലാവരും കടവിലേക്ക് ഇറങ്ങുകയും വെള്ളച്ചാട്ടത്തിനോട് ചേർന്ന പാറക്കെട്ടിൽ കയറുകയും ചെയ്തു. അനുപമയും സുഹൃത്ത്‌ ശ്രുതിയും ആറ്റിലെ പാറകളിൽ ചവിട്ടി മുന്നോട്ടുനടന്നു.

ഇതിനിടയിലാണ് പാറയിൽ വഴുതി ഇരുവരും വെള്ളത്തിൽ വീണത്. എതിർവശത്തു നിന്ന തങ്ങളുടെനേരെ ഒഴുകിയെത്തിയ ഇരുവരെയും രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചു. ശ്രുതിയെ സുഹൃത്തുക്കൾ കരയ്ക്കു കയറ്റിയെങ്കിലും ഒഴുകിപ്പോയ അനുപമ വെള്ളച്ചാട്ടത്തിൽ മുങ്ങിത്താഴ്ന്നു.

ഒപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്നവർ അനുപമയെ കരയ്ക്കെത്തിച്ചു. ഉടൻതന്നെ വിതുര താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അനുപമ അവിവാഹിതയാണ്. പ്രിയയാണ് മാതാവ്. സഹോദരൻ: വൈശാഖൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ ഒന്നിന്‌ മുട്ടത്തറ മോക്ഷകവാടത്തിൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360945/content-highlights-technopark-employee-anupama-drowns-thavakkal-waterfall-vithura)