---
title: "വെറും വേസ്റ്റല്ല, പുത്തൻ വരുമാന സ്രോതസ്സാണ്...ഹരിതകർമ സേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നഗരസഭകളിൽ സംരംഭ വികസന പദ്ധതി"
english_title: "content highlights Enterprise development project to increase the income of Haritha Karma Sena members"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360927/content-highlights-enterprise-development-project-to-increase-the-income-of-haritha-karma-sena-members"
published_at: "2026-05-22T09:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fd79990109_3.jpg"
keywords: ["Latest News", "Pathanamthitta", "Haritakarma Sena"]
---

# വെറും വേസ്റ്റല്ല, പുത്തൻ വരുമാന സ്രോതസ്സാണ്...ഹരിതകർമ സേനാംഗങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നഗരസഭകളിൽ സംരംഭ വികസന പദ്ധതി

> **Lead Summary:** **പത്തനംതിട്ട: [**[ ] സംസ്ഥാനത്തെ നഗരസഭകളിലെ ഹരിതകർമസേന അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനുമായി പുതിയ സംരംഭ വികസന പദ്ധതി നടപ്പാക്കുന്നു.

## Article Content

**പത്തനംതിട്ട: [**[ ] സംസ്ഥാനത്തെ നഗരസഭകളിലെ ഹരിതകർമസേന അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനുമായി പുതിയ സംരംഭ വികസന പദ്ധതി നടപ്പാക്കുന്നു.

ലോകബാങ്ക് ധനസഹായത്തോടെ പ്രവർത്തിക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ (കെഎസ്ഡബ്ല്യുഎംപി) ഭാഗമായാണ് സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും ഈ വിപുലമായ പദ്ധതിക്ക് തുടക്കമിടുന്നത്.

നിലവിലെ വരുമാന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പുതിയ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാൻ സേനാംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച പുതുക്കിയ കൃത്യമായ മാർഗനിർദേശങ്ങൾ സർക്കാർ ഇതിനോടകം പുറത്തിറക്കിക്കഴിഞ്ഞു. ഹരിതകർമസേന കൺസോർഷ്യങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ചെറുകിട സംരംഭക യൂണിറ്റുകൾ വഴി വൈവിധ്യമാർന്ന ബിസിനസ് സാധ്യതകളാണ് സേനാംഗങ്ങൾക്കായി തുറക്കപ്പെടുന്നത്.

പ്ലാസ്റ്റിക് ശേഖരണവും തരംതിരിക്കലും, റീസൈക്ലിങ് അനുബന്ധ പ്രവർത്തനങ്ങൾ, ക്ലീനിങ് യൂണിറ്റുകൾ, ജൈവവള നിർമാണം, പുനരുപയോഗ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, ഹോം കംപോസ്റ്റിങ് യൂണിറ്റുകൾ തുടങ്ങിയ മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഇതിലൂടെ സാധിക്കും.

ഇത്തരം യൂണിറ്റുകൾക്ക് എംഎസ്എംഇ (MSME) റജിസ്ട്രേഷൻ ലഭ്യമാക്കാനും ബാങ്ക് വായ്പകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കാനും നഗരസഭകൾ മുൻകൈയെടുക്കും.

ബിസിനസ് തുടങ്ങുന്നതിനാവശ്യമായ പ്രാരംഭ മൂലധനം, ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം, ആറുമാസത്തേക്കുള്ള വർക്കിങ് ക്യാപ്പിറ്റൽ, ആവശ്യമായ സാങ്കേതിക പിന്തുണ എന്നിവയെല്ലാം കെഎസ്ഡബ്ല്യുഎംപി നേരിട്ട് ലഭ്യമാക്കും.

പ്രാദേശികമായ ആവശ്യങ്ങളും ഹരിതകർമ സേനാംഗങ്ങളുടെ താൽപര്യവും മുൻനിർത്തി അനുയോജ്യമായ ബിസിനസ് മോഡലുകൾ തിരഞ്ഞെടുക്കാൻ നഗരസഭകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കും.

സംരംഭങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഹരിതകർമസേനാംഗങ്ങൾക്ക് ബിസിനസ് മാനേജ്മെന്റ്, അക്കൗണ്ടിങ്, മാർക്കറ്റിങ്, ഉൽപന്ന വികസനം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക വിദഗ്ധ പരിശീലനവും നൽകും.

ഉൽപന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ, ഹരിതകേരളം മിഷൻ തുടങ്ങിയ ഏജൻസികളുടെ പങ്കാളിത്തം ഉറപ്പാക്കാനും വ്യവസ്ഥയുണ്ട്. പദ്ധതിയുടെ കൃത്യമായ തുടർനിരീക്ഷണത്തിനായി നഗരസഭാ തലത്തിൽ ജോയിന്റ് മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിക്കും.

നിലവിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന യൂസർ ഫീസിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഹരിതകർമസേനാംഗങ്ങൾക്ക് സ്ഥിരതയുള്ള ഒരു അധിക വരുമാന മാർഗം ഒരുക്കുന്നതിനൊപ്പം നഗരങ്ങളിലെ മാലിന്യ സംസ്കരണം കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360927/content-highlights-enterprise-development-project-to-increase-the-income-of-haritha-karma-sena-members)