---
title: "എല്ലാവരും ഒന്ന് സൂക്ഷിച്ചോ....തൃശ്ശൂരിൽ വൻ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 85-കാരനിൽ നിന്ന് 4.11 കോടി കവർന്ന കേസിൽ മലപ്പുറം സ്വദേശി പിടിയിൽ"
english_title: "CONTENT HIGHLIGHTS Massive digital arrest scam in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360922/content-highlights-massive-digital-arrest-scam-in-thrissur"
published_at: "2026-05-22T09:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fd486c155e_2.jpg"
keywords: ["Latest News", "Irinjalakuda", "Digital arrest", "Fraud"]
---

# എല്ലാവരും ഒന്ന് സൂക്ഷിച്ചോ....തൃശ്ശൂരിൽ വൻ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 85-കാരനിൽ നിന്ന് 4.11 കോടി കവർന്ന കേസിൽ മലപ്പുറം സ്വദേശി പിടിയിൽ

> **Lead Summary:** **ഇരിങ്ങാലക്കുട: [**നിയമപാലകരെന്ന വ്യാജേന വിളിച്ച് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി തൃശ്ശൂർ കോണത്തുകുന്ന് സ്വദേശിയായ എൺപത്തിയഞ്ചുകാരനിൽ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശി റഷീക് രാജനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ഇരിങ്ങാലക്കുട: [**നിയമപാലകരെന്ന വ്യാജേന വിളിച്ച് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി തൃശ്ശൂർ കോണത്തുകുന്ന് സ്വദേശിയായ എൺപത്തിയഞ്ചുകാരനിൽ നിന്ന് നാല് കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശി റഷീക് രാജനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

മുൻ പ്രവാസിയും വ്യവസായിയുമായ വയോധികനെ ഭയപ്പെടുത്തി തട്ടിയെടുത്ത പണം സ്വന്തം ബാങ്ക് അക്കൗണ്ട് വഴി കൈമാറ്റം ചെയ്യാനും മുഖ്യപ്രതികൾക്ക് എത്തിച്ചു നൽകാനും കമ്മീഷൻ വ്യവസ്ഥയിൽ സഹായിച്ചതിനാണ് ഇയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2025 സെപ്റ്റംബർ മുതൽ 2026 ജനുവരി വരെയുള്ള മാസങ്ങളിലായി ഘട്ടംഘട്ടമായാണ് പ്രതികൾ വയോധികനെ മാനസിക സമ്മർദ്ദത്തിലാക്കി പണം കവർന്നത്. കോടതി നിർദ്ദേശപ്രകാരം റിമാൻഡ് ചെയ്ത പ്രതിയിൽ നിന്ന് തട്ടിപ്പ് സംഘത്തിന്റെ മറ്റ് കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന ഒരു വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടും ഉൾപ്പെട്ടിട്ടുണ്ടെന്ന് വാട്സാപ്പ് കോളിലൂടെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം.

ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള അന്വേഷണമാണെന്നും കോടതി ഉത്തരവുള്ളതിനാൽ അക്കൗണ്ടിലെ പണം മുഴുവൻ താൽക്കാലികമായി തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.

ഈ വിവരങ്ങൾ പുറത്തുപറയരുതെന്നും വീട്ടിൽ നിന്ന് ഒരിടത്തേക്കും മാറരുതെന്നും ഭീഷണിപ്പെടുത്തി പരാതിക്കാരനെയും അദ്ദേഹത്തിന്റെ പരിചാരകനെയും മാസങ്ങളോളം ഇവർ ഡിജിറ്റൽ തടങ്കലിൽ നിർത്തുകയായിരുന്നു.

ഇത്തരത്തിൽ ഭയന്ന വയോധികൻ തന്റെ വിവിധ അക്കൗണ്ടുകളിൽ നിന്നായി ആകെ 4,11,65,206 രൂപയാണ് പ്രതികൾ നൽകിയ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. വലിയ തുകകൾ തുടർച്ചയായി അക്കൗണ്ടിൽ നിന്ന് പിൻവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബാങ്ക് ജീവനക്കാർ കാര്യങ്ങൾ അന്വേഷിച്ചെങ്കിലും, പ്രതികളുടെ ഭീഷണിയോർത്ത് ബിസിനസ് ആവശ്യത്തിനാണെന്നായിരുന്നു വയോധികൻ ആദ്യം മറുപടി നൽകിയത്.

എന്നാൽ പിന്നീട് താൻ വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ബാങ്ക് അധികൃതരുടെ തന്നെ സഹായത്തോടെ ഇദ്ദേഹം സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ. റഫീഖ്, സൈബർ പോലീസ് സ്റ്റേഷൻ എസ്.ഐ.മാരായ കെ.വി. ജസ്റ്റിൻ, പി.എസ്. സുജിത്ത് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് സങ്കീർണ്ണമായ ഈ സൈബർ കേസ് അന്വേഷിച്ച് പ്രതിയെ വലയിലാക്കിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360922/content-highlights-massive-digital-arrest-scam-in-thrissur)