---
title: "സ്ത്രീകൾക്ക് സൗജന്യയാത്ര: കെഎസ്ആർടിസിക്ക് പ്രതിമാസം 112 കോടിയുടെ അധികബാധ്യത വരുമെന്ന് റിപ്പോർട്ട്"
english_title: "content highlights KSRTC will lose Rs 112 crore per month if women travel for free"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360921/content-highlights-ksrtc-will-lose-rs-112-crore-per-month-if-women-travel-for-free"
published_at: "2026-05-22T09:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fd1e532e17_1.jpg"
keywords: ["Latest News", "Ksrtc", "Thiruvananthapuram", "Free Travel"]
---

# സ്ത്രീകൾക്ക് സൗജന്യയാത്ര: കെഎസ്ആർടിസിക്ക് പ്രതിമാസം 112 കോടിയുടെ അധികബാധ്യത വരുമെന്ന് റിപ്പോർട്ട്

> **Lead Summary:** **തിരുവനന്തപുരം:[ **[ ]കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച കൃത്യമായ കണക്കുകൾ കെഎസ്ആർടിസി മാനേജ്മെന്റ് ഗതാഗത സെക്രട്ടറിക്ക് കൈമാറി.

## Article Content

**തിരുവനന്തപുരം:[ **[ ]കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക ബാധ്യത സംബന്ധിച്ച കൃത്യമായ കണക്കുകൾ കെഎസ്ആർടിസി മാനേജ്മെന്റ് ഗതാഗത സെക്രട്ടറിക്ക് കൈമാറി.

ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി പരിമിതപ്പെടുത്തിയാൽ പ്രതിമാസം 57 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുമെന്നാണ് മൂന്ന് മാസത്തെ യാത്രാവിവരങ്ങൾ വിശകലനം ചെയ്തുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

എന്നാൽ, ഓർഡിനറിയോടൊപ്പം സിറ്റി ഫാസ്റ്റ് ബസുകളെക്കൂടി ഉൾപ്പെടുത്തിയാൽ നഷ്ടം 65 കോടിയായും, ഫാസ്റ്റും സൂപ്പർഫാസ്റ്റും അടക്കമുള്ള സർവീസുകളിലേക്ക് വ്യാപിപ്പിച്ചാൽ അത് 90 കോടിയായും ഉയരും.

സംസ്ഥാനത്തെ മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൌജന്യ അനുമതി നൽകുകയാണെങ്കിൽ പ്രതിമാസം 112 കോടി രൂപയുടെ ഭീമമായ നഷ്ടം കെഎസ്ആർടിസിക്ക് നേരിടേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീകളാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നതെന്നാണ് ജൻഡർ ടിക്കറ്റിങ് സംവിധാനത്തിലൂടെ കെഎസ്ആർടിസി ശേഖരിച്ച പ്രാഥമിക കണക്ക്. വരാനിരിക്കുന്ന ജൂൺ 15 മുതൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി സി.പി. ജോൺ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

അയൽസംസ്ഥാനങ്ങളായ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളെ ഒഴിവാക്കിയും, തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമായും സ്ത്രീ സൗജന്യയാത്ര പരിമിതപ്പെടുത്തിയ മാതൃകകൾ കേരളത്തിന്റെ മുന്നിലുണ്ട്.

നിലവിൽ പ്രായപരിധിയോ പ്രത്യേക കാർഡുകളോ ഇല്ലാതെ എല്ലാ സ്ത്രീകൾക്കും ആനുകൂല്യം നൽകാനാണ് ആലോചനയെങ്കിലും, ഇത് ഏതൊക്കെ ബസുകളിൽ ലഭ്യമാക്കണം, മറ്റ് ജില്ലകളിലേക്കുള്ള യാത്രയ്ക്ക് ഇത് ബാധകമാക്കണോ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനമായിട്ടില്ല.

ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ പൂർണ്ണമായും, ഫാസ്റ്റ് പാസഞ്ചറുകളിൽ നിശ്ചിത ദൂരം വരെയും സൗജന്യം നൽകുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്. പദ്ധതിയുടെ സാമ്പത്തിക ബാധ്യതകൾ പൂർണ്ണമായി വിലയിരുത്തിയ ശേഷമാകും സർക്കാർ ഇതിൽ അന്തിമ പ്രഖ്യാപനം നടത്തുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360921/content-highlights-ksrtc-will-lose-rs-112-crore-per-month-if-women-travel-for-free)