---
title: "'സഭയ്ക്കകത്ത് പക്ഷപാതം പാടില്ല, അതിനർത്ഥം രാഷ്ട്രീയാഭിപ്രായം പണയംവച്ച അരാഷ്ട്രീയവാദിയാകണം സ്‌പീക്കർ എന്നല്ല'- തിരുവഞ്ചൂർ രാധാകൃഷ്ണൻ"
english_title: "Content Highlights:-Thiruvanchoor Radhakrishnan On Speaker Election"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360920/content-highlights-thiruvanchoor-radhakrishnan-on-speaker-election"
published_at: "2026-05-22T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fcdb00d116_Thiruvanchoor_Radhakrishnan.jpg"
keywords: ["Latest News", "Kerala Assembly", "Thiruvanchoor Radhakrishnan", "Speaker Election", "Kerala Government", "UDF"]
---

# 'സഭയ്ക്കകത്ത് പക്ഷപാതം പാടില്ല, അതിനർത്ഥം രാഷ്ട്രീയാഭിപ്രായം പണയംവച്ച അരാഷ്ട്രീയവാദിയാകണം സ്‌പീക്കർ എന്നല്ല'- തിരുവഞ്ചൂർ രാധാകൃഷ്ണൻ

> **Lead Summary:** തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർ സ്ഥാനം ഏറ്റെടുക്കുന്നതിൽ വളരെ ഉത്സാഹത്തിലാണെന്നും ഉത്തരവാദിത്ത ബോദ്ധ്യമുണ്ടെന്നും മുൻമന്ത്രിയും സീനിയർ കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

## Article Content

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കർ സ്ഥാനം ഏറ്റെടുക്കുന്നതിൽ വളരെ ഉത്സാഹത്തിലാണെന്നും ഉത്തരവാദിത്ത ബോദ്ധ്യമുണ്ടെന്നും മുൻമന്ത്രിയും സീനിയർ കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

അദ്ദേഹമാണ് യു.ഡി.എഫിന്റെ സ്‌പീക്കർ സ്ഥാനാർത്ഥി. അതിദീർഘ കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നാണ് ഉത്തരവാദിത്തബോദ്ധ്യമുണ്ടായത്. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'സഭയ്ക്കകത്ത് പക്ഷപാതം പാടില്ല. അതിനർത്ഥം രാഷ്ട്രീയ അഭിപ്രായം പണയം വച്ച അരാഷ്ട്രീയവാദിയാകണം സ്‌പീക്കർ എന്നല്ല. എല്ലാ അർത്ഥത്തിലും നീതി ബോധത്തോടെ പെരുമാറണം. നീതിനിഷ്ടമായി മുന്നോട്ടുപോകണം. നിഷ്‌പക്ഷമായി നിലപാടെടുക്കണം. പ്രീതിയോ ഭീതിയോയില്ലാതെ പരിശ്രമം പൂർത്തിയാക്കണം.

മന്ത്രിസ്ഥാനവും സ്‌പീക്കർ സ്ഥാനവും തമ്മിൽ താരതമ്യം ചെയ്യാനാകില്ല. സ്‌പീക്കർ എന്ന ഉത്തരവാദിത്തം എനിക്ക് നിറവേറ്റാൻ കഴിയുമെന്ന് പാർട്ടി കണ്ടെത്തിയതിൽ സന്തോഷമുണ്ട്'- തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

അതേസമയം, കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്നുപേർ മത്സരിക്കുന്നത്. ഇതുവരെ എൽഡിഎഫും യുഡിഎഫും തമ്മിലായിരുന്നു മത്സരമെങ്കിൽ ഇപ്പോൾ ബിജെപി കൂടി വന്നിട്ടുണ്ട്. 102 പേരുടെ പിന്തുണയുമായി വരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെടും.

തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ കസേരയിലേക്ക് അനുഗമിക്കും. എ.സി മൊയ്തീൻ എൽഡിഎഫിൽ നിന്ന് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

മൂന്ന് എംഎൽഎമാരുമായി വരുന്ന ബിജെപിയും മത്സരംഗത്തിറങ്ങി. ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാർ ആണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിയും.

29നാണ് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം. ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. നിലവിൽ നിയമസഭാ സെക്രട്ടറിയേറ്റ് ഇറക്കിയ കലണ്ടറിൽ ബജറ്റ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360920/content-highlights-thiruvanchoor-radhakrishnan-on-speaker-election)