---
title: "മന്ത്രവാദിയുടെ നിധി കഥ...; വീട്ടുകാരെ പറ്റിച്ച് ബാങ്കിൽ നിന്നെടുത്ത സ്വർണ്ണവുമായി മുങ്ങിയ കോഴിക്കോട് സ്വദേശി പൊക്കി കൂത്തുപറമ്പ് പോലീസ് "
english_title: "Content Highlights:- Money and gold ornaments stolen by making people believe there was treasure in the house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360902/content-highlights-money-and-gold-ornaments-stolen-by-making-people-believe-there-was-treasure-in-the-house"
published_at: "2026-05-21T22:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f3ae57ae37_kannur.jpg"
keywords: ["Latest News", "Koothuparamba", "Robbery"]
---

# മന്ത്രവാദിയുടെ നിധി കഥ...; വീട്ടുകാരെ പറ്റിച്ച് ബാങ്കിൽ നിന്നെടുത്ത സ്വർണ്ണവുമായി മുങ്ങിയ കോഴിക്കോട് സ്വദേശി പൊക്കി കൂത്തുപറമ്പ് പോലീസ് 

> **Lead Summary:** **കണ്ണൂർ : ** വീട്ടിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടുകാരെ കബളിപ്പിച്ച് പണവും സ്വർണാഭരണവും തട്ടിയയാളെ പിടികൂടി പൊലീസ്.

## Article Content

**കണ്ണൂർ : ** വീട്ടിൽ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് വീട്ടുകാരെ കബളിപ്പിച്ച് പണവും സ്വർണാഭരണവും തട്ടിയയാളെ പിടികൂടി പൊലീസ്.

കോഴിക്കോട് നിടുംപറമ്പ് സ്വദേശിയായ സെറീന മൻസിലിൽ കെ മുനീറിനെയാണ് പിടികൂടിയത്. തലശേരി മുതിയങ്ങ സ്വദേശിനി അൽ മദീനയിൽ കെ നസീമയാണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്.

വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു മന്ത്രവാദി ഉണ്ടെന്ന് ഒരു സുഹൃത്ത് നസീമ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ മാസം ആറിന് മുനീറിനെ നസീമയുടെ വീട്ടിലെത്തിച്ചു. പല പൂജകളും നടത്തിയ പ്രതി വീട്ടിൽ നിധിയുണ്ടെന്നും എടുത്തു തന്നാൽ നിധിയുടെ കുറച്ച് പങ്ക് വേണമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.

ആദ്യം നസീമയുടെ മൂന്നു സഹോദരങ്ങളിൽ നിന്നായി 70,000 രൂപ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നസീമ കുടുംബത്തിലെ വിവാഹ ആവശ്യത്തിനു സ്വർണം ബാങ്കിൽ നിന്നും എടുക്കുന്നുണ്ടെന്ന് അറിഞ്ഞ പ്രതി നസീമയെ കടയിൽ കാറിൽ എത്തിക്കാം എന്ന പറഞ്ഞ് പിന്നാലെ കൂടുകയായിരുന്നു.

ബാങ്കിൽ നിന്നും തിരിച്ചെത്തിയ പരാതിക്കാരിയെ നിധിയുടെ കാര്യം പറഞ്ഞ് നാളെ തിരിച്ചു നൽകും എന്ന ഉറപ്പിൻ മേൽ കയ്യിലുണ്ടായിരുന്ന മൂന്ന് പവൻ തൂക്കമുള്ള സ്വർണം കൈക്കലാക്കി.

പിന്നീടുള്ള ദിവസങ്ങളിൽ ഫോൺ വിളിച്ചപ്പോൾ ഉടൻ സ്വർണം തിരികെനൽകാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയും തുടർന്ന് ഫോൺ ഓഫാക്കി വെക്കുകയും ചെയ്തു. ഇതോടെയാണ് ചതിയിൽപെട്ടതായി വീട്ടുകാർ തിരിച്ചറിയുന്നത്. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.

കൂത്തുപറമ്പ് സിഐ ബിജു ആൻ്റണിയുടെ നിർദേശത്തെ തുടർന്ന് എസ് ഐ വിപിൻ രാജ്, ഷിനോജ്, സുധീഷ്, ഷൈജു തുടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ കൂട്ടുപ്രതികളും ഇടനിലക്കാരും ഉണ്ടോ എന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360902/content-highlights-money-and-gold-ornaments-stolen-by-making-people-believe-there-was-treasure-in-the-house)