---
title: "പ്രമേഹമുള്ളവർ മാമ്പഴം കണ്ട് പേടിക്കേണ്ട! കഴിക്കേണ്ട കൃത്യമായ അളവും രീതിയും ഇതാ"
english_title: "People with diabetes shouldn't be afraid of mangoes! Here's the exact amount and method to eat them"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360859/people-with-diabetes-shouldnt-be-afraid-of-mangoes-heres-the-exact-amount-and-method-to-eat-them"
published_at: "2026-05-21T16:52:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eeb91d1aad_Heres_the_exact_amount_and_method_to_eat_them.jpg"
keywords: ["Health", "DiabetesTips", "Healthy Eating", "Diabetes Diet", "Mango In Diabetes"]
---

# പ്രമേഹമുള്ളവർ മാമ്പഴം കണ്ട് പേടിക്കേണ്ട! കഴിക്കേണ്ട കൃത്യമായ അളവും രീതിയും ഇതാ

> **Lead Summary:** മാമ്പഴം കാണുമ്പോൾ കഴിക്കാൻ കൊതി തോന്നാത്തവരായി ആരാണുള്ളത്! എന്നാൽ പ്രമേഹരോഗികൾ ഏത് ഭക്ഷണം കഴിക്കാൻ എടുത്താലും ഒന്ന് ആലോചിക്കും; ഇത് വേണോ വേണ്ടയോ എന്ന്. അത്തരത്തിൽ അവർ എപ്പോഴും സംശയത്തോടെ കാണുന്ന ഒരു പഴവർഗ്ഗമാണ് മാമ്പഴം. മാമ്പഴത്തിൽ മധുരം കൂടുതലായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ പ്രമേഹമുള്ളവർ മാമ്പഴം തീർത്തും ഒഴിവാക്കേണ്ടതുണ്ടോ? ഇല്ല എന്നാണ് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നത്. പ്രമേഹരോഗികൾക്കും കൃത്യമായ അളവിൽ മാമ്പഴം കഴിക്കാവുന്നതാണ്.

## Article Content

മാമ്പഴം കാണുമ്പോൾ കഴിക്കാൻ കൊതി തോന്നാത്തവരായി ആരാണുള്ളത്! എന്നാൽ പ്രമേഹരോഗികൾ ഏത് ഭക്ഷണം കഴിക്കാൻ എടുത്താലും ഒന്ന് ആലോചിക്കും; ഇത് വേണോ വേണ്ടയോ എന്ന്. അത്തരത്തിൽ അവർ എപ്പോഴും സംശയത്തോടെ കാണുന്ന ഒരു പഴവർഗ്ഗമാണ് മാമ്പഴം. മാമ്പഴത്തിൽ മധുരം കൂടുതലായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ പ്രമേഹമുള്ളവർ മാമ്പഴം തീർത്തും ഒഴിവാക്കേണ്ടതുണ്ടോ? ഇല്ല എന്നാണ് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നത്. പ്രമേഹരോഗികൾക്കും കൃത്യമായ അളവിൽ മാമ്പഴം കഴിക്കാവുന്നതാണ്.

**പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ?**

പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കുന്നതിൽ തെറ്റില്ല. മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര ഉണ്ടെങ്കിലും, അതിൽ വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ (Fiber) എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്‌സ് (GI) 51 മുതൽ 60 വരെയാണ്. ഇത് മിതമായ അളവിലുള്ള ജി.ഐ നിരക്കായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ, ശരിയായ അളവിൽ കഴിച്ചാൽ ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കില്ല.

**എങ്ങനെ, എത്ര അളവിൽ കഴിക്കാം?**

പ്രമേഹമുള്ളവർക്ക് ഒരു ദിവസം 80 മുതൽ 100 ഗ്രാം വരെ മാമ്പഴം കഴിക്കാം. എന്നാൽ ഇത് അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാമ്പഴം കഴിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ഓർമ്മയിൽ വെക്കുക:

ജ്യൂസ് ഒഴിവാക്കുക: മാമ്പഴം ജ്യൂസാക്കി കുടിക്കരുത്. ജ്യൂസ് അടിക്കുമ്പോൾ അതിലെ നാരുകൾ നഷ്ടപ്പെടാനും ശരീരത്തിൽ പഞ്ചസാരയുടെ അളവ് വേഗത്തിൽ കൂടാനും സാധ്യതയുണ്ട്.

അമിതമായി പഴുത്തവ വേണ്ട: നന്നായി പഴുത്തു തുടുത്ത മാമ്പഴത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. അതിനാൽ അമിതമായി പഴുത്ത മാമ്പഴം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

അളവ് പരിമിതപ്പെടുത്തുക: ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചെറിയ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക.

കഴിക്കേണ്ട സമയം: പ്രഭാതഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ ഉച്ചഭക്ഷണത്തിന് ശേഷമോ മാമ്പഴം കഴിക്കാം. ഈ സമയങ്ങളിൽ ശരീരം സജീവമായിരിക്കുന്നതിനാൽ പഞ്ചസാര നിയന്ത്രിക്കാൻ എളുപ്പമാണ്. എന്നാൽ രാത്രിയിലോ വെറുംവയറ്റിലോ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരാൻ കാരണമാകും.

മറ്റ് ഭക്ഷണങ്ങൾക്കൊപ്പം കഴിക്കാം: മാമ്പഴം നേരിട്ട് കഴിക്കുന്നതിന് പകരം പ്രോട്ടീനോ നാരുകളോ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് ശരീരത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കാൻ സഹായിക്കും.

ഒരു ഹെൽത്തി ടിപ്പ്: മാമ്പഴത്തോടൊപ്പം കുറച്ച് ബദാം അല്ലെങ്കിൽ വാൾനട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. ഓട്സ്, ചിയ സീഡ്സ്, ഗ്രീക്ക് യോഗർട്ട് അല്ലെങ്കിൽ പനീർ എന്നിവയ്‌ക്കൊപ്പവും ചെറിയ അളവിൽ മാമ്പഴം ചേർത്ത് കഴിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360859/people-with-diabetes-shouldnt-be-afraid-of-mangoes-heres-the-exact-amount-and-method-to-eat-them)