---
title: "ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങൾ തകർത്തു, പിക്കാസ് കൊണ്ട് വധിക്കാൻ ശ്രമം"
english_title: "content highlights Massive robbery at Chalad Dharmashasta Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360857/content-highlights-massive-robbery-at-chalad-dharmashasta-temple"
published_at: "2026-05-21T16:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eeb5bcb5fb_27.jpg"
keywords: ["Latest News", "Kannur", "Robbery"]
---

# ചാലാട് ധർമശാസ്താ ക്ഷേത്രത്തിൽ വൻ കവർച്ച; സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ഭണ്ഡാരങ്ങൾ തകർത്തു, പിക്കാസ് കൊണ്ട് വധിക്കാൻ ശ്രമം

> **Lead Summary:** **കണ്ണൂർ: [ **ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട ശേഷം ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത് വൻ കവർച്ച. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

## Article Content

**കണ്ണൂർ: [ **ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട ശേഷം ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും തകർത്ത് വൻ കവർച്ച. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

കവർച്ച തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ പിക്കാസ് ഉപയോഗിച്ച് മോഷ്ടാവ് വധിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഭണ്ഡാരങ്ങളിൽ നിന്നും വഴിപാട് കൗണ്ടറിൽ നിന്നുമായി ഏകദേശം 20,000 രൂപയോളം നഷ്ടപ്പെട്ടതായി കാണിച്ച് ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ക്ഷേത്രത്തിന്റെ മുൻവശത്തെ പ്രധാന ഗേറ്റ് തകർത്ത് അകത്തുകയറിയ മോഷ്ടാവ്, ആദ്യം സുരക്ഷാ ജീവനക്കാരനായ വൈഷ്ണവ് ഉണ്ടായിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയിടുകയായിരുന്നു.

തുടർന്ന് കയ്യിലുണ്ടായിരുന്ന പിക്കാസ് ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്തു കയറുകയും മേശവലിപ്പ് കുത്തിത്തുറന്ന് പണം കവരുകയും ചെയ്തു. ഇതിനുശേഷം ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തുവെങ്കിലും പണം എടുക്കാൻ സാധിച്ചില്ല.

തുടർന്ന് ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ മറ്റൊരു ഭണ്ഡാരവും തകർത്താണ് മോഷ്ടാവ് പണം കവർന്നത്. പിൻവശത്തുള്ള ഭണ്ഡാരം തകർക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് മുറിയുടെ വാതിൽ തള്ളിത്തുറന്ന് പുറത്തെത്തുകയും മോഷ്ടാവുമായി ധീരമായി ഏറ്റുമുട്ടുകയുമായിരുന്നു.

പിക്കാസ് കാട്ടി തന്നെ കൊല്ലാൻ മോഷ്ടാവ് ശ്രമിച്ചതായി വൈഷ്ണവ് പറഞ്ഞു. ഏറെ നേരം നീണ്ട മൽപ്പിടുത്തത്തിനൊടുവിൽ സുരക്ഷാ ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

കവർച്ചയുടെയും ഏറ്റുമുട്ടലിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മോഷ്ടാവിന്റെ രണ്ട് ടോർച്ചുകൾ കണ്ടെടുത്തു. ടൗൺ പോലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360857/content-highlights-massive-robbery-at-chalad-dharmashasta-temple)