---
title: "ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി; വന്ദേമാതരത്തിലെ ആറ് വരികളും പാടണമെന്ന് ബംഗാൾ സർക്കാർ ഉത്തരവ്"
english_title: "'Vande Mataram' made mandatory in madrasas in Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360854/vande-mataram-made-mandatory-in-madrasas-in-bengal"
published_at: "2026-05-21T16:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee928c5e8d_26.jpg"
keywords: ["Latest News", "Bangal", "Vande Mataram"]
---

# ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി; വന്ദേമാതരത്തിലെ ആറ് വരികളും പാടണമെന്ന് ബംഗാൾ സർക്കാർ ഉത്തരവ്

> **Lead Summary:** **കൊൽക്കത്ത: [** പശ്ചിമ ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ ഉത്തരവിറക്കി.

## Article Content

**കൊൽക്കത്ത: [** പശ്ചിമ ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ ഉത്തരവിറക്കി.

സ്കൂളുകളിലെ പ്രഭാത അസംബ്ലിയിൽ ദേശീയഗീതം നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി ഒരാഴ്ച തികയും മുൻപാണ് ന്യൂനപക്ഷകാര്യ മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്കും പുതിയ നിർദേശം നൽകിയിരിക്കുന്നത്.

വകുപ്പിന് കീഴിൽ വരുന്ന എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ഇനി മുതൽ ക്ലാസുകൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് വന്ദേമാതരം ആലപിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

ദേശീയഗാനത്തിന് തുല്യമായ പദവി വന്ദേമാതരത്തിന് നൽകാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് ബംഗാൾ സർക്കാരിന്റെ ഈ വേഗതയേറിയ നടപടി. ഗാനത്തിന്റെ ആറ് വരികളും നിർബന്ധമായും പാടണമെന്ന വ്യവസ്ഥ ഇതിനകം തന്നെ രാഷ്ട്രീയ-വിദ്യാഭ്യാസ രംഗങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ നടപ്പിലാക്കിയ അതേ മാനദണ്ഡങ്ങൾ തന്നെയാണ് മദ്രസകളിലും പിന്തുടരുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്.

ഇതിനുപിന്നാലെ പശ്ചിമ ബംഗാളിന് പുറമെ കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വന്ദേമാതരവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ തർക്കങ്ങൾ ഉടലെടുത്തിരുന്നു.

കേരളത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ ഇടതുപക്ഷ പാർട്ടികൾ രംഗത്തുവന്നതും, തമിഴ്നാട്ടിൽ മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കെതിരെ സമാനമായ രീതിയിൽ വിമർശനങ്ങൾ ഉയർന്നതും ഇതിന്റെ ഭാഗമായിരുന്നു.

മദ്രസകളിലേക്ക് കൂടി നിയമം വ്യാപിപ്പിച്ചതോടെ ബംഗാളിൽ വരും ദിവസങ്ങളിലും രാഷ്ട്രീയ പോര് ശക്തമാകുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360854/vande-mataram-made-mandatory-in-madrasas-in-bengal)