---
title: "‘പപ്പാ, അങ്ങ് സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമാക്കും’; രാജീവ് ഗാന്ധിയുടെ ഓർമ്മകളിൽ വികാരാധീനനായി രാഹുൽ ഗാന്ധി, വീർ ഭൂമിയിൽ പുഷ്പാർച്ചന നടത്തി"
english_title: "content highlights Rahul Gandhi gets emotional over Rajiv Gandhi's memories"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360853/content-highlights-rahul-gandhi-gets-emotional-over-rajiv-gandhis-memories"
published_at: "2026-05-21T16:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee78592fe3_255.jpg"
keywords: ["Latest News", "Rajiv Gandhi", "Death Anniversary", "Rahul Gandhi"]
---

# ‘പപ്പാ, അങ്ങ് സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമാക്കും’; രാജീവ് ഗാന്ധിയുടെ ഓർമ്മകളിൽ വികാരാധീനനായി രാഹുൽ ഗാന്ധി, വീർ ഭൂമിയിൽ പുഷ്പാർച്ചന നടത്തി

> **Lead Summary:** **ന്യൂഡൽഹി:[ **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35–ാം ചരമവാർഷികത്തിൽ വൈകാരികമായ ഓർമ്മക്കുറിപ്പും കുട്ടിക്കാലത്തെ ചിത്രവും പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

## Article Content

**ന്യൂഡൽഹി:[ **മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35–ാം ചരമവാർഷികത്തിൽ വൈകാരികമായ ഓർമ്മക്കുറിപ്പും കുട്ടിക്കാലത്തെ ചിത്രവും പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

> "പപ്പാ, അങ്ങ് സ്വപ്നം കണ്ട നൈപുണ്യവും സമൃദ്ധിയും ശക്തവുമായ ഇന്ത്യ യാഥാർഥ്യമാക്കാനുള്ള ഉത്തരവാദിത്വം ഞാൻ പൂർണ്ണമായി നിറവേറ്റും. അങ്ങയുടെ ഉപദേശങ്ങളും മൂല്യങ്ങളും ഓർമ്മകളും എപ്പോഴും എന്നോടൊപ്പം ഉണ്ടാകും" എന്ന് രാഹുൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

> പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അർപ്പിച്ചു. "മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിജിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ" എന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

രാവിലെ ഡൽഹിയിലെ രാജീവ് ഗാന്ധി സ്മാരകമായ വീർ ഭൂമിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെത്തി പുഷ്പാഞ്ജലി അർപ്പിച്ചു.

പ്രിയങ്കയുടെ മക്കളായ മിറായ, റൈഹാൻ വദ്ര എന്നിവരും മുതിർന്ന കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്‌ലോത്, പി. ചിദംബരം, ഭൂപീന്ദർ സിങ് ഹൂഡ, മുകുൾ വാസ്നിക് തുടങ്ങിയവരും വീർ ഭൂമിയിൽ ആദരവ് അർപ്പിക്കാൻ എത്തിയിരുന്നു.

രാജ്യത്തുടനീളം വിപുലമായ രീതിയിലാണ് കോൺഗ്രസ് നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചത്. രാജീവ് ഗാന്ധിയെ ‘ഇന്ത്യയുടെ ശ്രദ്ധേയനായ പുത്രൻ’ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വോട്ടവകാശ പ്രായം 18 ആയി കുറച്ചതും പഞ്ചായത്തീരാജ് ശക്തമാക്കിയതും ടെലികോം-ഐടി വിപ്ലവത്തിന് അടിത്തറയിട്ടതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്ന് അനുസ്മരിച്ചു.

21–ാം നൂറ്റാണ്ടിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിന് അടിത്തറ പാകിയത് രാജീവ് ഗാന്ധിയുടെ ദർശനങ്ങളാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ഇന്ത്യൻ യുവത്വത്തിന് പ്രതീക്ഷയുടെ പ്രതീകമായിരുന്നു രാജീവ് ഗാന്ധിയെന്നും രാജ്യത്തിനായി വലിയ ത്യാഗമാണ് ആ കുടുംബം ചെയ്തതെന്നും ഭൂപീന്ദർ സിങ് ഹൂഡ മാധ്യമങ്ങളോട് പറഞ്ഞു.

1984 ഒക്ടോബറിൽ ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടർന്ന്, 40–ാം വയസ്സിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റ രാജീവ് ഗാന്ധി 1989 ഡിസംബർ വരെയാണ് ഭരണം നടത്തിയത്.

പിന്നീട് 1991 മേയ് 21-ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് തിരഞ്ഞെടുപ്പ് റാലിക്കിടെ എൽ.ടി.ടി.ഇ നടത്തിയ ചാവേർ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360853/content-highlights-rahul-gandhi-gets-emotional-over-rajiv-gandhis-memories)