---
title: "സോഷ്യൽ മീഡിയയിൽ തരംഗമായ 'കോക്രോച്ച് ജനതാ പാർട്ടി'; പരിഹാസത്തിനപ്പുറം ശക്തമായ രാഷ്ട്രീയ പ്രതിഷേധവുമായി യുവതലമുറ"
english_title: "'Cockroach Janata Party' goes viral on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360844/cockroach-janata-party-goes-viral-on-social-media"
published_at: "2026-05-21T16:15:00+05:30"
category: "Talks & Topics"
language: "ml"
image: "https://truevisionnews.com/image-uploads/6a0ee2a690ef2_TRYGDERTYHRTY.jpg"
keywords: ["Latest News", "'Cockroach Janata Party'", "social media", "Viral"]
---

# സോഷ്യൽ മീഡിയയിൽ തരംഗമായ 'കോക്രോച്ച് ജനതാ പാർട്ടി'; പരിഹാസത്തിനപ്പുറം ശക്തമായ രാഷ്ട്രീയ പ്രതിഷേധവുമായി യുവതലമുറ

> **Lead Summary:** **[**സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശത്തിനെതിരെ ഇൻസ്റ്റാഗ്രാമിൽ രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) രാജ്യത്തെ യുവജനങ്ങൾക്കിടയിൽ വൻ തരംഗമായിക്കൊണ്ടിരിക്കുകയാണ് .

## Article Content

**[**സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശത്തിനെതിരെ ഇൻസ്റ്റാഗ്രാമിൽ രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) രാജ്യത്തെ യുവജനങ്ങൾക്കിടയിൽ വൻ തരംഗമായിക്കൊണ്ടിരിക്കുകയാണ് .

തൊഴിലില്ലാത്തവർ, കുഴിമടിയന്മാർ, മടിച്ചികൾ, 12 മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ എന്നിവരാണ് പാർട്ടിയിലെ അംഗങ്ങളാവാനുള്ള യോഗ്യതകൾ എന്ന ആക്ഷേപഹാസ്യ ചുവയുള്ള പ്രഖ്യാപനത്തോടെയാണ് ഈ കൂട്ടായ്മ രംഗപ്രവേശം ചെയ്തത്. വെറും 24 മണിക്കൂറിനുള്ളിൽ മില്യൺ കണക്കിന്ന് ഫോളോവേഴ്‌സിനെയാണ് പാർട്ടി സ്വന്തമാക്കിയത് , തങ്ങളുടേത് വെറുമൊരു തമാശയല്ലെന്നും കൃത്യമായ രാഷ്ട്രീയ പ്രതിഷേധമാണെന്നും ഇതിനകം തെളിയിച്ചുകഴിഞ്ഞു.

മേയ് 15-ന് ഒരു കോടതി നടപടിക്കിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് ഈ പ്രതിഷേധത്തിന് ആധാരം. തൊഴിലില്ലാത്ത യുവാക്കൾ 'പാറ്റകളെപ്പോലെ' സോഷ്യൽ മീഡിയ ആർ.ടി.ഐ ആക്ടിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കുകയാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് ചീഫ് ജസ്റ്റിസിന് പിന്നീട് വിശദീകരണം പോലും നൽകേണ്ടി വന്നു. ഈ 'പാറ്റ' പ്രയോഗത്തോടുള്ള യുവതയുടെ ശക്തമായ പ്രതികരണമായാണ് ഇൻസ്റ്റാഗ്രാമിൽ ഈ അക്കൗണ്ട് ആരംഭിച്ചത്. സ്വയം 'സെക്യുലർ സോഷ്യൽ ഡെമോക്രാറ്റ് പയ്യന്മാർ' എന്ന് വിശേഷിപ്പിക്കുന്ന ഇവർ, മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമായി ഒരു വെബ്‌സൈറ്റും ഇപ്പോൾ ലോഞ്ച് ചെയ്തിട്ടുണ്ട്.

മുൻപ് ആം ആദ്മി പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയ കാമ്പെയ്നുകൾ നയിച്ചിട്ടുള്ള അഭിജിത് ടി. കെ എന്ന യുവാവാണ് ഈ പ്രസ്ഥാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

അധികാരത്തിൽ എത്തിയാൽ വിരമിക്കുന്ന ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് നൽകുന്നത് ഒഴിവാക്കും, കൂറുമാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തേക്ക് വിലക്കേർപ്പെടുത്തും, വോട്ടുകളിൽ അട്ടിമറി നടത്തിയാൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ യു.എ.പി.എ ചുമത്തും, പാർലമെന്റ് അംഗസംഖ്യ വർദ്ധിപ്പിക്കാതെ തന്നെ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തും തുടങ്ങിയ വിപ്ലവകരമായ വാഗ്ദാനങ്ങളാണ് പാർട്ടിയുടെ മാനിഫെസ്റ്റോയിലുള്ളത്. വെറും സൈബർ പ്രതിഷേധങ്ങളിൽ ഒതുങ്ങാതെ, പാറ്റയുടെ മുഖംമൂടി ധരിച്ച് യമുനാ നദി വൃത്തിയാക്കുന്നതുൾപ്പെടെയുള്ള സാമൂഹിക പ്രവർത്തനങ്ങളിലും ഈ യുവാക്കൾ സജീവമാണ്. തങ്ങളുടെ ആദ്യത്തെ 'വെർച്വൽ ജെൻസി കൺവെൻഷൻ' നടത്താനുള്ള ഒരുക്കത്തിലാണ് ഈ നവതലമുറ കൂട്ടായ്മ ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360844/cockroach-janata-party-goes-viral-on-social-media)