---
title: "കടുത്ത ചൂടിന് ആശ്വാസം; വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ഇടിമിന്നലോടെ വേനൽമഴയ്ക്ക് സാധ്യത"
english_title: "Content Highlights:- Relief from the scorching heat; Low pressure forms in northwest India, possibility of summer rains with thunderstorms"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360827/content-highlights-relief-from-the-scorching-heat-low-pressure-forms-in-northwest-india-possibility-of-summer-rains-with-thunderstorms"
published_at: "2026-05-21T15:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ed64b73765_Relief_from_the_scorching_heat.jpg"
keywords: ["Latest News", "North India Rain", "IMD Weather Update"]
---

# കടുത്ത ചൂടിന് ആശ്വാസം; വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ന്യൂനമർദ്ദം രൂപപ്പെട്ടു, ഇടിമിന്നലോടെ വേനൽമഴയ്ക്ക് സാധ്യത

> **Lead Summary:** ദില്ലി: **[** കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിലേക്ക് ഉടൻ മഴയെത്തുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മഴയുടെ സൂചനയുമായി ന്യൂനമർദ്ദവും അന്തരീക്ഷ വ്യതിയാനവും രൂപം കൊള്ളുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നു. രാജ്യം ഏറെ നാളായി കാത്തിരിക്കുന്ന വേനൽമഴയ്ക്ക് ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

## Article Content

ദില്ലി: **[** കടുത്ത ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിലേക്ക് ഉടൻ മഴയെത്തുമെന്ന് കാലാവസ്ഥാ പ്രവചനം. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മഴയുടെ സൂചനയുമായി ന്യൂനമർദ്ദവും അന്തരീക്ഷ വ്യതിയാനവും രൂപം കൊള്ളുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നു. രാജ്യം ഏറെ നാളായി കാത്തിരിക്കുന്ന വേനൽമഴയ്ക്ക് ഇത് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

ഇൻസാറ്റ് 3ഡിഎസ് (INSAT-3DS) കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിട്ടുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസം കിഴക്കോട്ട് ഹിമാലയൻ മേഖലയിലേക്കും വടക്കൻ സമതലങ്ങളിലേക്കും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കുപടിഞ്ഞാറൻ-മധ്യ ഇന്ത്യ കടുത്ത ചൂടിന്റെ പിടിയിലാണ്. ഡൽഹി, രാജസ്ഥാൻ, ഹരിയാണ, ഉത്തർപ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ പകൽ താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് രേഖപ്പെടുത്തിയത്. ഇതിലും അപകടകരമായ അവസ്ഥയാണ് രാത്രികാലങ്ങളിൽ നിലനിൽക്കുന്നത്. പുതിയ കാലാവസ്ഥാ വ്യതിയാനം കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ.

രാത്രിയിലും അന്തരീക്ഷ താപനില ഒട്ടും കുറയാതെ ഉയർന്ന നിലയിൽ തന്നെ തുടരുന്നതുകൊണ്ട് സൂര്യാസ്തമയത്തിന് ശേഷവും ജനങ്ങൾക്ക് ചൂടിൽ നിന്ന് യാതൊരുവിധ ആശ്വാസവും ലഭിക്കുന്നില്ല. കടുത്ത ചൂടുള്ള രാത്രികൾ മനുഷ്യശരീരത്തിന് തണുക്കാനുള്ള സമയം നൽകാത്തതിനാൽ ആരോഗ്യത്തിന് അതീവ ഹാനികരമാണെന്ന് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

പുതിയ ന്യൂനമർദ്ദത്തിന്റെ വരവോടെ അറേബ്യൻ കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വൻതോതിൽ ഈർപ്പമുള്ള വായു രാജ്യത്തേക്ക് പ്രവേശിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ഈ ഈർപ്പം വടക്കൻ മേഖലയിലെ ഉയർന്ന ചൂടുമായി സമ്പർക്കത്തിൽ വരുന്നതോടെ ശക്തമായ ഇടിമിന്നലിനും കാറ്റിനും പരക്കെ മഴയ്ക്കും കാരണമായേക്കും. നിലവിൽ ഏറ്റവും ശക്തമായ മേഘരൂപീകരണം വടക്കൻ പാകിസ്ഥാനിലും ജമ്മു കശ്മീരിലുമാണ് ദൃശ്യമാകുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലും പ്രീ മൺസൂൺ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള അന്തരീക്ഷം സജീവമായിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ അനുസരിച്ച് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ നല്ല രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ മഴയുടെ കൃത്യമായ തീവ്രത എത്രത്തോളമായിരിക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. ഇതിനൊപ്പം ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.

ഈ മഴ വടക്കേ ഇന്ത്യയിലെ കടുത്ത ഉഷ്ണതരംഗത്തെ പൂർണ്ണമായും ഇല്ലാതാക്കില്ലെങ്കിലും, വായു തണുപ്പിക്കുന്നതിലൂടെ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കാൻ സഹായിക്കും. പ്രത്യേകിച്ചും ജനങ്ങളെ വലയ്ക്കുന്ന കടുത്ത രാത്രികാല താപനില കുറയ്ക്കാൻ ഇത് കാരണമാകും. ഇതിനുപുറമേ, അറേബ്യൻ കടലിലും തെക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷത്തിന് മുന്നോടിയായുള്ള അന്തരീക്ഷ അനുകൂല സാഹചര്യങ്ങൾ ഒരുങ്ങി വരുന്നതായും സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്ന സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360827/content-highlights-relief-from-the-scorching-heat-low-pressure-forms-in-northwest-india-possibility-of-summer-rains-with-thunderstorms)