---
title: "'പഠിപ്പിക്കുന്നതിനിടയിൽ 'സ്ക്രോളിങ്' വേണ്ട'; ക്ലാസ് മുറിയിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്; കാസർഗോഡ് ജില്ലയിൽ പുതിയ ഉത്തരവ് "
english_title: "Content Highlights:-School teachers banned from using mobile phones during working hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360758/content-highlights-school-teachers-banned-from-using-mobile-phones-during-working-hours"
published_at: "2026-05-21T11:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ea03b15466_mobile.jpg"
keywords: ["Mobile Phone", "Teachers", "Banned Mobile", "Kasargod", "Latest News"]
---

# 'പഠിപ്പിക്കുന്നതിനിടയിൽ 'സ്ക്രോളിങ്' വേണ്ട'; ക്ലാസ് മുറിയിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്; കാസർഗോഡ് ജില്ലയിൽ പുതിയ ഉത്തരവ് 

> **Lead Summary:** **കാസർഗോഡ്: **സ്‌കൂൾ അധ്യാപകർ ജോലിസമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും സാമൂഹികമാധ്യമങ്ങളിൽ ഇടപെടുന്നതിനും വിലക്ക്.

## Article Content

**കാസർഗോഡ്: **സ്‌കൂൾ അധ്യാപകർ ജോലിസമയത്ത് ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും സാമൂഹികമാധ്യമങ്ങളിൽ ഇടപെടുന്നതിനും വിലക്ക്.

കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ജോലിസമയത്തെ മൊബൈൽ ഫോൺ ഉപയോഗം വിലക്കി ഉത്തരവിറക്കിയത്. സ്‌കൂളിലായിരിക്കുമ്പോൾ അധ്യാപകർ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്നും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഇടപെടുന്നില്ലെന്നും പ്രഥമാധ്യാപകർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

അധ്യാപകർ ജോലിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപവത്കരണത്തെയും സാരമായി ബാധിക്കുന്നതായും ഒട്ടേറെ പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

ഔദ്യോഗിക ആവശ്യങ്ങൾ ഇല്ലെങ്കിൽ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകരുത്. വിദ്യാഭ്യാസ ഓഫീസറുടെ സ്‌കൂൾ സന്ദർശനവേളയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.

അധ്യാപകർ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സാമൂഹികമാധ്യമങ്ങളിൽ ഇടപെടുന്നതും വിവാദമായിരുന്നു. സ്‌കൂളിൽ റീൽസ് ചിത്രീകരിക്കുന്നതിനെതിരെയും വിമർശമയുർന്നിരുന്നു.

മുഖ്യമന്ത്രി വി.ഡി.സതീശനെതിരേ വിദ്വേഷമുയർത്തുന്ന വാചകങ്ങളുമായി സാമൂഹികമാധ്യമങ്ങളിൽ ജില്ലയിലെ രണ്ട് അധ്യാപകർ പ്രതികരിച്ചതും വിവാദമായിരുന്നു. തൃക്കരിപ്പൂർ പഞ്ചായത്തിലെ രണ്ട് എയ്ഡഡ് സ്‌കൂളുകളിലെ അധ്യപകർക്കെതിരെയാണ് പോലീസിൽ പരാതി വന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360758/content-highlights-school-teachers-banned-from-using-mobile-phones-during-working-hours)