---
title: "ആലിംഗന വിവാദം;'അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാർ, ദുരുദ്ദേശ്യമില്ല' വിജയലഹരിയിൽ സംഭവിച്ചതെന്ന് ചെറിയാൻ ഫിലിപ്പ്"
english_title: "Content Highlights:-Happened in the joy of victory': Cherian Philip clarifies on hugging controversy "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360725/content-highlights-happened-in-the-joy-of-victory-cherian-philip-clarifies-on-hugging-controversy"
published_at: "2026-05-21T10:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e8c522b5f7_rtyrty.jpg"
keywords: ["Latest News", "hugging", "controversy", "Cherian Philip", "Bindhu Krishna", "Shanimol Usman"]
---

# ആലിംഗന വിവാദം;'അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാർ, ദുരുദ്ദേശ്യമില്ല' വിജയലഹരിയിൽ സംഭവിച്ചതെന്ന് ചെറിയാൻ ഫിലിപ്പ്

> **Lead Summary:** തിരുവനന്തപുരം: **[** ഇന്ദിരാ ഭവനിലെ തിരഞ്ഞെടുപ്പ് വിജയ ആഘോഷങ്ങൾക്കിടെ മഹിളാ കോൺഗ്രസ് നേതാക്കളെ ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

## Article Content

തിരുവനന്തപുരം: **[** ഇന്ദിരാ ഭവനിലെ തിരഞ്ഞെടുപ്പ് വിജയ ആഘോഷങ്ങൾക്കിടെ മഹിളാ കോൺഗ്രസ് നേതാക്കളെ ആലിംഗനം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

വിജയലഹരിയിൽ പരിസരബോധം മറന്നാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ വച്ച് സഹപ്രവർത്തകരെ സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്നും, ഇതിൽ തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം സദയം പൊറുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

തന്റെ പെരുമാറ്റത്തിൽ യാതൊരുവിധ ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ആലിംഗനം ചെയ്യപ്പെട്ട നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പിതൃതുല്യമായ  സ്നേഹപ്രകടനമാണ് ചെറിയാൻ ഫിലിപ്പ് നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡന്റ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

ചെറിയാൻ ഫിലിപ്പിന്റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും പറഞ്ഞു.  ഇത് തികച്ചും സ്വാഭാവികമായ ഒരു പ്രവൃത്തി മാത്രമാണെന്നാണ് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചത്.

വർഷങ്ങളായി പരിചയമുള്ള അവരെല്ലാം തന്റെ കുഞ്ഞനുജത്തിമാരാണെന്നും, ഇന്ന് ഇന്ദിരാ ഭവനിൽ വച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇവരോടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

> "അര നൂറ്റാണ്ടിന് മുൻപ് രാഷ്ട്രീയ പീഡനത്തിനിരയായതിനെ തുടർന്ന് എന്റെ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റിരുന്നു. ക്രമേണ അരയ്ക്ക് താഴെയുള്ള നാഡി വ്യവസ്ഥ തകരുകയും കാലുകളിലെ പേശികൾ ശോഷിക്കുകയും ചെയ്തു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഞാൻ ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്.

> ഒറ്റയ്ക്കായി സന്യാസതുല്യമായ ജീവിതം നയിക്കുന്ന എന്നെ ചില സാമൂഹിക മാധ്യമങ്ങൾ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് എനിക്ക് സാന്ത്വനമരുളിയ എല്ലാ അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു." - ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360725/content-highlights-happened-in-the-joy-of-victory-cherian-philip-clarifies-on-hugging-controversy)