---
title: "അക്ഷരം തെറ്റാതെ വിളിക്കാം 'രാജ്യദ്രോഹി'; പാക്കിസ്ഥാൻ പൗരത്വവും വൻ തുകയും വാഗ്ദാനം, ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തിയ കൊൽക്കത്ത സ്വദേശി പിടിയിൽ "
english_title: "CONTENT HIGHLIGHTS Kolkata native arrested for leaking India's secrets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360720/content-highlights-kolkata-native-arrested-for-leaking-indias-secrets"
published_at: "2026-05-21T09:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e882852337_4.jpg"
keywords: ["Latest News", "Kolkata", "Treason", "Arrest"]
---

# അക്ഷരം തെറ്റാതെ വിളിക്കാം 'രാജ്യദ്രോഹി'; പാക്കിസ്ഥാൻ പൗരത്വവും വൻ തുകയും വാഗ്ദാനം, ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തിയ കൊൽക്കത്ത സ്വദേശി പിടിയിൽ 

> **Lead Summary:** **കൊൽക്കത്ത: [** വൻ തുകയും പാക്കിസ്ഥാൻ പൗരത്വവും പ്രതിഫലമായി വാഗ്ദാനം ചെയ്തതിനെ തുടർന്ന് രാജ്യത്തിന്റെ അതിപ്രധാനമായ രഹസ്യവിവരങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി നൽകിയ കൊൽക്കത്ത സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു.

## Article Content

**കൊൽക്കത്ത: [** വൻ തുകയും പാക്കിസ്ഥാൻ പൗരത്വവും പ്രതിഫലമായി വാഗ്ദാനം ചെയ്തതിനെ തുടർന്ന് രാജ്യത്തിന്റെ അതിപ്രധാനമായ രഹസ്യവിവരങ്ങൾ പാക് രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തി നൽകിയ കൊൽക്കത്ത സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു.

കൊൽക്കത്ത സ്വദേശിയായ സഫർ റിയാസ് (റിസ്‌വി) ആണ് പിടിയിലായത്. എൻ.ഐ.എ തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന ഈ അറസ്റ്റ് വിവരം പുറത്തുവിട്ടത്.

ഭാരതീയ ന്യായ സംഹിത, ഒഫിഷ്യൽ സീക്രട്ട്സ് ആക്ട്, യു.എ.പി.എ തുടങ്ങിയ കടുത്ത നിയമങ്ങൾ പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്ത്യക്കെതിരായ ഭീകരവാദ ഗൂഢാലോചനയുടെ ഭാഗമായി ഇയാൾ രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവരഹസ്യമായ വിവരങ്ങൾ പാക് ഉദ്യോഗസ്ഥർക്ക് നിരന്തരമായി കൈമാറിയിരുന്നുവെന്ന് എൻ.ഐ.എ വ്യക്തമാക്കി.

പ്രതിക്കെതിരെ നേരത്തെ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കോടതി മുഖേന ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് എൻ.ഐ.എ സംഘം സഫർ റിയാസിനെ വലയിലാക്കിയത്.

എൻ.ഐ.എ നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതി ഒരു പാക്കിസ്ഥാൻ സ്വദേശിനിയെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് 2005 മുതൽ ഇയാൾ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു.

ഇത്തരമൊരു പാക് സന്ദർശനത്തിനിടെയാണ് അവിടുത്തെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ സഫറിനെ സമീപിക്കുന്നതും ചാരപ്രവർത്തനത്തിന്റെ വലയിലേക്ക് വീഴ്ത്തുന്നതും. വൻ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാമെന്നും ഒപ്പം പാക്കിസ്ഥാൻ പൗരത്വം നൽകാമെന്നുമുള്ള ഉറപ്പിലാണ് ഇയാൾ ഇന്ത്യക്കെതിരായ ചാരപ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നതെന്ന് എൻ.ഐ.എ പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360720/content-highlights-kolkata-native-arrested-for-leaking-indias-secrets)