---
title: "മനസ്താപമോ പേടിയോ! കോവളത്ത് ചെണ്ടമേള സംഘത്തെയും ഗർഭിണിയടക്കമുള്ളവരെയും ആക്രമിച്ച സംഭവം; രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി"
english_title: "content highlights The suspects who attacked the Chendamela gang surrendered."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360713/content-highlights-The-suspects-who-attacked-the-Chendamela-gang-surrendered"
published_at: "2026-05-21T09:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e8344cf0c8_2.jpg"
keywords: ["Latest News", "Thiruvanandapuram", "Surrendered"]
---

# മനസ്താപമോ പേടിയോ! കോവളത്ത് ചെണ്ടമേള സംഘത്തെയും ഗർഭിണിയടക്കമുള്ളവരെയും ആക്രമിച്ച സംഭവം; രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി

> **Lead Summary:** **തിരുവനന്തപുരം: [** തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ ചെണ്ടമേള സംഘത്തെ കോവളത്തിന് സമീപം വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി.

## Article Content

**തിരുവനന്തപുരം: [** തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ ചെണ്ടമേള സംഘത്തെ കോവളത്തിന് സമീപം വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി.

ചെറുകോണം സ്വദേശി ടവർ വിഷ്‌ണു എന്ന വിഷ്ണു (24), വെള്ളാർ സ്വദേശി അനികുട്ടൻ (35) എന്നിവരാണ് നെയ്യാറ്റിൻകര കോടതിയിലെത്തി കീഴടങ്ങിയത്. സംഭവത്തിലെ നാലാം പ്രതിയും കോവളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ തിരുവല്ലം സ്വദേശി ജിത്തു ലാലിനെ (33) കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

കേസിൽ ഇനി പിടിയിലാവാനുള്ള കാടഅപ്പു എന്ന പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ കോവളം കെ.എസ് റോഡ് ചെറുകോണത്തായിരുന്നു നാടിനെ നടുക്കിയ അക്രമ സംഭവം നടന്നത്.

ചെണ്ടമേളത്തിന് പോകാനായി സ്ത്രീകളടക്കമുള്ള സംഘം വാഹനത്തിൽ കയറുന്നതിനിടെ പ്രതികളെത്തി വാക്കേറ്റമുണ്ടാക്കുകയും പിന്നാലെ മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു.

അക്രമത്തിൽ ചാവടിനട സ്വദേശികളായ അശ്വിൻ, വൈഷ്‌ണവ്, വെങ്ങാനൂർ സ്വദേശി പങ്കജൻ, അദ്ദേഹത്തിന്റെ മക്കളായ അനീഷ്, രാജേഷ്, ബന്ധു അഭിലാഷ് എന്നിവരുൾപ്പെടെ ആറുപേർക്ക് വെട്ടേറ്റു.

തടയാൻ ശ്രമിച്ച പങ്കജന്റെ ഭാര്യ സിന്ധുവിനും രാജേഷിന്റെ ഗർഭിണിയായ ഭാര്യ അനിലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടെ സംഘത്തിലെ രണ്ടുപേരുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360713/content-highlights-The-suspects-who-attacked-the-Chendamela-gang-surrendered)