---
title: "ക്രൂരതയുടെ അങ്ങേയറ്റം; ഭാര്യയെ കെട്ടിയിട്ട് കത്തികൊണ്ട് വരഞ്ഞു, കാമുകിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം; വണ്ടൂർ സ്വദേശി പിടിയിൽ"
english_title: "content highlights Sexual assault on girlfriend's minor daughter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360711/content-highlights-sexual-assault-on-girlfriends-minor-daughter"
published_at: "2026-05-21T09:15:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a0e808ef0ba8_1.jpg"
keywords: ["Latest News", "Sexual Assault", "Arrest", "Nilambur", "Malappuram"]
---

# ക്രൂരതയുടെ അങ്ങേയറ്റം; ഭാര്യയെ കെട്ടിയിട്ട് കത്തികൊണ്ട് വരഞ്ഞു, കാമുകിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം; വണ്ടൂർ സ്വദേശി പിടിയിൽ

> **Lead Summary:** **നിലമ്പൂർ: [ **അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ കാമുകിയുടെ വാടക ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും, കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസുകളിൽ യുവാവ് അറസ്റ്റിലായി.

## Article Content

**നിലമ്പൂർ: [ **അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ കാമുകിയുടെ വാടക ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും, കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസുകളിൽ യുവാവ് അറസ്റ്റിലായി.

വണ്ടൂർ വടക്കേകര തുള്ളിശ്ശേരി സ്വദേശി ഷാഹുൽ ഹമീദിനെയാണ് (40) കാളികാവ്, പൂക്കോട്ടുംപാടം പൊലീസുകാർ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാർച്ച് 16-നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടക്കുന്നത്.

ഷാഹുലിന്റെ അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ, രണ്ടാം പ്രതിയായ കാമുകി താമസിക്കുന്ന പുറ്റമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

കൈകാലുകൾ ബന്ധിച്ച്, വായിൽ തുണിതിരുകി മർദിച്ച ശേഷം പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് യുവതിയുടെ ശരീരത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. പിറ്റേന്ന് അപകടത്തിൽ പരിക്കേറ്റതാണെന്ന് വ്യാജമായി പറഞ്ഞ് ആശുപത്രിയിൽ കാണിച്ച് വീട്ടിലാക്കുകയായിരുന്നു.

തുടർന്ന് മാർച്ച് 23-ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാളികാവ് പൊലീസ് ഷാഹുലിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ഇതിനു പിന്നാലെയാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള അടുത്ത കേസ് രജിസ്റ്റർ ചെയ്യുന്നത്.

മൂന്ന് പെൺകുട്ടികളുടെ അമ്മയായ രണ്ടാം പ്രതിയുടെ ഒരു മകളെ ഷാഹുൽ ജനുവരിയിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി കുട്ടികളുടെ പിതാവ് മെയ് 7-ന് ചൈൽഡ്‌ലൈനിലും ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിരുന്നു.

തുടർന്ന് കുട്ടികളുടെ സംരക്ഷണം ചൈൽഡ്‌ലൈൻ ഏറ്റെടുക്കുകയും, പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് മജിസ്ട്രേട്ടിന് മുൻപാകെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഈ കേസിൽ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് തെളിവെടുപ്പിന് ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു.

വണ്ടൂർ പാലമഠം, വാണിയമ്പലം, നിലമ്പൂർ ചന്തക്കുന്ന് എന്നിവിടങ്ങളിൽ ടെക്‌സ്റ്റൈൽ ഷോപ്പ് നടത്തിയിരുന്ന ഷാഹുലിനെതിരെ ഗുരുതരമായ മറ്റ് ആരോപണങ്ങളും ഭാര്യ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലുണ്ട്. വിവാഹസമ്മാനമായി ലഭിച്ച 28.5 പവന്റെ സ്വർണാഭരണങ്ങളും വീട്ടുകാർ നൽകിയ 2.8 ലക്ഷം രൂപയും ഷാഹുലിൽ നിന്ന് വീണ്ടെടുത്തു നൽകണമെന്നാണ് ആവശ്യം. കൂടാതെ പ്രതിക്ക് ലഹരിസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും, പൊലീസ് യൂണിഫോം ധരിച്ച് ഇയാൾ ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. ഇതിന് തെളിവായി യൂണിഫോം ധരിച്ചുനിൽക്കുന്ന ചിത്രങ്ങളും ഭാര്യ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി നിലമ്പൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360711/content-highlights-sexual-assault-on-girlfriends-minor-daughter)