---
title: "'വിജയ് പറയണം, ഇല്ലെങ്കിൽ തീക്കൊളുത്തും!'; കൊണ്ടോട്ടിയിൽ ഗ്യാസ് സിലിണ്ടറുമായി വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി"
english_title: "Content Highlights:-A young man threatened to commit suicide by climbing onto the roof of a house with a gas cylinder in Kondotti"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360709/content-highlights-a-young-man-threatened-to-commit-suicide-by-climbing-onto-the-roof-of-a-house-with-a-gas-cylinder-in-kondotti"
published_at: "2026-05-21T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e7e3881b96_A_young_man_threatened_to_commit_suicide_by_climbing_onto_the_roof_of_a_house_with_a_gas_cylinder_in_Kondotti.jpg"
keywords: ["Latest News", "Kondotty Suicide Threat", "Vijay Fan", "Malappuram"]
---

# 'വിജയ് പറയണം, ഇല്ലെങ്കിൽ തീക്കൊളുത്തും!'; കൊണ്ടോട്ടിയിൽ ഗ്യാസ് സിലിണ്ടറുമായി വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

> **Lead Summary:** മലപ്പുറം : ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്നാരോപിച്ച് വീടിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് നാട്ടുകാരെയും പൊലീസിനെയും മണിക്കൂറുകളോളം മുൾമുനയിലാക്കി. കൊണ്ടോട്ടി പള്ളിക്കൽ അങ്കപ്പറമ്പിൽ ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

## Article Content

മലപ്പുറം : ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്നാരോപിച്ച് വീടിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് നാട്ടുകാരെയും പൊലീസിനെയും മണിക്കൂറുകളോളം മുൾമുനയിലാക്കി. കൊണ്ടോട്ടി പള്ളിക്കൽ അങ്കപ്പറമ്പിൽ ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

താൻ താമസിക്കുന്ന വീടിന്റെ മുകളിൽ ഗ്യാസ് സിലിണ്ടറും ലൈറ്ററുമായി കയറിയ യുവാവ്, ഗ്യാസ് കത്തിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്കിടെ കൈയിൽ ബ്ലേഡ് ഉപയോഗിച്ച് തലങ്ങും വിലങ്ങും കോറി ഇയാൾ മുറിവേൽപ്പിക്കുകയും ചെയ്തു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്നും, തന്റെ ആരാധനാപാത്രമായ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടാൽ മാത്രമേ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിയൂ എന്നുമാണ് യുവാവ് വിളിച്ചുപറഞ്ഞത്.

അനുനയിപ്പിക്കാനുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും ശ്രമങ്ങൾക്ക് ഇയാൾ വഴങ്ങിയില്ല. തേഞ്ഞിപ്പലം പൊലീസും മീഞ്ചന്തയിൽനിന്നുള്ള ഫയർ സ്റ്റേഷനിലെ ഓഫീസർമാരും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിക്കുവാൻ നിരന്തര ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ അയൽവാസികളായ രണ്ടുപേരുമായി സംസാരിക്കാൻ യുവാവ് തയ്യാറായി.

വീട്ടിൽനിന്നും മാറിത്താമസിക്കുന്ന പിതാവിൽനിന്നും ലഭിക്കാനുള്ള പണം കിട്ടിയാൽ ആത്മഹത്യാശ്രമം ഉപേക്ഷിക്കാമെന്ന് അവരെ അറിയിച്ചു. പിതാവിന്റെ കൈവശം അത്രയും തുകയില്ലാതിരുന്നതിനാൽ യുവാവ് പറഞ്ഞ പണം തൽക്കാലം നൽകാൻ മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്തയാൾ തയ്യാറായി. ഇതോടെ ഇയാൾ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് അമ്മാവനൊപ്പം ആശുപത്രിയിലേക്ക് പോയി. അമ്മയോടൊപ്പമാണ് യുവാവ് താമസിക്കുന്നത്. ബിടെക് ബിരുദധാരിയായ ഇയാൾ അവിവാഹിതനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360709/content-highlights-a-young-man-threatened-to-commit-suicide-by-climbing-onto-the-roof-of-a-house-with-a-gas-cylinder-in-kondotti)