---
title: "പിണറായി വിജയൻ എത്തുമോ...? എംഎൽഎമാരുടെ സത്യപ്രതിജ്ഞ നിയന്ത്രിക്കുന്ന പ്രോടെം സ്പീക്കറായി മുൻ സിപിഎം നേതാവ്; പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം  "
english_title: "Content Highlights:-16th Kerala Legislative Assembly MLA To Take Oath In Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360692/Content-Highlights-16th-kerala-legislative-assembly-mla-to-take-oath-in-today"
published_at: "2026-05-21T06:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0e57efd39c7_niyamasabha.jpg"
keywords: ["Latest News", "VD Satheesan", "Niyamasabha", "Oath Ceremony", "Kerala Government", "Pro Term Speaker", "G Sudhakaran"]
---

# പിണറായി വിജയൻ എത്തുമോ...? എംഎൽഎമാരുടെ സത്യപ്രതിജ്ഞ നിയന്ത്രിക്കുന്ന പ്രോടെം സ്പീക്കറായി മുൻ സിപിഎം നേതാവ്; പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം  

> **Lead Summary:** തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് ആരംഭിക്കാനിരിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത് സഭയിലെ അപൂർവ്വമായ ഒരു രാഷ്ട്രീയ ചിത്രത്തിലേക്കാണ്.

## Article Content

തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് ആരംഭിക്കാനിരിക്കെ, രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത് സഭയിലെ അപൂർവ്വമായ ഒരു രാഷ്ട്രീയ ചിത്രത്തിലേക്കാണ്.

പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നിയന്ത്രിക്കുന്ന പ്രോടെം സ്പീക്കറായി യുഡിഎഫ് നിശ്ചയിച്ചിരിക്കുന്നത് അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരനെയാണ്. സഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന മുതിർന്ന അംഗമെന്ന പരിഗണനയിലാണ് ഈ മുൻ സിപിഎം നേതാവിന് ചുമതല.

എന്നാൽ, സുധാകരന് മുന്നിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.

മുൻകാല രാഷ്ട്രീയ പശ്ചാത്തലങ്ങൾ കണക്കിലെടുത്ത്, ജി. സുധാകരൻ നിയന്ത്രിക്കുന്ന സഭയിൽ അദ്ദേഹത്തിന് മുന്നിലേക്ക് പിണറായി വിജയൻ സത്യപ്രതിജ്ഞയ്ക്കായി എത്തുമോ അതോ ആദ്യദിനം മാറിനിൽക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്. ജൂൺ ഒന്നുമുതൽ മൂന്നു വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും. അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് പതിനാറാം നിയമസഭയുടെ ആദ്യ എംഎൽഎയായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശനും ചടങ്ങിൽ പങ്കെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360692/Content-Highlights-16th-kerala-legislative-assembly-mla-to-take-oath-in-today)