---
title: "ഉത്തർപ്രദേശിൽ നാഷണൽ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണ അപകടം; നാല് മദ്രസ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം"
english_title: "Content Highlights:- Four madrasa students killed in car-truck collision on National Highway in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360656/content-highlights-four-madrasa-students-killed-in-car-truck-collision-on-national-highway-in-uttar-pradesh"
published_at: "2026-05-20T17:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0da86fc4522_Four_madrasa_students_killed_in_car-truck_collision_on_National_Highway_in_Uttar_Pradesh.jpg"
keywords: ["Latest News", "Uttar Pradesh Amroha Car Accident"]
---

# ഉത്തർപ്രദേശിൽ നാഷണൽ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ദാരുണ അപകടം; നാല് മദ്രസ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **ലഖ്നൗ:[ **ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ നാഷണൽ ഹൈവേയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ നാല് പേർ മരിച്ചു. കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

## Article Content

**ലഖ്നൗ:[ **ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ നാഷണൽ ഹൈവേയിലുണ്ടായ ദാരുണമായ റോഡപകടത്തിൽ നാല് പേർ മരിച്ചു. കാറും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഗജ്‌റൗള പോലീസ് സ്റ്റേഷൻ പരിധിയിലെ ഖയാലിപൂർ ധാലിലുള്ള നയാര പെട്രോൾ പമ്പിന് സമീപം പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ശക്തമായ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നുപോയി. റാംപൂർ സ്വദേശിയായ കാർ ഡ്രൈവർ മുഹമ്മദ് സൽമാൻ, പശ്ചിമ ബംഗാളിലെ മാൽഡ ജില്ലക്കാരായ യാത്രക്കാരായ നസീം, ഹാരിസ്, മഷൂഖ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടത്തിൽപ്പെട്ടത് വാരണാസിയിലെ മദ്രസ വിദ്യാർഥികളാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ബറേലി സന്ദർശിച്ച ഇവർ വ്യത്യസ്ത വാഹനങ്ങളിലായി ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ എത്തി അവിടെ നിന്ന് വാരണാസിയിലേക്കുള്ള ട്രെയിനിൽ കയറാനിരിക്കെയായിരുന്നു അപകടം നടന്നത്. രണ്ട് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായും മറ്റ് രണ്ട് പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

പരിക്കേറ്റ പശ്ചിമ ബംഗാൾ മാൽഡ സ്വദേശികളായ സുന്നത്ത്, ഹസ്‌നൈൻ എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി ഉയർന്ന മെഡിക്കൽ സെന്ററിലേക്ക് മാറ്റി. ഇരുവരുടെയും നില ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. കാർ അമിത വേ​ഗതയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണം വിട്ട് കാർ ട്രക്കിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360656/content-highlights-four-madrasa-students-killed-in-car-truck-collision-on-national-highway-in-uttar-pradesh)