---
title: "കണ്ണീരണിഞ്ഞ് നെയ്മർ! മൂന്ന് വർഷത്തിന് ശേഷം ലോകകപ്പ് ടീമിലേക്ക് തിരിച്ചുവരവ്"
english_title: "Content Highlights:-Neymar returns to World Cup squad after three years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360655/neymar-returns-to-world-cup-squad-after-three-years"
published_at: "2026-05-20T17:52:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0da8528aaaa_SRGERG.jpg"
keywords: ["Sports", "Brazil", "Neymar", "World Cup", "Football"]
---

# കണ്ണീരണിഞ്ഞ് നെയ്മർ! മൂന്ന് വർഷത്തിന് ശേഷം ലോകകപ്പ് ടീമിലേക്ക് തിരിച്ചുവരവ്

> **Lead Summary:** സാന്റോസ്:**[**സാംബാ ചുവടുകളുടെ പ്രതാപകാലത്തിലേക്ക് ബ്രസീലിനെ തിരികെ കൊണ്ടുപോകാൻ 'സുൽത്താൻ' വീണ്ടുമെത്തുന്നു. 2026 ഫിഫ ലോകകപ്പിനുള്ള ബ്രസീൽ സ്‌ക്വാഡിൽ നെയ്മർ ജൂനിയർ ഇടംപിടിച്ചതോടെ വലിയ ആവേശത്തിലാണ് ഫുട്ബോൾ ലോകം. ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ശേഷമുള്ള നെയ്മറിന്റെ ഈ തിരിച്ചുവരവ് ഫുട്ബോൾ ആരാധകരെയും ഏറെ വികാരഭരിതരാക്കിയിരിക്കുകയാണ്.

## Article Content

സാന്റോസ്:**[**സാംബാ ചുവടുകളുടെ പ്രതാപകാലത്തിലേക്ക് ബ്രസീലിനെ തിരികെ കൊണ്ടുപോകാൻ 'സുൽത്താൻ' വീണ്ടുമെത്തുന്നു. 2026 ഫിഫ ലോകകപ്പിനുള്ള ബ്രസീൽ സ്‌ക്വാഡിൽ നെയ്മർ ജൂനിയർ ഇടംപിടിച്ചതോടെ വലിയ ആവേശത്തിലാണ് ഫുട്ബോൾ ലോകം. ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ശേഷമുള്ള നെയ്മറിന്റെ ഈ തിരിച്ചുവരവ് ഫുട്ബോൾ ആരാധകരെയും ഏറെ വികാരഭരിതരാക്കിയിരിക്കുകയാണ്.

ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമ്പോൾ സ്വന്തം ബംഗ്ലാവിൽ കുടുംബത്തോടൊപ്പം ഇരിക്കുകയായിരുന്നു നെയ്മർ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള പ്രഖ്യാപനമായതിനാൽ വലിയ സമ്മർദ്ദവും ആകാംക്ഷയും താരത്തിന്റെ മുഖത്ത് പ്രകടമായിരുന്നു.

തൊട്ടരികെ പങ്കാളി ബ്രൂണ ബിയാൻകാർഡിയും ഉണ്ടായിരുന്നു. ഒടുവിൽ ആഞ്ചലോട്ടി സൂപ്പർതാരത്തിന്റെ പേര് പ്രഖ്യാപിച്ചതോടെ വീട്ടിൽ ആഹ്ലാദത്തിമിർപ്പായി. സന്തോഷം അടക്കാനാവാതെ കണ്ണീരണിഞ്ഞ നെയ്മർ, തന്റെ അച്ഛനെയും ഉറ്റസുഹൃത്ത് റഫീഞ്ഞയെയും കെട്ടിപ്പിടിച്ചാണ് ഈ നിമിഷം പങ്കിട്ടത്. നെയ്മർ ടീം പ്രഖ്യാപനം കാണുന്ന ഈ വികാരനിർഭരമായ വീഡിയോ ഇതിനകം 20 കോടിയോളം പേരാണ് കണ്ടുകഴിഞ്ഞത്.

2023 ഒക്ടോബറിൽ ഉറുഗ്വേയ്ക്കെതിരായ മത്സരത്തിനിടെയേറ്റ ഗുരുതര പരിക്കാണ് നെയ്മറെ ബ്രസീൽ ടീമിൽ നിന്ന് പുറത്താക്കിയത്. തുടർന്നുണ്ടായ പരിക്കുകളും വിവാദങ്ങളും താരത്തിന് കരിയറിൽ വലിയ തിരിച്ചടിയായി. കാർലോ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം താരം പലപ്പോഴും അവഗണിക്കപ്പെട്ടിരുന്നു.

എന്നാൽ ഒടുവിൽ തന്റെ തന്ത്രങ്ങളിൽ സൂപ്പർതാരത്തിന് മികച്ചൊരു സ്ഥാനം നൽകാൻ ഇറ്റാലിയൻ കോച്ച് തീരുമാനിക്കുകയായിരുന്നു.

ബ്രസീലിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള 34-കാരനായ നെയ്മറാണ് ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ. മുൻപ് കളിച്ച മൂന്ന് ലോകകപ്പുകളിലെ (2014, 2018, 2022) 13 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. 24 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകിരീടം ബ്രസീലിൽ തിരികെ എത്തിക്കുമെന്ന ഉറച്ച വാഗ്ദാനവുമായാണ് നെയ്മർ ഇത്തവണ മഞ്ഞപ്പടയ്ക്കൊപ്പം ബൂട്ടു കെട്ടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360655/neymar-returns-to-world-cup-squad-after-three-years)