---
title: "വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് ഊന്നൽ, സിനിമയും സ്റ്റേജ് ഷോകളും ഒഴിവാക്കും, എം.എൽ.എ ഓഫിസ് ഉടൻ തുറക്കുമെന്ന് രമേഷ് പിഷാരടി"
english_title: "Content Highlights:- MLA Office Will Open Soon Ramesh Pisharody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360654/content-highlights-mla-office-will-open-soon-ramesh-pisharody"
published_at: "2026-05-20T17:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0da784c7300_RAMESH_PISHARODY.jpg"
keywords: ["Latest News", "Ramesh Pisharody", "MLA Office", "Palakkad", "UDF"]
---

# വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് ഊന്നൽ, സിനിമയും സ്റ്റേജ് ഷോകളും ഒഴിവാക്കും, എം.എൽ.എ ഓഫിസ് ഉടൻ തുറക്കുമെന്ന് രമേഷ് പിഷാരടി

> **Lead Summary:** പാലക്കാട്: പാലക്കാടിന്റെ പ്രതിനിധി എന്ന നിലയിൽ പൂർണമായും ജനങ്ങൾക്ക് സേവനം ഉറപ്പാക്കുമെന്നും എം.എൽ.എ ഓഫിസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും രമേഷ് പിഷാരടി. ഇക്കാലയളവിലെ എല്ലാ സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും പൂർണമായി ഒഴിവാക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള വികസന പദ്ധതികൾക്കാണ് മണ്ഡലത്തിൽ തുടക്കമിടുക.

## Article Content

പാലക്കാട്: പാലക്കാടിന്റെ പ്രതിനിധി എന്ന നിലയിൽ പൂർണമായും ജനങ്ങൾക്ക് സേവനം ഉറപ്പാക്കുമെന്നും എം.എൽ.എ ഓഫിസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും രമേഷ് പിഷാരടി. ഇക്കാലയളവിലെ എല്ലാ സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും പൂർണമായി ഒഴിവാക്കാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള വികസന പദ്ധതികൾക്കാണ് മണ്ഡലത്തിൽ തുടക്കമിടുക.

പാലക്കാട് ഗവ. മെഡിക്കൽ കോളജ് സുസജ്ജമാക്കുന്നതിനൊപ്പം ജില്ല ആശുപത്രിയുടെ നിർമാണപ്രവൃത്തികൾ ഉടൻ പൂർത്തിയാക്കുമെന്നും രമേഷ് പിഷാരടി പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നിന്നുള്ള മന്ത്രി കെ.എ. തുളസിയുടെ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കർഷകർ ഉന്നയിച്ച പ്രധാന പരാതിയായ നെല്ലുസംഭരണ വിഷയത്തിന് ശാശ്വത പരിഹാരം കാണും. നെല്ലുസംഭരണത്തിനായി ബജറ്റിൽ തന്നെ തുക വകയിരുത്തുന്നതിനുള്ള നടപടികൾക്ക് മുൻകൈ എടുക്കും. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും നടത്തുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓഡിറ്റോറിയങ്ങൾ പൂർത്തിയാക്കും.

മികച്ച ആശയങ്ങളുള്ള ചെറുപ്പക്കാരെ ഉയർത്തിക്കൊണ്ടുവരാൻ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ തലത്തിലും മറ്റ് സംവിധാനങ്ങൾ വഴിയും ആവശ്യമായ മൂലധന സമാഹരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളും പട്ടണവും സമന്വയിക്കുന്ന പാലക്കാട് മണ്ഡലത്തെ ഒരു 'സിറ്റി ഹബ്ബ്' എന്ന രീതിയിൽ നഗരാസൂത്രണം ചെയ്യുമെന്നും, എല്ലാ വിഭാഗം ജനങ്ങൾക്കും അനുയോജ്യമായ ഒരു മഹാനഗരമായി പാലക്കാടിനെ മാറ്റിയെടുക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. നഗരവികസനത്തിന്റെ ഗുണഫലങ്ങൾ ഗ്രാമങ്ങളിലേക്കും തിരിച്ചും ഉറപ്പുവരുത്തുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360654/content-highlights-mla-office-will-open-soon-ramesh-pisharody)