---
title: "വന്ദേമാതരം വിവാദം;മുഹമ്മദ് റിയാസിനെ 'രണ്ടാം ജിന്ന' എന്ന് വിളിച്ച് ബിജെപി, ശരീരം കത്തിച്ചാലും നിലപാടിൽ മാറ്റമില്ലെന്ന് റിയാസ്"
english_title: "Content Highlights:-Vande Mataram Controversy: BJP calls Mohamed Riyas 'Second Jinnah'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360650/content-highlights-vande-mataram-controversy-bjp-calls-mohamed-riyas-second-jinnah"
published_at: "2026-05-20T17:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0da3b1a715d_rfdsgvsderg.jpg"
keywords: ["Politics", "Vande Mataram", "Controversy", "Mohamed Riyas", "BJP"]
---

# വന്ദേമാതരം വിവാദം;മുഹമ്മദ് റിയാസിനെ 'രണ്ടാം ജിന്ന' എന്ന് വിളിച്ച് ബിജെപി, ശരീരം കത്തിച്ചാലും നിലപാടിൽ മാറ്റമില്ലെന്ന് റിയാസ്

> **Lead Summary:** തിരുവനന്തപുരം: **[**വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ 'മുഹമ്മദലി ജിന്ന'യോട് ഉപമിച്ച് ബിജെപി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവാണ് റിയാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

## Article Content

തിരുവനന്തപുരം: **[**വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ 'മുഹമ്മദലി ജിന്ന'യോട് ഉപമിച്ച് ബിജെപി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവാണ് റിയാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി പാടിയതിനെതിരെ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട് ബിജെപി റിയാസിന്റെ കോലം കത്തിച്ചു. ഈ പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് ബാബു 'റിയാസ് രണ്ടാം മുഹമ്മദലി ജിന്നയോ' എന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

സംഭവത്തിൽ ശക്തമായ പ്രതികരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തി. മതനിരപേക്ഷ നിലപാട് ഉയർത്തിയതിനാണ് താൻ വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടുന്നതെന്നും, കോലമല്ല സ്വന്തം ശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്ക് പുറമേ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷതയ്ക്ക് എതിരാണ്. വി.ഡി. സതീശൻ നടത്തിയ വാർത്താസമ്മേളനത്തോടെ തങ്ങൾ ഉയർത്തിയ നിലപാട് ശരിയാണെന്ന് വ്യക്തമായി.

 യഥാർത്ഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന നിലപാടാണ് താൻ ഉയർത്തിയത്. തങ്ങളുടെ വിമർശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെയും സ്ഥിരീകരിക്കപ്പെട്ടു.

വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് ഇതിൽ വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സർക്കാർ എന്ന നിലയിൽ അതിപ്പോൾ താൻ കൂടുതൽ ഉന്നയിക്കുന്നില്ല. മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമയാണ് താൻ നിർവഹിച്ചത്. അതിന് ബിജെപിയുടെ നേതൃത്വത്തിൽ ഒട്ടേറെ അധിക്ഷേപങ്ങളും കോലം കത്തിക്കലുകളും നേരിടേണ്ടി വന്നതായും റിയാസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360650/content-highlights-vande-mataram-controversy-bjp-calls-mohamed-riyas-second-jinnah)