---
title: "ഡൽഹിയിൽ നടുറോഡിൽ ബൈക്ക് തടഞ്ഞുനിർത്തി വെടിവെച്ചു; ജാഫ്രാബാദ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം"
english_title: " Content Highlights:- A young man from Jaffrabad met a tragic end after being stopped on a bike in the middle of a road in Delhi and shot at"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360648/content-highlights-A-young-man-from-Jaffrabad-met-a-tragic-end-after-being-stopped-on-a-bike-in-the-middle-of-a-road-in-Delhi-and-shot-at"
published_at: "2026-05-20T17:23:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0da4b5a3fef_A_young_man_DEATH.jpg"
keywords: ["Latest News", "Amanullah Qureshi Delhi shot dead", "Delhi crime"]
---

# ഡൽഹിയിൽ നടുറോഡിൽ ബൈക്ക് തടഞ്ഞുനിർത്തി വെടിവെച്ചു; ജാഫ്രാബാദ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ഡൽഹിയിൽ വീണ്ടുമൊരു ക്രൂരമായ കൊലപാതകം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വെൽക്കം ഏരിയയിലുള്ള കേശവ് ചൗക്കിൽ 22 വയസുകാരനായ യുവാവിനെ ഒരുകൂട്ടം സായുധസംഘം വെടിവെച്ചുകൊന്നു. ജാഫ്രാബാദ് സ്വദേശിയായ അമാനുള്ള ഖുറേഷി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

## Article Content

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ഡൽഹിയിൽ വീണ്ടുമൊരു ക്രൂരമായ കൊലപാതകം. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ വെൽക്കം ഏരിയയിലുള്ള കേശവ് ചൗക്കിൽ 22 വയസുകാരനായ യുവാവിനെ ഒരുകൂട്ടം സായുധസംഘം വെടിവെച്ചുകൊന്നു. ജാഫ്രാബാദ് സ്വദേശിയായ അമാനുള്ള ഖുറേഷി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ആളുകൾ നോക്കിനിൽക്കെ, കോളേജിന് സമീപത്തുവെച്ചായിരുന്നു സംഭവം. പൊലീസ് നൽകുന്ന വിവരമനുസരിച്ച്, അമാനുള്ള ഖുറേഷി തന്റെ ബൈക്കിൽ കേശവ് ചൗക്ക് വഴി പോവുകയായിരുന്നു. ഒരു പ്രമുഖ കോളേജിന് സമീപത്തെത്തിയപ്പോൾ, കാത്തുനിന്ന അക്രമിസംഘം ഇയാളുടെ ബൈക്ക് തടഞ്ഞുനിർത്തി. തുടർന്ന് ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും, പെട്ടെന്ന് തന്നെ അക്രമികൾ കൈയ്യിൽ കരുതിയിരുന്ന തോക്കുകളെടുത്ത് അമാനുള്ളയ്ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു.

യുവാവിന്റെ ശരീരത്തിലേക്ക് നിരവധി തവണയാണ് അക്രമികൾ വെടിവെച്ചത്. ചോര വാർന്ന് റോഡിൽ വീണ അമാനുള്ളയെ അവിടെ ഉപേക്ഷിച്ച് പ്രതികൾ സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു. വെടിവെപ്പിന്റെ ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിക്കൂടുകയും ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു.

പൊലീസ് സംഭവസ്ഥലത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ, ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി. പ്രദേശത്തുനിന്ന് വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന തെളിവുകൾ ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്.

കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട അമാനുള്ളയും അക്രമിസംഘവും തമ്മിൽ നേരത്തെയുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360648/content-highlights-A-young-man-from-Jaffrabad-met-a-tragic-end-after-being-stopped-on-a-bike-in-the-middle-of-a-road-in-Delhi-and-shot-at)