---
title: "ആ രക്തം പുരണ്ട ടവ്വല്‍ എവിടെ? എലി കൊണ്ടുപോയത്രെ...! തലശ്ശേരി ഫസല്‍ വധക്കേസിലെ നിർണായക തൊണ്ടിമുതല്‍ കോടതിയില്‍ നിന്ന് കാണാതായി"
english_title: " Content Highlights:-The Crucial Piece Of Evidence In The Thalassery Fasal murder Case Has Gone Missing From The Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360644/content-highlights-the-crucial-piece-of-evidence-in-the-thalassery-fasal-murder-ccase-has-gone-missing-from-the-court"
published_at: "2026-05-20T17:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d9f4615bec_FASAL_MURDER_CASE.jpg"
keywords: ["Latest News", "Fasal murder Case", "Evidence Missing", "Special CBI court Kochi", "Thalassery"]
---

# ആ രക്തം പുരണ്ട ടവ്വല്‍ എവിടെ? എലി കൊണ്ടുപോയത്രെ...! തലശ്ശേരി ഫസല്‍ വധക്കേസിലെ നിർണായക തൊണ്ടിമുതല്‍ കോടതിയില്‍ നിന്ന് കാണാതായി

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** )** നിർണായക തെളിവ് എലി കൊണ്ടുപോയത് തലശ്ശേരി ഫസൽ വധക്കേസിൽതിരിച്ചടിയാകില്ലെന്ന് സിബിഐ. ഇന്നലെ വാദത്തിനിടെയാണ് എറണാകുളം സി.ജെ.എം കോടതിയിൽ സൂക്ഷിച്ചിരുന്ന രക്തംപുരണ്ട തൂവാല എലി കൊണ്ടുപോയതായി വ്യക്തമായത്. ഫൊറൻസിക് റിപ്പോർട്ട് തെളിവായി കോടതി അംഗീകരിച്ചതിനാൽ തൂവാല നഷ്ടപ്പെട്ടത് പ്രശ്നമല്ലെന്നാണ് സിബിഐ നിലപാട്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** )** നിർണായക തെളിവ് എലി കൊണ്ടുപോയത് തലശ്ശേരി ഫസൽ വധക്കേസിൽതിരിച്ചടിയാകില്ലെന്ന് സിബിഐ. ഇന്നലെ വാദത്തിനിടെയാണ് എറണാകുളം സി.ജെ.എം കോടതിയിൽ സൂക്ഷിച്ചിരുന്ന രക്തംപുരണ്ട തൂവാല എലി കൊണ്ടുപോയതായി വ്യക്തമായത്. ഫൊറൻസിക് റിപ്പോർട്ട് തെളിവായി കോടതി അംഗീകരിച്ചതിനാൽ തൂവാല നഷ്ടപ്പെട്ടത് പ്രശ്നമല്ലെന്നാണ് സിബിഐ നിലപാട്.

തലശ്ശേരി ഫസൽ വധക്കേസിലെ നിർണായക തെളിവാണ് രക്തംപുരണ്ട തൂവാല. ധർമ്മടം - അണ്ടല്ലൂർ ഭാഗത്ത് ആർഎസ്എസ് പ്രവർത്തകരുടെ വീടിനു സമീപത്തെ റോഡിൽ നിന്നാണ് തൂവാല ലഭിച്ചത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർഎസ്എസ് പ്രവർത്തകരിലേക്ക് എത്തിക്കാനായി ഗൂഡാലോചന നടത്തിയതിന്റെ നിർണായക തെളിവാണ് രക്തംപുരണ്ട തൂവാല എന്നാണ് സിബിഐ വാദം.

ഇതിനായി കേസിലെ പ്രതികൾ തൂവാല ഇവിടെ കൊണ്ട് ഇടുകയായിരുന്നുവെന്നും സിബിഐ വാദിച്ചിരുന്നു. മെയ് 12ന് ഹർജി പരിഗണിക്കവെ തൊണ്ടിമുതലായ ഈ തൂവാല ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എറണാകുളം സി.ജെ.എം കോടതിയിൽ സൂക്ഷിച്ചിരുന്ന തൂവാലയടങ്ങിയ സീൽ വച്ച കവർ കോടതിയിലെത്തിച്ചു.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇത് തുറന്നു നോക്കിയപ്പോഴാണ്, തൂവാല അതിൽ ഇല്ലെന്ന് വ്യക്തമായത്. തൂവാല സൂക്ഷിച്ചിരുന്ന ബ്രൗൺ കവറിനു മുകളിൽ തൂവാല കാണുന്നില്ല, എലി കരണ്ട് കൊണ്ടുപോയി എന്ന് എഴുതിവച്ചിട്ടുണ്ട്. ഇക്കാര്യം കോടതി രേഖപ്പെടുത്തി. ഗൂഢാലോചന കേസ് അട്ടിമറിക്കാൻ തൂവാല ആസൂത്രിതമായി എടുത്ത് മാറ്റിയതാണെന്നാണ് സിബിഐ വാദം.

തൂവാലയിൽ ഉണ്ടായിരുന്നത് ഫസലിന്റെ രക്തമാണെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഈ റിപ്പോർട്ട് കോടതി അംഗീകരിച്ച സാഹചര്യത്തിൽ തൂവാല കാണാതായത് വിചാരണയെ ബാധിക്കില്ല എന്നാണ് സിബിഐ നിലപാട്.

അതേസമയം തൂവാല റോഡിൽ കിടക്കുന്നത് കണ്ടെന്ന് നേരത്തെ മൊഴി നൽകിയ സിഐടിയു അംഗം മൊഴിമാറ്റി. തൂവാല കിടക്കുന്നത് താൻ കണ്ടിട്ടില്ലെന്നും, ഇക്കാര്യത്തെപ്പറ്റി കേട്ടിട്ടില്ലെന്നുമാണ് പുതിയ മൊഴി. തലശ്ശേരി നിയുക്ത എംഎൽഎ കാരായി രാജൻ സിപിഎം പ്രാദേശിക നേതാവ് കാരായി ചന്ദ്രശേഖരൻ, കൊടി സുനി എന്നിവരാണ് കേസിലെ പ്രതികൾ.

എൻഡിഎഫ് തലശ്ശേരി സബ് ഡിവിഷൻ കൗൺസിൽ അംഗവും തേജസ്‌ പത്ര ഏജന്റുമായിരുന്ന തലശ്ശേരി പിലാക്കൂൽ ഒളിയിലക്കണ്ടി മുഹമ്മദ്‌ ഫസലിനെ 2006 ഒക്ടോബർ 22നു പുലർച്ചെ പത്രം എടുക്കാൻ പോകുന്നതിനിടെയാണു ജഗന്നാഥ ടെംപിൾ റോഡ് ലിബർട്ടി ക്വാർട്ടേഴ്സിനു മുൻപിൽ വെട്ടിക്കൊലപ്പെടുത്തിയത്. തലശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ 2006 നവംബറിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.

ഫസലിന്റെ ഭാര്യ മറിയു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നു കേസ് സിബിഐക്കു കൈമാറുകയായിരുന്നു. ഗൂഢാലോചനാക്കുറ്റത്തിനാണു സിപിഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പ്രതി ചേർത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360644/content-highlights-the-crucial-piece-of-evidence-in-the-thalassery-fasal-murder-ccase-has-gone-missing-from-the-court)