---
title: "ഉള്ളിൽ മധുരപ്പാനി നിറഞ്ഞ നാടൻ തേൻ  മിഠായി; കുട്ടിക്കാലത്തെ ആ പഴയ രുചി ഇനി മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ"
english_title: "Content Highlights:- Nadan Then Mittai Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360621/Content-Highlights:-nadan-then-mittai-recipe"
published_at: "2026-05-20T15:58:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8cdea3cf6_rtgeryghs.jpg"
keywords: ["Cookery", "Honey candy", "Homemade recipe"]
---

# ഉള്ളിൽ മധുരപ്പാനി നിറഞ്ഞ നാടൻ തേൻ  മിഠായി; കുട്ടിക്കാലത്തെ ആ പഴയ രുചി ഇനി മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ

> **Lead Summary:** കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മിഠായിയാണ് നല്ല ചുവപ്പ് നിറത്തിലുള്ള തേൻ മിട്ടായി . പുറംഭാഗം നല്ല മൊരിഞ്ഞും ഉൾഭാഗം മധുരമുള്ള തേൻ പോലുള്ള പാനിയാൽ നിറഞ്ഞതുമായ ഈ മിഠായി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. അതിനുള്ള ചേരുവകളും പാകം ചെയ്യുന്ന രീതിയും താഴെ നൽകുന്നു:

## Article Content

കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മിഠായിയാണ് നല്ല ചുവപ്പ് നിറത്തിലുള്ള തേൻ മിട്ടായി . പുറംഭാഗം നല്ല മൊരിഞ്ഞും ഉൾഭാഗം മധുരമുള്ള തേൻ പോലുള്ള പാനിയാൽ നിറഞ്ഞതുമായ ഈ മിഠായി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. അതിനുള്ള ചേരുവകളും പാകം ചെയ്യുന്ന രീതിയും താഴെ നൽകുന്നു:

ആവശ്യമായ ചേരുവകൾ 

പച്ചരി – 1 കപ്പ്

ഉഴുന്ന് – കാൽ കപ്പ്

ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ (അല്ലെങ്കിൽ ബേക്കിംഗ് സോഡ - അര ടീസ്പൂൺ)

ചുവപ്പ് ഫുഡ് കളർ  – 1 ചെറിയ നുള്ള്

പഞ്ചസാര – 1.5 കപ്പ് (പാനിയുണ്ടാക്കാൻ)

വെള്ളം – 1 കപ്പ്

നാരങ്ങാനീര് – 1 ടീസ്പൂൺ

വെളിച്ചെണ്ണ അല്ലെങ്കിൽ ഓയിൽ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരിയും ഉഴുന്നും നന്നായി കഴുകി 4 മുതൽ 5 മണിക്കൂർ വരെ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. നന്നായി കുതിർന്ന ശേഷം വെള്ളം പൂർണ്ണമായും വാർത്തു കളഞ്ഞ്, മിക്സിയുടെ ജാറിലിട്ട് വളരെ കുറച്ചു വെള്ളം മാത്രം ചേർത്ത് നല്ല വെണ്ണ പോലെ (നന്നായി മഷിപോലെ) അരച്ചെടുക്കുക. ദോശമാവിനേക്കാൾ കട്ടിയുള്ള പരുവമായിരിക്കണം.

അരച്ചെടുത്ത മാവിലേക്ക് ഒരു നുള്ള് ചുവപ്പ് ഫുഡ് കളറും ബേക്കിംഗ് പൗഡറും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിക്കുക (മാവ് ഒരുപാട് ലൂസാകരുത്, കൈകൊണ്ട് ഉരുളകൾ പിടിക്കാൻ പറ്റുന്ന പാകത്തിലായിരിക്കണം).

ഒരു പാത്രത്തിൽ 1.5 കപ്പ് പഞ്ചസാരയും 1 കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരു നുള്ള് ചുവപ്പ് ഫുഡ് കളർ കൂടി ചേർക്കാം. ഒരുപാട് നൂൽ പരുവം ആകേണ്ടതില്ല, ഒട്ടിപ്പിടിക്കുന്ന പരുവം (പശ പോലെ) ആകുമ്പോൾ തീ ഓഫ് ചെയ്യാം. പാനി കട്ടിയാകാതിരിക്കാൻ ഇതിലേക്ക് 1 ടീസ്പൂൺ നാരങ്ങാനീര് ഒഴിച്ച് ഇളക്കി വെക്കുക. പാനിക്ക് നല്ല ചെറുചൂട് ഉണ്ടായിരിക്കണം.

ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക (തീ ഇടത്തരം മീഡിയം ഫ്ലെയിമിൽ ആയിരിക്കണം). കൈ അല്പം വെള്ളത്തിൽ മുക്കിയ ശേഷം, തയ്യാറാക്കി വെച്ചിരിക്കുന്ന മാവിൽ നിന്ന് ചെറിയ ചെറിയ ഉരുളകളാക്കി (നെല്ലിക്ക വലിപ്പത്തിൽ) എണ്ണയിലിട്ട് വറുക്കുക. ഉൾഭാഗം നന്നായി വെന്തു വരാൻ വേണ്ടി ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് വേവിക്കണം. പുറംഭാഗം നല്ല ക്രിസ്പി ആകുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റാം.

എണ്ണയിൽ നിന്ന് കോരിയെടുത്ത ചൂടുള്ള മിഠായി ഉരുളകൾ ഉടൻ തന്നെ ചെറുചൂടുള്ള പഞ്ചസാരപ്പാനിയിലേക്ക് ഇടുക. മിഠായി പാനി നന്നായി കുടിച്ചെടുക്കാൻ വേണ്ടി കുറഞ്ഞത് 1 മുതൽ 2 മണിക്കൂർ വരെ പാനിയിൽ തന്നെ ഇട്ടുവെക്കുക. ഉൾഭാഗത്ത് നല്ല മധുരമുള്ള പാനി നിറഞ്ഞ, സ്വാദിഷ്ടമായ നാടൻ തേൻ മിട്ടായി തയ്യാർ! ഇത് വായു കടക്കാത്ത ഒരു ഡപ്പിയിലാക്കി സൂക്ഷിച്ചുവെക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360621/Content-Highlights:-nadan-then-mittai-recipe)