---
title: "ഇനി ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്താൽ പോക്കറ്റ് ചോരും; സ്വിഗ്ഗിയും സൊമാറ്റോയും നിരക്കുകൾ കൂട്ടിയേക്കും"
english_title: "Content Highlights:- Online food ordering Swiggy and Zomato may hike prices"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360615/content-highlights-online-food-ordering-swiggy-and-zomato-may-hike-prices"
published_at: "2026-05-20T15:47:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8acfc877b_dthrth.jpg"
keywords: ["Latest News", "Online food ordering", "Swiggy", "Zomato", "hike prices"]
---

# ഇനി ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്താൽ പോക്കറ്റ് ചോരും; സ്വിഗ്ഗിയും സൊമാറ്റോയും നിരക്കുകൾ കൂട്ടിയേക്കും

> **Lead Summary:** **[**ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് വരും ദിവസങ്ങളിൽ ചെലവ് കൂടും. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വർധനവുമാണ് ഇതിന് കാരണം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വരും ദിവസങ്ങളിൽ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ 'ഇലാര കാപ്പിറ്റലിന്റെ' റിപ്പോർട്ടിൽ പറയുന്നു.

## Article Content

**[**ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് വരും ദിവസങ്ങളിൽ ചെലവ് കൂടും. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വർധനവുമാണ് ഇതിന് കാരണം. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വരും ദിവസങ്ങളിൽ നിരക്കുകൾ ഉയർത്തിയേക്കുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ 'ഇലാര കാപ്പിറ്റലിന്റെ' റിപ്പോർട്ടിൽ പറയുന്നു.

**ഒരു ഓർഡറിന് എത്ര രൂപ കൂടും?**

അസംസ്‌കൃത എണ്ണവിലയിലെ വർധന കാരണം അടുത്തിടെ ഇന്ധനവിലയിൽ ലിറ്ററിന് 4 രൂപയോളം വർധനവുണ്ടായിട്ടുണ്ട്. (ഏകദേശം 4% വർധനവ്).

ഈ ഇന്ധനവില വർധനവ് ഓരോ ഓർഡറിലും കമ്പനികൾക്ക് ഏകദേശം 44 പൈസയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്നാണ് ഇലാര കാപ്പിറ്റൽ വിലയിരുത്തുന്നത്. ഈ അധികച്ചെലവ് ഡെലിവറി ചാർജ് കൂട്ടിക്കൊണ്ട് കമ്പനികൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് സാധ്യത.

**നിലവിലെ ഡെലിവറി ചെലവ് ഇങ്ങനെ:**

റിപ്പോർട്ട് അനുസരിച്ച് കമ്പനികൾക്ക് നിലവിൽ ഒരു ഓർഡറിന് വരുന്ന ശരാശരി ഡെലിവറി ചെലവ്  താഴെ പറയുന്ന രീതിയിലാണ്:

ക്വിക്ക് കൊമേഴ്സ് ഓർഡറുകൾ (Blinkit, Instamart): ശരാശരി 35 മുതൽ 50 രൂപ വരെ.

ഫുഡ് ഡെലിവറി ഓർഡറുകൾ: ശരാശരി 55 മുതൽ 60 രൂപ വരെ.

സൊമാറ്റോ (ഇറ്റേണൽ): ശരാശരി ഒരു ഓർഡറിന് 45 രൂപ.

സ്വിഗ്ഗി: ശരാശരി ഒരു ഓർഡറിന് 55 രൂപ.

ഒരു ഡെലിവറിക്ക് വരുന്ന ആകെ ചെലവിന്റെ 20 ശതമാനത്തോളം വരുന്നത് ഇന്ധനച്ചെലവാണ്. അതായത്, നിലവിൽ ഒരു ഓർഡറിന് ഏകദേശം 9 മുതൽ 10 രൂപ വരെ ഇന്ധനത്തിനായി മാത്രം ചെലവാകുന്നുണ്ട്. ഇതാണ് ഇന്ധനവില കൂടുന്നത് കമ്പനികൾക്ക് മേൽ സമ്മർദ്ദമുണ്ടാക്കുന്നത്.

ഇന്ധനവില വർധനവ് ഡെലിവറി നടത്തുന്ന തൊഴിലാളികളുടെ  വരുമാനത്തെ നേരിട്ട് ബാധിച്ചിരിക്കുകയാണ്. കിലോമീറ്ററിന് ലഭിക്കുന്ന സർവീസ് നിരക്ക് ഉടൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 'ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസ് വർക്കേഴ്‌സ് യൂണിയൻ' കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി 5 മണിക്കൂർ ആപ്പ് സേവനങ്ങൾ നിർത്തിവെച്ച് അവർ പ്രതിഷേധിക്കുകയും ചെയ്തു.

ദിനംപ്രതിയുള്ള വരുമാനത്തിനായി ബൈക്കുകളെയും സ്‌കൂട്ടറുകളെയും ആശ്രയിക്കുന്ന രാജ്യത്തെ ഏകദേശം 1.2 കോടിയോളം വരുന്ന ഗിഗ് തൊഴിലാളികളെ ഇന്ധനവില വർധനവ് സാരമായി ബാധിക്കുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകുന്നു. വരുമാനം വർധിച്ചില്ലെങ്കിൽ പല തൊഴിലാളികളും ഈ മേഖല ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നും യൂണിയൻ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360615/content-highlights-online-food-ordering-swiggy-and-zomato-may-hike-prices)