---
title: "ഇതാണ് മാഷ്; വിരമിക്കൽ ചടങ്ങിൽ അധ്യാപകനെ ഞെട്ടിച്ച് പി.ടി.എയും നാട്ടുകാരും, ഉപഹാരമായി ലക്ഷങ്ങളുടെ പുത്തൻ കാർ"
english_title: "A brand new car worth lakhs for the teacher at his retirement ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360596/a-brand-new-car-worth-lakhs-for-the-teacher-at-his-retirement-ceremony"
published_at: "2026-05-20T14:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d7e7b6159f_grdegytr.jpg"
keywords: ["teacher retirement", "car", "kasarkod"]
---

# ഇതാണ് മാഷ്; വിരമിക്കൽ ചടങ്ങിൽ അധ്യാപകനെ ഞെട്ടിച്ച് പി.ടി.എയും നാട്ടുകാരും, ഉപഹാരമായി ലക്ഷങ്ങളുടെ പുത്തൻ കാർ

> **Lead Summary:** കാസർകോട്: **[** വിരമിക്കൽ ചടങ്ങിൽ അധ്യാപകർക്ക് സ്നേഹോപഹാരങ്ങൾ നൽകുന്നത് പതിവാണ്. എന്നാൽ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂൾ പ്രധാന അധ്യാപകൻ പി.ടി. ബെന്നിക്ക് നാട്ടുകാരും പി.ടി.എയും ചേർന്ന് നൽകിയ സമ്മാനം കേട്ടാൽ ആരും ഞെട്ടും; 13 ലക്ഷം രൂപ വിലയുള്ള ഒരു പുത്തൻ 'മാരുതി ബ്രെസ' കാറാണ് പ്രിയ അധ്യാപകന് അവർ സമ്മാനിച്ചത്.

## Article Content

കാസർകോട്: **[** വിരമിക്കൽ ചടങ്ങിൽ അധ്യാപകർക്ക് സ്നേഹോപഹാരങ്ങൾ നൽകുന്നത് പതിവാണ്. എന്നാൽ ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂൾ പ്രധാന അധ്യാപകൻ പി.ടി. ബെന്നിക്ക് നാട്ടുകാരും പി.ടി.എയും ചേർന്ന് നൽകിയ സമ്മാനം കേട്ടാൽ ആരും ഞെട്ടും; 13 ലക്ഷം രൂപ വിലയുള്ള ഒരു പുത്തൻ 'മാരുതി ബ്രെസ' കാറാണ് പ്രിയ അധ്യാപകന് അവർ സമ്മാനിച്ചത്.

ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്ന ഒരു സർക്കാർ വിദ്യാലയത്തെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് മികച്ച നിലവാരത്തിലേക്ക് ഉയർത്തിയതിനുള്ള ആദരവായിരുന്നു ഈ സമ്മാനം. ഇത്രയും വലിയൊരു സമ്മാനം താൻ ഒട്ടും പ്രതീക്ഷിച്ചില്ലെന്നും, മെയ് 31-ന് വിരമിച്ച ശേഷം ഈ കാറിലായിരിക്കും വീട്ടിലേക്ക് മടങ്ങുകയെന്നും ബെന്നി മാസ്റ്റർ സന്തോഷത്തോടെ പറഞ്ഞു. കണ്ണൂർ ഇരിട്ടി മണിക്കടവ് സ്വദേശിയായ അദ്ദേഹം 33 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്.

2019-ലാണ് പി.ടി. ബെന്നി ചെമ്മനാട് വെസ്റ്റ് സ്കൂളിൽ എത്തുന്നത്. അന്ന് കുറഞ്ഞ സൗകര്യങ്ങളും കളിസ്ഥലമില്ലായ്മയും ഒക്കെയായി ബുദ്ധിമുട്ടിലായിരുന്ന സ്കൂളിനെ മാറ്റിയെടുക്കാൻ അദ്ദേഹം നാട്ടുകാരെയും പി.ടി.എയെയും ഒപ്പം കൂട്ടി. അക്കാദമിക നിലവാരം ഉയർന്നതോടെ കുട്ടികളുടെ എണ്ണം 582-ൽ നിന്ന് 856 ആയി ഉയർന്നു.

സ്ഥലപരിമിതി രൂക്ഷമായപ്പോൾ താൽക്കാലികമായി ക്ലാസുകൾ സമീപത്തെ മദ്രസകളിലേക്ക് മാറ്റി. പിന്നീട് പഞ്ചായത്തിന്റെയും സർവശിക്ഷാ അഭിയാന്റെയും സഹായത്തോടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി മൂന്നുനില കെട്ടിടങ്ങൾ പണിതു. ഇപ്പോൾ എല്ലാ ക്ലാസുകളും സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

സ്കൂൾ ലാൻഡ് പർച്ചേസ് കമ്മിറ്റിയും നാട്ടുകാരും ചേർന്ന് അടുത്തിടെ സ്കൂളിന് സമീപം 25 ലക്ഷം രൂപയ്ക്ക് 10 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. കിഫ്ബിയുടെ 1.38 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഒരു സ്കൂളിനെ നാടിന്റെ അഭിമാനമാക്കി മാറ്റിയ ശേഷമാണ് ബെന്നി മാസ്റ്റർ പടിയിറങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360596/a-brand-new-car-worth-lakhs-for-the-teacher-at-his-retirement-ceremony)