---
title: "കയറു കെട്ടി മുകളിലേക്ക് ഒരു സാഹസിക യാത്ര; എന്തുകൊണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും മീൻമുട്ടി കാണണം?"
english_title: " Content Highlights:- An adventurous trip up the rope, Meenmutty Waterfalls"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360557/an-adventurous-trip-up-the-rope-meenmutty-waterfalls"
published_at: "2026-05-20T12:50:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d6219d7817_Meenmutty_Waterfalls.jpg"
keywords: ["Meenmutty Waterfalls", "Wayanad Waterfalls", "Kerala Tourism Official", "Monsoon Tourism Kerala"]
---

# കയറു കെട്ടി മുകളിലേക്ക് ഒരു സാഹസിക യാത്ര; എന്തുകൊണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും മീൻമുട്ടി കാണണം?

> **Lead Summary:** **[** പച്ചപ്പുതച്ച മലനിരകളും അലയടിച്ചെത്തുന്ന കോടമഞ്ഞും ഒത്തുചേരുന്ന വയനാടിന്റെ വന്യസൗന്ദര്യത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് മീൻമുട്ടി വെള്ളച്ചാട്ടം. മൺസൂൺ കാലം സജീവമാകുന്നതോടെ പ്രകൃതിയുടെ ഈ ജലവിസ്മയം അതിന്റെ പൂർണ്ണ യൗവനത്തിലേക് എത്തിനിൽക്കുകയാണ്. കാടിന്റെ വന്യമായ നിശബ്ദതയെ ഭേദിച്ച്, പാറക്കെട്ടുകളിലേക്ക് ആഞ്ഞടിച്ച് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യം ഏതൊരു യാത്രികനെയും അതിശയിപ്പിക്കുന്നതാണ്.

## Article Content

**[** പച്ചപ്പുതച്ച മലനിരകളും അലയടിച്ചെത്തുന്ന കോടമഞ്ഞും ഒത്തുചേരുന്ന വയനാടിന്റെ വന്യസൗന്ദര്യത്തിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് മീൻമുട്ടി വെള്ളച്ചാട്ടം. മൺസൂൺ കാലം സജീവമാകുന്നതോടെ പ്രകൃതിയുടെ ഈ ജലവിസ്മയം അതിന്റെ പൂർണ്ണ യൗവനത്തിലേക് എത്തിനിൽക്കുകയാണ്. കാടിന്റെ വന്യമായ നിശബ്ദതയെ ഭേദിച്ച്, പാറക്കെട്ടുകളിലേക്ക് ആഞ്ഞടിച്ച് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യം ഏതൊരു യാത്രികനെയും അതിശയിപ്പിക്കുന്നതാണ്.

ബാണാസുര സാഗർ അണക്കെട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തുക എന്നത് പ്രകൃതിസ്നേഹികൾക്കും ട്രെക്കിംഗ് പ്രേമികൾക്കും ഒരുപോലെ ആവേശകരമാണ്. ഇടതൂർന്ന കാടുകൾക്കിടയിലൂടെയുള്ള കാൽനടയാത്രയാണ് ഇതിന്റെ പ്രധാന ആകർഷണം. വന്യമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങൾ കേട്ട്, പച്ചപ്പണിഞ്ഞ വനപാതയിലൂടെയുള്ള ട്രെക്കിംഗ് ഓരോ സഞ്ചാരിയ്ക്കും പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുക.

വയനാടിന്റെ പ്രകൃതിഭംഗിക്ക് മാറ്റുകൂട്ടുന്ന മീൻമുട്ടി വെള്ളച്ചാട്ടം മൂന്ന് വ്യത്യസ്ത തട്ടുകളിലായാണ് സഞ്ചാരികൾക്ക് ദൃശ്യമാവുന്നത്. പ്രവേശന കവാടത്തിൽ നിന്ന് എളുപ്പത്തിൽ നടന്നെത്താവുന്ന ഒന്നാം തട്ടിൽ ശാന്തമായ നീരുറവയും സുരക്ഷിതമായി കുളിക്കാൻ പാകത്തിലുള്ള ആഴം കുറഞ്ഞ ജലാശയമാണുള്ളത്. എന്നാൽ, പാറക്കെട്ടുകൾക്ക് മുകളിലൂടെയുള്ള പടികൾ കയറി കുറച്ചുകൂടി സാഹസികമായി വേണം കാടിന്റെ വന്യത നിറഞ്ഞ രണ്ടാം തട്ടിലേക്ക് എത്താൻ. ഏറ്റവും മുകളിലെ മൂന്നാം തട്ടിലേക്കുള്ള യാത്ര അതീവ കഠിനവും വഴുക്കലുള്ളതുമാണ്; പാറകളിൽ കെട്ടിയ കയറുകളുടെ സഹായത്തോടെ മാത്രമേ ഇവിടേക്ക് പ്രവേശിക്കാനാകൂ. എന്നാൽ മുകളിലെത്തിക്കഴിഞ്ഞാൽ ബാണാസുര താഴ്‌വരയുടെയും മലനിരകളുടെയും മനംമയക്കുന്ന ദൃശ്യം എല്ലാ യാത്രാക്ഷീണവും മാറ്റും.

മലയാറ്റിൽ നിന്ന് മുകളിലേക്ക് നീന്താൻ ശ്രമിക്കുന്ന മത്സ്യങ്ങൾക്ക് കുത്തനെയുള്ള പാറക്കെട്ടുകൾ കാരണം മുന്നോട്ട് പോകാനാകാതെ 'മുട്ടി' നിൽക്കേണ്ടി വരുന്നതിനാലാണ് ഈ ജലപാതത്തിന് 'മീൻമുട്ടി' എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. മഴക്കാലത്ത് ശക്തമായ വെള്ളപ്പൊക്കവും വഴുക്കലും ഉള്ളതിനാൽ പ്രവേശനം നിരോധിക്കാറുള്ള ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്. രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെയാണ് പ്രവേശന സമയം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 15 രൂപയും വിദേശികൾക്ക് 60 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

കോഴിക്കോട് നിന്ന് പച്ചപ്പിന്റെയും കോടമഞ്ഞിന്റെയും സുന്ദരഭൂമിയായ വയനാട്ടിലേക്ക് മനസ്സ് നിറയ്ക്കുന്ന ഒരു സുന്ദര യാത്ര! നഗരത്തിരക്കുകളിൽ നിന്ന് മാറി ദേശീയപാത 766 (NH 766) വഴി യാത്ര തിരിച്ച് കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി എന്നീ മലബാറിന്റെ സ്വന്തo ടൗണുകൾ പിന്നിട്ട് നമ്മൾ അടിവാരത്ത് എത്തിച്ചേരുന്നു. ഇവിടെ നിന്നാണ് യാത്രയുടെ ഏറ്റവും ആവേശകരമായ ഭാഗം ആരംഭിക്കുന്നത്; കാടും മഞ്ഞും കാറ്റും ഒത്തുചേരുന്ന ഒൻപത് ഹെയർപിൻ വളവുകളുള്ള പ്രശസ്തമായ വയനാട് ചുരം!

കാഴ്ചകളുടെ വശ്യതയാൽ മനംകവരുന്ന ചുരം കയറി, തണുപ്പും കോടമഞ്ഞും പുതച്ചുനിൽക്കുന്ന ലക്കിടിയും വൈത്തിരിയും കടന്ന് നമ്മൾ വയനാടിന്റെ ഹൃദയഭാഗമായ കല്പറ്റയിലെത്തുന്നു. തുടർന്ന് കല്പറ്റ സിവിൽ സ്റ്റേഷന് സമീപത്തുനിന്നും പച്ചപ്പുനിറഞ്ഞ ഗ്രാമീണ ഭംഗി ആസ്വദിച്ച് പടിഞ്ഞാറത്തറ റോഡിലൂടെ ഏകദേശം 16 കിലോമീറ്റർ സഞ്ചരിച്ചാൽ പടിഞ്ഞാറത്തറ ടൗണിൽ എത്താം. അവിടെ നിന്ന് ബാണാസുര സാഗർ ഡാം റോഡ് വഴി 3 കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ പ്രകൃതിയുടെ വന്യസൗന്ദര്യം തുളുമ്പുന്ന, ആ മനോഹര വെള്ളച്ചാട്ടത്തിന്റെ എൻട്രി പോയിന്റിൽ എത്തിച്ചേരാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360557/an-adventurous-trip-up-the-rope-meenmutty-waterfalls)