---
title: "'അച്ഛന്റെ പേര് പറഞ്ഞതില്‍ എന്താണ് കുഴപ്പം, അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്'- വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ"
english_title: "Content Highlights:-V.D Satheesan Responds To The Controversies That Arose During The Oath In Ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360545/content-highlights-vd-satheesan-responds-to-the-controversies-that-arose-during-the-Oath-in-ceremony"
published_at: "2026-05-20T12:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d57d239153_VD_SATHEESAN.jpg"
keywords: ["Latest News", "VD Satheesan", "Chief Minister", "Oath Ceremony Controversies", "UDF Government", "THIRUVANANTHAPURAM"]
---

# 'അച്ഛന്റെ പേര് പറഞ്ഞതില്‍ എന്താണ് കുഴപ്പം, അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്'- വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

> **Lead Summary:** തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വന്ദേമാതരം പൂർണമായും ആലപിക്കും എന്നുള്ളത് അറിയില്ലായിരുന്നു. ലോക്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൊല്ലിയത്. താനും സദസിൽ നിൽക്കുമ്പോഴാണ് മുഴുവൻ ആലപിക്കുന്നത് കേട്ടത്. ഇടയിൽ കേറി തടസപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

## Article Content

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വന്ദേമാതരം പൂർണമായും ആലപിക്കും എന്നുള്ളത് അറിയില്ലായിരുന്നു. ലോക്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൊല്ലിയത്. താനും സദസിൽ നിൽക്കുമ്പോഴാണ് മുഴുവൻ ആലപിക്കുന്നത് കേട്ടത്. ഇടയിൽ കേറി തടസപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

ചടങ്ങിന്റെ അവസാനം ഇത് ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ദേശീയ​ഗാനമാണ് അവസാനം ആലപ്പിക്കുക. വന്ദേമാതരം ആലപിച്ചത് അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സത്യപ്രതിജ്ഞയിൽ താൻ അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശൻ ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്.

താൻ എംഎൽഎ ആകുന്നതിന് മുൻപ് മരിച്ചുപോയതാണ് രണ്ടാളെന്നും സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് പറയാനാണ് പറഞ്ഞതെന്നും നിറഞ്ഞ മനസോടുകൂടിയാണ് പറഞ്ഞതെന്നും വി.ഡി. സതീശൻ വിശദീകരിച്ചു.

അതേസമയം പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. സിൽവർ ലൈൻ സമരത്തിലെ കേസുകൾ റദ്ദാക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിക്ക് ശുപാർശ ചെയ്യുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കണം, മഞ്ഞക്കുറ്റികൾ മാറ്റണം, കേസുകൾ റദ്ദാക്കണം, അറസ്റ്റിലായവർക്ക് നഷ്‌ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു സിൽവർലൈൻ (കെ-റെയിൽ) പദ്ധതി. കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് യാത്രാസമയം നാലു മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത അർധ-അതിവേഗ റെയിൽവേ പദ്ധതിയായിരുന്നു ഇത്. 529.45 കിലോമീറ്ററാണ് പദ്ധതിക്കായുള്ള പാത നിശ്ചയിച്ചിരുന്നത്.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും യാത്രക്കാർക്ക് യാത്ര വേഗത്തിലാക്കാനും കഴിയുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.

വിഷൻ 2031 നടപ്പിലാക്കും. 100 ദിവസത്തെ കർമ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. പദ്മ പുരസ്കാരം ശുപാർശ സമർപ്പിക്കാൻ സമിതി നിർമിക്കും. സിൽവർ ലൈനിന് പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശൻ പറഞ്ഞു.

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടും. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ വകുപ്പുകൾക്ക് വിഭജിച്ച് നൽകി. വന്ദേമാതരം മുഴുവൻ പാടിയത് ലോക് ഭവൻ നിർദേശ പ്രകാരമാണ്. വന്ദേമാതരം മുഴുവൻ ആലപിക്കുന്ന കാര്യം അറിയില്ലായിരുന്നു. സംഘടിപ്പിച്ചത് രാജ്ഭവൻ ആണ്. വേദിയിൽ വെച്ചാണ് ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360545/content-highlights-vd-satheesan-responds-to-the-controversies-that-arose-during-the-Oath-in-ceremony)