---
title: "യുദ്ധഭീതിയിൽ പശ്ചിമേഷ്യ; കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്ന് ഡൊണാൾഡ് ട്രംപ്; 'വലിയ സർപ്രൈസ്' കരുതിയിട്ടുണ്ടെന്ന് ഇറാനും"
english_title: "Trump threatens to attack Iran again"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360509/trump-threatens-to-attack-iran-again"
published_at: "2026-05-20T09:51:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d37a3acc1f_trump.jpg"
keywords: ["Latest news", "US-Israeli war", "Washington", "Trump's threat"]
---

# യുദ്ധഭീതിയിൽ പശ്ചിമേഷ്യ; കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്ന് ഡൊണാൾഡ് ട്രംപ്; 'വലിയ സർപ്രൈസ്' കരുതിയിട്ടുണ്ടെന്ന് ഇറാനും

> **Lead Summary:** **വാഷിങ്ടൺ: [ **പുതിയ കരാറിന് ഇറാൻ തയാറായില്ലെങ്കിൽ രാജ്യം വീണ്ടും ശക്തമായ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുദ്ധം തുടങ്ങിയാൽ അത് വളരെ വേഗത്തിൽ അവസാനിക്കുമെന്നും, നിലവിൽ ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

## Article Content

**വാഷിങ്ടൺ: [ **പുതിയ കരാറിന് ഇറാൻ തയാറായില്ലെങ്കിൽ രാജ്യം വീണ്ടും ശക്തമായ സൈനിക ആക്രമണം നേരിടേണ്ടിവരുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുദ്ധം തുടങ്ങിയാൽ അത് വളരെ വേഗത്തിൽ അവസാനിക്കുമെന്നും, നിലവിൽ ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

കരാറിലെത്താൻ വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും, നിലവിൽ ഇറാൻ നേതാക്കൾ കരാറിനായി യാചിക്കുകയാണെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ താൻ തീരുമാനിച്ചിരുന്നതാണെന്നും, എന്നാൽ ഉത്തരവിട്ട് ഒരു മണിക്കൂറിന് ശേഷം ആക്രമണം മാറ്റിവെയ്ക്കുകയായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് വെളിപ്പെടുത്തി.

യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ ടെഹ്‌റാൻ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചതിനെത്തുടർന്ന് ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി.

എന്നാൽ അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുവരാനാണ് യുഎസ് ഭാവമെങ്കിൽ അവർക്കായി വലിയ 'സർപ്രൈസുകൾ' കരുതിവെച്ചിട്ടുണ്ടെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു.

അമേരിക്കയുടെ ഭീഷണികളെ ഒട്ടും ഭയക്കുന്നില്ലെന്നും, ഏതൊരു നീക്കത്തിനും ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി അതിശക്തമായിരിക്കുമെന്നും ഇറാൻ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ യുഎസ് പൂർണ്ണ സജ്ജമാണെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു യുദ്ധസാഹചര്യത്തിന്റെ ഭീതി വർദ്ധിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360509/trump-threatens-to-attack-iran-again)