---
title: "ഐഡി കാർഡ് ഉണ്ടോ? മന്തി ഫ്രീ! സതീശന്മാർക്കും വിജയന്മാർക്കും പിന്നാലെ തോറ്റ പയ്യൻസിനും കാസർഗോഡ് മന്തി ഓഫർ"
english_title: "Manti free, Kasaragod hotels, Chief Minister V.D. Satheesan, Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360472/manti-free-kasaragod-hotels-chief-minister-vd-satheesan-pinarayi-vijayan"
published_at: "2026-05-20T06:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d029fd4612_mandhi.jpg"
keywords: ["V D Satheesan", "Pinarayi Vijayan", "Kerala Chief Minister", "Mandhi free"]
---

# ഐഡി കാർഡ് ഉണ്ടോ? മന്തി ഫ്രീ! സതീശന്മാർക്കും വിജയന്മാർക്കും പിന്നാലെ തോറ്റ പയ്യൻസിനും കാസർഗോഡ് മന്തി ഓഫർ

> **Lead Summary:** **കാസർഗോഡ്: **കേരള രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾ മന്തി വിളമ്പി ആഘോഷമാക്കി കാസർഗോട്ടെ ഹോട്ടലുകൾ.

## Article Content

**കാസർഗോഡ്: **കേരള രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾ മന്തി വിളമ്പി ആഘോഷമാക്കി കാസർഗോട്ടെ ഹോട്ടലുകൾ.

വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന്റെയും പിണറായി വിജയൻ പ്രതിപക്ഷ നേതാവായതിന്റെയും സന്തോഷം പങ്കിടാൻ തങ്ങളുടെ പേരുള്ളവർക്ക് സൗജന്യമായി മന്തി നൽകിയാണ് ഇവിടുത്തെ ഹോട്ടലുടമകൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

തൃക്കരിപ്പൂരിലെയും കാഞ്ഞങ്ങാട്ടെയും 'കാസ ഡൈൻ' ഹോട്ടലുകളാണ് പേര് സതീശൻ എന്നാണെങ്കിൽ മന്തി ഫ്രീ എന്ന ഓഫർ ആദ്യം പുറത്തുവിട്ടത്. മുഖ്യമന്ത്രി പ്രഖ്യാപനം വന്നതിന് പിന്നാലെ ഐഡി കാർഡുമായി നിരവധി 'സതീശന്മാർ' ഹോട്ടലിലേക്ക് ഒഴുകിയെത്തി.

ഇതിന് പിന്നാലെ വിട്ടുുകൊടുക്കാൻ ഭാവമില്ലാതെ കാസർഗോഡ് 'സിഗ്‌നേച്ചർ ബൈ മെട്രോ' ഹോട്ടൽ വിജയന്മാർക്ക് സൗജന്യ മന്തി പ്രഖ്യാപിച്ചു. ആധാർ കാർഡ് കാണിച്ച് പേര് ഉറപ്പുവരുത്തിയ വിജയന്മാർക്കും കുടുംബത്തിനും ക്വാർട്ടർ ചിക്കൻ മന്തിയാണ് സൗജന്യമായി നൽകിയത്.

രാഷ്ട്രീയക്കാർക്ക് പിന്നാലെ വിദ്യാർത്ഥികൾക്കായും ഒരു കിടിലൻ ഓഫർ ഹോട്ടൽ അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ തോറ്റ കുട്ടികൾക്കും സൗജന്യമായി മന്തി നൽകുമെന്നാണ് മാനേജർ അറിയിച്ചിരിക്കുന്നത്.

തോറ്റവരെ പരിഹസിക്കാതെ, അവർക്ക് മാനസികമായ പിന്തുണ നൽകാനാണ് ഇങ്ങനെയൊരു നീക്കമെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360472/manti-free-kasaragod-hotels-chief-minister-vd-satheesan-pinarayi-vijayan)