---
title: "വാഗ്ദാനം പാലിച്ച് സർക്കാർ; കേരളത്തിൽ വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി"
english_title: "Elderly Welfare Department, order issued, UDF's manifesto"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360449/elderly-welfare-department-order-issued-udfs-manifesto"
published_at: "2026-05-19T20:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c77f7d647b_vd4.jpg"
keywords: []
---

# വാഗ്ദാനം പാലിച്ച് സർക്കാർ; കേരളത്തിൽ വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിൽ വയോജനങ്ങളുടെ കരുതലിനും സംരക്ഷണത്തിനുമായുള്ള വയോജന ക്ഷേമവകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി.

## Article Content

**തിരുവനന്തപുരം: **കേരളത്തിൽ വയോജനങ്ങളുടെ കരുതലിനും സംരക്ഷണത്തിനുമായുള്ള വയോജന ക്ഷേമവകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി.

മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത്, ജപ്പാൻ മാതൃകയിലുള്ള പരിചരണവും ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് ഈ പുതിയ വകുപ്പ് നിലവിൽ വരുന്നത്.

യുഡിഎഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന വയോജന ക്ഷേമവകുപ്പ് രൂപീകരിക്കുമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അവകാശ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി രാജ്യത്ത് ആദ്യമായാണ് സംസ്ഥാന വയോജന കമ്മീഷൻ കേരള സർക്കാർ രൂപീകരിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഈ അർധ ജുഡീഷ്യൽ സംവിധാനത്തിന് സിവിൽ കോടതിക്കുള്ള അധികാരങ്ങളുണ്ട്.

വയോജനങ്ങൾ നേരിടുന്ന അവഗണന, ചൂഷണം, അനാഥത്വം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം പുനരധിവാസത്തിനുള്ള സഹായങ്ങൾ നൽകി നിയമസഹായം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാരിന് മാർഗനിർദേശങ്ങൾ നൽകുന്നതും ഈ കമ്മീഷനാണ്. ഇതെല്ലാം കൂട്ടിയോജിപ്പിച്ചു കൊണ്ടാകും പുതിയ വകുപ്പിന്റെ പ്രവർത്തനം.

യുവാക്കളുടെ ഉന്നമനത്തിനായി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു. മതസൗഹാർദ്ദം ഉറപ്പാക്കാൻ 'മിനിസ്ട്രി ഓഫ് ടോളറൻസും' സമാധാനത്തിനായി 'പീസ് ആൻഡ് ഹാർമണി' വകുപ്പും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360449/elderly-welfare-department-order-issued-udfs-manifesto)