---
title: "മഴച്ചാറ്റലിൽ പച്ചപ്പണിഞ്ഞ് കൂർഗ്; ഈ മഴക്കാലം കാപ്പിത്തോട്ടങ്ങളുടെ നാട്ടിലേക്ക് മാറ്റിവെക്കാം"
english_title: "Coorg turns green in the rain; Let's spend this rainy season in the land of coffee plantations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360409/coorg-turns-green-in-the-rain-lets-spend-this-rainy-season-in-the-land-of-coffee-plantations"
published_at: "2026-05-19T15:49:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c3b678fbad_Coorg_turns_green_in_the_rain.jpg"
keywords: []
---

# മഴച്ചാറ്റലിൽ പച്ചപ്പണിഞ്ഞ് കൂർഗ്; ഈ മഴക്കാലം കാപ്പിത്തോട്ടങ്ങളുടെ നാട്ടിലേക്ക് മാറ്റിവെക്കാം

> **Lead Summary:** മഴക്കാലത്ത് പ്രകൃതിഭംഗി തുളുമ്പുന്ന കൂർഗ് യാത്ര സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത് . കണ്ണൂർ - മട്ടന്നൂർ കഴിഞ്ഞ് ഇരിട്ടി പിന്നിടുന്നതോടെ യാത്ര മലയോര മേഖലയിലേക്ക് കടക്കും. കർണാടക അതിർത്തിയായ കൂട്ടുപുഴ പാലം കടന്നാൽ പിന്നെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനമേഖലയിലൂടെയുള്ള മനോഹരമായവഴികളിലൂടെയാണ് കൂർഗിലേക്ക് എത്തിച്ചേരുന്നത് .

## Article Content

മഴക്കാലത്ത് പ്രകൃതിഭംഗി തുളുമ്പുന്ന കൂർഗ് യാത്ര സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത് . കണ്ണൂർ - മട്ടന്നൂർ കഴിഞ്ഞ് ഇരിട്ടി പിന്നിടുന്നതോടെ യാത്ര മലയോര മേഖലയിലേക്ക് കടക്കും. കർണാടക അതിർത്തിയായ കൂട്ടുപുഴ പാലം കടന്നാൽ പിന്നെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനമേഖലയിലൂടെയുള്ള മനോഹരമായവഴികളിലൂടെയാണ് കൂർഗിലേക്ക് എത്തിച്ചേരുന്നത് .

മഴ പെയ്യുന്നതോടെ കൂർഗിലെ വെള്ളച്ചാട്ടങ്ങളെല്ലാം പൂർണ്ണ രൂപത്തിൽ തിമിർത്തൊഴുകാൻ തുടങ്ങുന്നതിനാൽ കാപ്പിത്തോട്ടങ്ങൾക്ക് നടുവിലുള്ള അബ്ബി വെള്ളച്ചാട്ടവും മല്ലല്ലി വെള്ളച്ചാട്ടവും കാണാൻ ഈ സമയത്ത് വലിയ ജന തിരക്കവിടെ അനുഭവപ്പെടാറുണ്ട്.

പ്രത്യേകിച്ച് വെള്ളച്ചാട്ടത്തിന് മുകളിലെ തൂക്കുപാലത്തിൽ നിന്ന് മഴ നനഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുന്നത് മനോഹരമായ ഒരു അനുഭവമാണ്. മഴ പെയ്തു തോരുമ്പോൾ മലനിരകളെ മൂടുന്ന വെളുത്ത മൂടൽമഞ്ഞാണ് മഴക്കാലത്തെ മറ്റൊരു പ്രധാന ആകർഷണം.

രാജാസ് സീറ്റ്, മടിക്കേരി കോട്ട എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ചകൾ ഈ സമയത്ത് അതിമനോഹരമായിരിക്കും മാത്രമല്ല, കാപ്പിത്തോട്ടങ്ങളിൽ നിന്നുള്ള കാപ്പിയുടെയും നനഞ്ഞ മണ്ണിന്റെയും സുഗന്ധം കൂർഗിലെ കാറ്റിന് പ്രത്യേക അനുഭൂതി നൽകുകയും ചെയ്യും. കൂടാതെ, മഴക്കാലത്ത് കാവേരി നദിയിൽ വെള്ളം ഉയരുന്നതോടെ ദുബാരെ ആനവളർത്തൽ കേന്ദ്രത്തിന് സമീപം വൈറ്റ് വാട്ടർ രാഫ്റ്റിങ് സജീവമാകുന്നത് സാഹസികം ഇഷ്ട്ടപ്പെടുന്ന സഞ്ചാരികൾക്ക് മികച്ചൊരു അവസരമാണ് .

എന്നാൽ, മഴക്കാലത്ത് ചുരം റോഡുകളിൽ മൂടൽമഞ്ഞും വഴുക്കലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഡ്രൈവിംഗിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത മുൻകൂട്ടിക്കണ്ട് കുട, റെയിൻകോട്ട്, വഴുതാത്ത നല്ല തരം ഷൂസുകൾ എന്നിവ കരുതാനും കാപ്പിത്തോട്ടങ്ങളിൽ അട്ടകളുടെ ശല്യം ഉണ്ടാകാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കാനും ശ്രദ്ധിക്കണം. ചുരുക്കത്തിൽ, നഗര തിരക്കുകളിൽ നിന്ന് മാറി തണുത്ത കാറ്റും മഴയും ആസ്വദിച്ച് ഒരു കാപ്പി കുടിച്ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മഴക്കാലത്ത് പോകാൻ പറ്റിയ മനോഹരമായ സ്ഥലമാണ് കൂർഗ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360409/coorg-turns-green-in-the-rain-lets-spend-this-rainy-season-in-the-land-of-coffee-plantations)