---
title: "മരണസംഖ്യ ഉയരുന്നു; ലോകത്തെ വിറപ്പിച്ചു കോംഗോയിൽ എബോള വ്യാപനം, യുഎസിൽ കടുത്ത യാത്രാവിലക്ക്"
english_title: "Ebola outbreak in Congo shakes the world"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360386/ebola-outbreak-in-congo-shakes-the-world"
published_at: "2026-05-19T14:29:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c26bd866e1_20.jpg"
keywords: []
---

# മരണസംഖ്യ ഉയരുന്നു; ലോകത്തെ വിറപ്പിച്ചു കോംഗോയിൽ എബോള വ്യാപനം, യുഎസിൽ കടുത്ത യാത്രാവിലക്ക്

> **Lead Summary:** **കിൻഷാസ: [**ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ. കോംഗോ) എബോള വൈറസ് ബാധ അതിവേഗം പടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ 131 മരണങ്ങൾ രേഖപ്പെടുത്തിയതായും 513 ലേറെ പേർക്ക് രോഗബാധ സംശയിക്കുന്നതായും ബി.ബി.സി. റിപ്പോർട്ട് ചെയ്തു.

## Article Content

**കിൻഷാസ: [**ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡി.ആർ. കോംഗോ) എബോള വൈറസ് ബാധ അതിവേഗം പടരുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ 131 മരണങ്ങൾ രേഖപ്പെടുത്തിയതായും 513 ലേറെ പേർക്ക് രോഗബാധ സംശയിക്കുന്നതായും ബി.ബി.സി. റിപ്പോർട്ട് ചെയ്തു.

കോംഗോയ്ക്ക് പുറമെ അയൽരാജ്യമായ യുഗാണ്ടയിലും എബോള സ്ഥിരീകരിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തതോടെ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

കോംഗോയിലെ ഇട്ടൂരി, നോർത്ത് കിവു പ്രവിശ്യകളിലേക്കും ഗോമ നഗരത്തിലേക്കും രോഗം പടരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ആറ് അമേരിക്കൻ പൗരന്മാർക്കും രോഗബാധയേറ്റതായി റിപ്പോർട്ടുകളുണ്ട്.

ഇതിനെത്തുടർന്ന് അമേരിക്ക കോംഗോയിലേക്ക് ലെവൽ-4 യാത്രാവിലക്ക് ഏർപ്പെടുത്തുകയും, ബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിലെ വ്യാപനം മുൻപ് കണക്കാക്കിയതിനേക്കാൾ ഗുരുതരമായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

എബോളയുടെ ഏറ്റവും അപൂർവമായ 'ബൂൻഡിബുഗോ' (Bundibugyo) വകഭേദമാണ് ഈ വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യവിദഗ്ദ്ധർ വ്യക്തമാക്കുന്നു. നിലവിൽ ലഭ്യമായ വാക്സിനുകളോ പ്രത്യേക ചികിത്സകളോ ഫലപ്രദമല്ലാത്ത വകഭേദമായതിനാൽ ഇതിനെ 'അസാധാരണ വകഭേദം' എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.

മുൻപ് 2014-16 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ വലിയ വ്യാപനത്തിൽ 28,600 പേരെ രോഗം ബാധിച്ചിരുന്നു. കോംഗോയിൽ ഇത് പതിനേഴാം തവണയാണ് എബോള പടരുന്നത്. 2018-20 കാലഘട്ടത്തിൽ ഇവിടെ 2,300 പേർ രോഗം ബാധിച്ച് മരിച്ചിരുന്നു.

രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം, വിസർജ്യങ്ങൾ, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പകരുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനുള്ളിൽ പനി, തലവേദന, പേശിവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ചിലരിൽ ഇത് ഗുരുതരമായ ആന്തരിക രക്തസ്രാവത്തിനും കരൾ, വൃക്ക എന്നിവയുടെ തകരാറിനും മരണത്തിനും കാരണമാകുന്നു. നിലവിൽ കൃത്യമായ വാക്സിൻ ലഭ്യമല്ലാത്തതിനാൽ ശക്തമായ പ്രതിരോധ നടപടികളാണ് ഏക പോംവഴി. മൃഗങ്ങളുടെ മാംസം നന്നായി വേവിച്ചു മാത്രം കഴിക്കുക, രോഗബാധിതരുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുക, രോഗികളെ ഐസൊലേഷനിലേക്ക് മാറ്റുക തുടങ്ങിയ മുൻകരുതലുകളിലൂടെ മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കൂ എന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360386/ebola-outbreak-in-congo-shakes-the-world)