---
title: "'ചെറിയാൻ ഫിലിപ്പിന് ദുരുദ്ദേശമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നില്ല, പക്ഷെ അനൗചിത്യമെന്ന്‌ തോന്നിയത് കൊണ്ടാണ് അങ്ങനെ പെരുമാറിയത്' -സൈബർ അധിക്ഷേപങ്ങളിൽ പ്രതികരിച്ച് ബിന്ദുകൃഷ്ണ"
english_title: "bindu krishna responds to cherian philip issue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360369/bindu-krishna-responds-to-cherian-philip-issue"
published_at: "2026-05-19T13:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c178dd7022_bindhu_krishna.jpg"
keywords: []
---

# 'ചെറിയാൻ ഫിലിപ്പിന് ദുരുദ്ദേശമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നില്ല, പക്ഷെ അനൗചിത്യമെന്ന്‌ തോന്നിയത് കൊണ്ടാണ് അങ്ങനെ പെരുമാറിയത്' -സൈബർ അധിക്ഷേപങ്ങളിൽ പ്രതികരിച്ച് ബിന്ദുകൃഷ്ണ

> **Lead Summary:** **തിരുവനന്തപുരം: ** തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ചു എന്ന് വിവാദത്തിൽ പ്രതികരിച്ച് ബിന്ദു കൃഷ്ണ. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും താൻ വിശ്വസിക്കുന്നില്ല.

## Article Content

**തിരുവനന്തപുരം: ** തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ ശ്രമിച്ചു എന്ന് വിവാദത്തിൽ പ്രതികരിച്ച് ബിന്ദു കൃഷ്ണ. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും താൻ വിശ്വസിക്കുന്നില്ല.

പക്ഷെ തനിക്ക് അനൗചിത്യമെന്ന്‌ തോന്നി, അത്രമാത്രമേ ഉള്ളൂവെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. മന്ത്രിയായതിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പ്രതികര‍ണം. പല ഘട്ടങ്ങളിലും സൈബർ അധിക്ഷേപങ്ങളും പരിഹാസങ്ങളും ഉണ്ടായിട്ടുണ്ട്. സൈബർ അധിക്ഷേപങ്ങളെ താൻ മൈൻഡ് ചെയ്യാറില്ലെന്നും അസത്യത്തിന് അധിക കാലം പിടിച്ച് നിൽക്കാനാവില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

2011 നിയമസഭ, 2014 ലോക്‌സഭ, 2021 നിയമസഭ എന്നിങ്ങനെ മൂന്ന് തവണ തോറ്റു. അപ്പോഴൊക്കെ വലിയ അധിക്ഷേപങ്ങൾ നേരിട്ടു. പരിഹാസങ്ങൾക്ക് ഇരയായി. ആദ്യമൊക്കെ തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് അത്ര വലിയ കാര്യമായി കരുതിയിരുന്നില്ല. തുടർച്ചയായി പരിഹാസം നേരിട്ടതോടെ ഏത് വിധേനയും ജയിച്ച് കാണിക്കുക എന്നത് വാശിയായി. പിന്നീട് നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത്തവണത്തെ ജയമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

വിജയത്തിന് ജനങ്ങളോടും അവസരം തന്ന കോൺഗ്രസ് നേതൃത്വത്തോടും നന്ദി പറയുന്നു. ഏത് വകുപ്പ് കിട്ടിയാലും ജനങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360369/bindu-krishna-responds-to-cherian-philip-issue)