---
title: "പേരാമ്പ്രയിലെ ഗർഭിണിയുടെ മരണം; സോന പമ്പിലെത്തിയത്  ബന്ധുവിനൊപ്പം പോയപ്പോൾ, ആ രണ്ട് മണിക്കൂർ എവിടെ? രജിൻലാലിന്റെ മൊഴിയെടുക്കാൻ പോലീസ്"
english_title: "Sona's death in Perambra, car catches fire, suicide, footage of buying petrol"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360313/sonas-death-in-perambra-car-catches-fire-suicide-footage-of-buying-petrol"
published_at: "2026-05-19T10:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bf0c653a4e_sona.jpg"
keywords: ["Latest News", "Perambra Car Fire", "Sona Death", "Kozhikode"]
---

# പേരാമ്പ്രയിലെ ഗർഭിണിയുടെ മരണം; സോന പമ്പിലെത്തിയത്  ബന്ധുവിനൊപ്പം പോയപ്പോൾ, ആ രണ്ട് മണിക്കൂർ എവിടെ? രജിൻലാലിന്റെ മൊഴിയെടുക്കാൻ പോലീസ്

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . സോന കന്നാസിൽ പെട്രോൾ വാങ്ങിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

## Article Content

**കോഴിക്കോട്: **പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ് . സോന കന്നാസിൽ പെട്രോൾ വാങ്ങിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആത്മഹത്യ എന്ന സംശയത്തിലേക്ക് നയിച്ചത്. കാറിന് തീപിടിക്കാൻ പ്രധാന കാരണം പെട്രോളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അപകടസമയം കാറിൽ പെട്രോൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കാറിന്റെ പിന്‍ഭാഗത്തുനിന്നു തീ പടര്‍ന്നെന്നും ശബ്ദം കേട്ടതായും സംഭവ ദിവസം സ്ഥലത്തെത്തിയവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എസി, റേഡിയേറ്റര്‍, വയറിങ്, എന്‍ജിന്‍ റൂം എന്നിവയ്ക്കു തകരാറില്ലെന്നു മോട്ടര്‍ വാഹന വകുപ്പും വ്യക്തമാക്കിയിരുന്നു.

പെട്രോള്‍ ഏതെങ്കിലും രീതിയില്‍ കാറിനുള്ളില്‍ സൂക്ഷിച്ചതാണോ എന്നു കണ്ടെത്താനാണു പൊലീസ് അന്വേഷണം. വാഹനം ഓടിച്ച കക്കറമുക്ക് പൂവത്തും ചാലില്‍ രജിന്‍ ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണു കൂടുതലായി പൊള്ളലേറ്റത്.

സംഭവ ദിവസം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള മാതൃസഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് രജിന്‍ലാല്‍ കാറില്‍ അവിടെ ഇറക്കിയതായും രാത്രി 7.30ന് വന്നു തിരികെക്കൂട്ടിയെന്നും ബന്ധുവായ യുവതിയുടെ മൊഴിയുണ്ട്.

അന്നു വൈകിട്ട് തന്റെയൊപ്പം പേരാമ്പ്രയില്‍ പോയി സാധനങ്ങള്‍ വാങ്ങിയെന്നും ഫാന്‍സി ഷോപ്പിലും പലചരക്കുകടയിലും കയറിയ സമയത്ത് സോന എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.

തിരികെവന്ന ശേഷമാണു രജിന്‍ലാലിന് ഒപ്പം സോന മടങ്ങിപ്പോയതെന്നും യുവതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രജിന്‍ ലാലിന്റെ മൊഴി അന്വേഷണത്തില്‍ നിര്‍ണായകമാകും.

പേരാമ്പ്രയില്‍ ബന്ധുവിനൊപ്പം പോയ സോന തനിച്ച് എവിടെപ്പോയെന്നതിലും രാത്രി 7.30 ന് ഇളയമ്മയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ സോനയും രജിനും പിന്നീട് 2 മണിക്കൂറോളം എവിടെ ചെലവഴിച്ചെന്നതിലും വ്യക്തതയില്ല. അപകടത്തില്‍ 65 ശതമാനത്തിലേറെ പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ചെറുവണ്ണൂർ തെയ്യപ്പുറത്ത് താഴെ റോഡിൽ വച്ചാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഓടികൊണ്ടിരുന്ന കാറിൻ്റെ പിൻഭാഗത്ത് തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

പിൻസീറ്റിൽ ഉണ്ടായിരുന്ന സോന അപകടത്തിൽ പൊള്ളലേറ്റ് മരിച്ചു. ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്ന ഭർത്താവ് റിജിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം സോനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കാറിന് തീ പിടിക്കാൻ കാരണം ഷോർട് സർക്യൂട്ടല്ലെന്ന് നേരത്തെ ഫോറൻസിക് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അന്വേഷണത്തിൽ വയറുകൾക്കും പെട്രോൾ ടാങ്കിനും കേടുപാടുകൾ ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നെ എങ്ങനെയാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് വിശദമായി അന്വേഷണം നടത്തിയത്. ഇതിനിടെയാണ് സോന പെട്രോൾ വാങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360313/sonas-death-in-perambra-car-catches-fire-suicide-footage-of-buying-petrol)