---
title: "'ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം? ജനം വെറുക്കുന്നില്ല എങ്കില്‍ അതല്ലേ വേണ്ടത്' -ചാണ്ടി ഉമ്മൻ "
english_title: "Chandy Oommen, what does it matter how many positions he holds if people hate him?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360303/chandy-oommen-what-does-it-matter-how-many-positions-he-holds-if-people-hate-him"
published_at: "2026-05-19T09:55:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0be6494a20d_chandy.jpg"
keywords: []
---

# 'ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം? ജനം വെറുക്കുന്നില്ല എങ്കില്‍ അതല്ലേ വേണ്ടത്' -ചാണ്ടി ഉമ്മൻ 

> **Lead Summary:** കോട്ടയം: മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി നിയുക്ത പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍. അമ്മ മറിയാമ്മ ഉമ്മനൊപ്പമാണ് ചാണ്ടി ഉമ്മൻ എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടത്.

## Article Content

കോട്ടയം: മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി നിയുക്ത പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍. അമ്മ മറിയാമ്മ ഉമ്മനൊപ്പമാണ് ചാണ്ടി ഉമ്മൻ എ കെ ആന്റണിയെ വീട്ടിലെത്തി കണ്ടത്.

എ കെ ആന്റണി കുടുംബാംഗം തന്നെയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. അമ്മ അദ്ദേഹത്തെ കാണണം എന്ന് ആവശ്യപ്പെട്ടു. സ്‌നേഹ സന്ദര്‍ശനമായിരുന്നു അതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ വ്യാപിപ്പിക്കുമെന്നും ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ലഹരിക്കെതിരായ മൂവ്‌മെന്റാക്കി മാറ്റുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇന്നലെ സത്യപ്രതിജ്ഞയുടെ സമയത്ത് ഞാന്‍ അനുഭവിച്ച സ്‌നേഹം എനിക്ക് മറക്കാനാവില്ല. അവിടെ ഉയര്‍ന്നുകേട്ട എന്റെ പിതാവിന്റെ പേരിലുളള മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ ഞാന്‍ സ്വീകരിച്ചു. ഇന്ന് വേറൊരു സ്ഥാനത്തേക്കാളും വലിയ സ്ഥാനം എനിക്കുണ്ട്.

അത് കേരളത്തിന്റെ മകന്‍ എന്ന സ്ഥാനമാണ്. ജനങ്ങളിലേക്കിറങ്ങി, ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനുളള പ്രവര്‍ത്തനം തുടരും.

എന്റെ പിതാവ് പറഞ്ഞ അര്‍ത്ഥവത്തായ വാക്കുണ്ട്, ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം എന്ന്. ജനം വെറുക്കുന്നില്ല എങ്കില്‍ അതല്ലേ വേണ്ടത്? ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനമുണ്ടെന്ന് ഇന്നെനിക്ക് പൂര്‍ണബോധ്യമായി. ജനങ്ങളോടൊപ്പം നില്‍ക്കാന്‍ തന്നെയാണ് തീരുമാനം'-ചാണ്ടി ഉമ്മന്‍ പറഞ്ഞു.

നേരത്തെ ചാണ്ടി ഉമ്മന്‍ മന്ത്രിയാകും എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ചാണ്ടി ഉമ്മനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി മലങ്കര ഓര്‍ത്തോഡ്ക്‌സ് സഭയും രംഗത്തെത്തിയിരുന്നു.

എന്നാൽ ഒടുവിൽ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നപ്പോൾ ചാണ്ടി ഉമ്മന്റെ പേരുണ്ടായിരുന്നില്ല. മന്ത്രിസ്ഥാനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും മാധ്യമങ്ങളാണ് അത്തരം പ്രചാരണങ്ങൾ നടത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ജനങ്ങളെ സേവിക്കാൻ മന്ത്രിയാകേണ്ട ആവശ്യമില്ലെന്നും ചാണ്ടി ഉമ്മൻ നേരത്തെ പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360303/chandy-oommen-what-does-it-matter-how-many-positions-he-holds-if-people-hate-him)