---
title: "വകുപ്പ് മാത്രമല്ല, വസതിയും വണ്ടിയും വേണം; വി.ഡി സതീശൻ മന്ത്രിസഭയിൽ തർക്കം മുറുകുന്നു"
english_title: "Dispute intensifies in V.D. Satheesan's cabinet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360299/dispute-intensifies-in-vd-satheesans-cabinet"
published_at: "2026-05-19T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0be366ea0c9_2.jpg"
keywords: []
---

# വകുപ്പ് മാത്രമല്ല, വസതിയും വണ്ടിയും വേണം; വി.ഡി സതീശൻ മന്ത്രിസഭയിൽ തർക്കം മുറുകുന്നു

> **Lead Summary:** **തിരുവനന്തപുരം: [** പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ മന്ത്രിസഭയിൽ വകുപ്പുവിഭജനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് പുറമെ, മന്ത്രിമന്ദിരങ്ങൾക്കായുള്ള മത്സരവും വാഹന നമ്പറുകളെച്ചൊല്ലിയുള്ള തർക്കങ്ങളും മുറുകുന്നു.

## Article Content

**തിരുവനന്തപുരം: [** പുതുതായി അധികാരമേറ്റ വി.ഡി. സതീശൻ മന്ത്രിസഭയിൽ വകുപ്പുവിഭജനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്ക് പുറമെ, മന്ത്രിമന്ദിരങ്ങൾക്കായുള്ള മത്സരവും വാഹന നമ്പറുകളെച്ചൊല്ലിയുള്ള തർക്കങ്ങളും മുറുകുന്നു.

പ്രമുഖ മന്ത്രിമന്ദിരങ്ങളായ നിള, സാനഡു, ഗ്രേസ് എന്നിവ സ്വന്തമാക്കാൻ മൂന്ന് മന്ത്രിമാർ വരെ ഒരേസമയം രംഗത്തെത്തിയിട്ടുണ്ട്. വസതികളുടെ കാര്യത്തിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കുന്ന ഔദ്യോഗിക പട്ടിക പുറത്തുവരുന്നതോടെ മാത്രമേ വ്യക്തമാകൂ.

എന്നാൽ, കഴിഞ്ഞ മന്ത്രിസഭയിൽ പി.എ. മുഹമ്മദ് റിയാസ് താമസിച്ചിരുന്ന ക്ലിഫ് ഹൗസിന് സമീപമുള്ള 'പമ്പ' മന്ദിരത്തിനായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാത്രമാണ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത് എന്നതിനാൽ ഈ വസതി അദ്ദേഹത്തിന് തന്നെ ലഭിക്കാനാണ് സാധ്യത.

മന്ത്രിമന്ദിരങ്ങൾക്ക് പുറമെ ഔദ്യോഗിക വാഹനങ്ങളുടെ നമ്പറുകൾക്കായുള്ള വടംവലിയും അണിയറയിൽ സജീവമാണ്. നിലവിൽ മന്ത്രിമാർക്ക് നൽകിയിരിക്കുന്ന വാഹന നമ്പറുകൾ താൽക്കാലികം മാത്രമാണ്.

കെ. മുരളീധരൻ പതിനൊന്നാം നമ്പറിനായും, രമേശ് ചെന്നിത്തല ഒൻപതാം നമ്പറിനായും അവകാശവാദം ഉന്നയിച്ചപ്പോൾ, തനിക്ക് 51-ാം നമ്പർ വേണമെന്ന ആവശ്യവുമായാണ് ഷിബു ബേബി ജോൺ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, അന്ധവിശ്വാസങ്ങൾ മുൻനിർത്തി ഒട്ടുമിക്ക നേതാക്കളും കൈയൊഴിഞ്ഞ പതിമൂന്നാം നമ്പർ കാർ ആരും ആവശ്യപ്പെടാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഇന്നലെ നിരത്തിലിറക്കിയില്ല എന്നതും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360299/dispute-intensifies-in-vd-satheesans-cabinet)