---
title: "സഞ്ജുവിന്റെ മാന്ത്രിക സ്റ്റംപിംഗിൽ ധോണിയും ഞെട്ടി; പുറത്തായ കലിപ്പിൽ സഞ്ജുവിനോട് തട്ടിക്കയറി ക്ലാസൻ"
english_title: "Klaasen tackles Sanju in the outfield"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360295/klaasen-tackles-sanju-in-the-outfield"
published_at: "2026-05-19T09:33:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0be191ea518_1.jpg"
keywords: []
---

# സഞ്ജുവിന്റെ മാന്ത്രിക സ്റ്റംപിംഗിൽ ധോണിയും ഞെട്ടി; പുറത്തായ കലിപ്പിൽ സഞ്ജുവിനോട് തട്ടിക്കയറി ക്ലാസൻ

> **Lead Summary:** **ചെന്നൈ: [ **ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന ആവേശപ്പോരാട്ടത്തിനിടെ ചെന്നൈ വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസനും തമ്മിലുണ്ടായ വാക്പോര് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു.

## Article Content

**ചെന്നൈ: [ **ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ നടന്ന ആവേശപ്പോരാട്ടത്തിനിടെ ചെന്നൈ വിക്കറ്റ് കീപ്പർ സഞ്ജു സാംസണും ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസനും തമ്മിലുണ്ടായ വാക്പോര് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു.

ചെന്നൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിനായി ഇഷാൻ കിഷനും (70) ഹെൻറിച്ച് ക്ലാസനും (47) മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആറ് ഫോറുകളും രണ്ട് സിക്സറുകളുമായി ക്ലാസൻ ചെന്നൈ ബൗളർമാരെ കടന്നാക്രമിക്കുന്നതിനിടെയാണ് പതിനഞ്ചാം ഓവറിൽ നൂർ അഹമ്മദിന്റെ ഗൂഗ്ലിയിലൂടെ ചെന്നൈക്ക് നിർണ്ണായക ബ്രേക്ക് ത്രൂ ലഭിക്കുന്നത്.

നൂർ അഹമ്മദിന്റെ പന്തിൽ ക്ലാസൻ ബീറ്റണായ നിമിഷം, കണ്ണടച്ചു തുറക്കും വേഗത്തിലാണ് സഞ്ജു സാംസൺ ബെയിൽസ് തെറിപ്പിച്ചത്. ചെപ്പോക്കിലെ ആരാധകരെ സാക്ഷാൽ എം.എസ്. ധോണിയുടെ സുവർണ്ണകാലം ഓർമ്മിപ്പിക്കുന്നതായിരുന്നു സഞ്ജുവിന്റെ ഈ ലോകോത്തര സ്റ്റംപിങ്. ഡ്രസ്സിംഗ് റൂമിലിരുന്ന് ധോണി പോലും ഈ മിന്നൽ സ്റ്റംപിങ് കണ്ട് അത്ഭുതപ്പെട്ടു.

ടിവി റീപ്ലേയിൽ ക്ലാസൻ പുറത്താണെന്ന് ഉറപ്പായതോടെ ചെന്നൈ താരങ്ങൾ സഞ്ജുവിനെ അഭിനന്ദിച്ചെങ്കിലും, വിക്കറ്റ് നഷ്ടമായതിന്റെ കടുത്ത നിരാശയിലായിരുന്ന ക്ലാസൻ സഞ്ജുവിന് നേരെ തിരിഞ്ഞ് എന്തോ പറയുകയായിരുന്നു.

തുടർന്ന് ക്ലാസൻ സഞ്ജുവിന് നേരെ വിരൽചൂണ്ടി ദേഷ്യപ്പെട്ടതോടെ ശിവം ദുബെ ഇടപെട്ടാണ് ഹൈദരാബാദ് താരത്തെ ശാന്തനാക്കി മടക്കി അയച്ചത്. അർധസെഞ്ചുറിക്ക് തൊട്ടരികെ പുറത്തായതിന്റെയും മത്സരം ഫിനിഷ് ചെയ്യാൻ സാധിക്കാത്തതിന്റെയും സമ്മർദ്ദമാണ് ക്ലാസനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

ക്ലാസൻ പുറത്തായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഇഷാൻ കിഷൻ 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദിനെ സുരക്ഷിതമായി വിജയതീരത്ത് എത്തിച്ചു. ഈ വിജയത്തോടെ ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചപ്പോൾ, ലീഗ് ഘട്ടത്തിന്റെ അവസാന ഘട്ടത്തിൽ നേരിട്ട ഈ തോൽവി ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് കനത്ത തിരിച്ചടിയായി മാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360295/klaasen-tackles-sanju-in-the-outfield)