---
title: "പേരാമ്പ്രയിലെ സോനയുടെ മരണം കൊലപാതകം? ആത്മഹത്യാശ്രമം പിന്നാലെ കേസിൽ നിന്ന് ഒഴിവാക്കാൻ ആരുമറിയാതെ വിവാഹം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് "
english_title: "Sona's death in Perambra, pregnant woman dies in car fire, unnatural, investigation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360256/sonas-death-in-perambra-pregnant-woman-dies-in-car-fire-unnatural-investigation"
published_at: "2026-05-18T21:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b36ec7c9b4_sona.jpg"
keywords: ["Latest News", "Perambra Car Fire", "Sona Death", "Kozhikode"]
---

# പേരാമ്പ്രയിലെ സോനയുടെ മരണം കൊലപാതകം? ആത്മഹത്യാശ്രമം പിന്നാലെ കേസിൽ നിന്ന് ഒഴിവാക്കാൻ ആരുമറിയാതെ വിവാഹം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് 

> **Lead Summary:** **കോഴിക്കോട്: **പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹതയൊഴിയുന്നില്ല.

## Article Content

**കോഴിക്കോട്: **പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹതയൊഴിയുന്നില്ല.

പ്രാഥമിക പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടോ ഇന്ധന ടാങ്കിന്റെ തകരാറോ കണ്ടെത്തിയിട്ടില്ല. ഫൊറന്‍സിക് പരിശോധന ഫലം വന്നതിന് ശേഷമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന നിലപാടിലാണ് അന്വേഷണസംഘം.

സംഭവം അപകടമല്ല ആസൂത്രിത കൊലപാതകമാണെന്നാണ് സോനയുടെ കുടുംബത്തിന്റെ ആരോപണം. കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന കണ്ടെത്തലും സോനയുടെ വിവാഹം നടന്നതില്‍ വരെ കുടുംബത്തിന്റെ സംശയത്തിന് കാരണമാകുന്നു.

മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. രജിസ്റ്റര്‍ വിവാഹമായിരുന്നു, സോനയുടെയും റിജിന്‍ലാലിന്റെയും വിവാഹത്തിന് റിജിന്റെ കുടുംബത്തിന് താത്പര്യമില്ലായിരുന്നുവെന്നും കുടുംബം പറയുന്നു.

ഇരുവരും പ്രണയിക്കുമ്പോള്‍ തന്നെ റിജിന്‍ ഗള്‍ഫിലേക്ക് ജോലി തേടി പോയിരുന്നു. ഇതിനിടെ മറ്റൊരു യുവതിയുമായി റിജിന്റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇത് അറിഞ്ഞതോടെ സോന ആത്മഹത്യശ്രമം നടത്തി.

അന്ന് സോനയെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് റെയില്‍വേ പൊലീസ് ആണ്. തുടര്‍ന്ന് റിജിനെതിരെ സോന പരാതി നല്‍കി. ഇത് കേസായതോടെ ഗള്‍ഫിലേക്കുള്ള റിജിന്റെ തിരിച്ചുപോക്ക് അനിശ്ചിതത്വലായി.

ഇതോടെ റിജിന്‍ വീണ്ടും സോനയുമായി അടുപ്പത്തിലാവുകയും കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കേസ് പിന്‍വലിച്ചതോടെ ഇരുവരും കുടുംബങ്ങള്‍ അറിയാതെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകുകയായിരുന്നു.

റിജിന്റെ വീട്ടില്‍ പല ബുദ്ധിമുട്ടുകളും മകള്‍ അനുഭവിച്ചിരുന്നുവെന്ന് സോനയുടെ കുടുംബം ആരോപിക്കുന്നു.

പല തവണ കുടുംബത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അവഗണനകളും സോന ബന്ധുവായ പെണ്‍കുട്ടിയെ വിളിച്ചറിയിക്കാറുണ്ട്.

പല ദിവസങ്ങളിലും റിജിന്റെ വീട്ടില്‍ മകള്‍ പട്ടിണിയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. രജിസ്റ്റര്‍ വിവാഹം ചെയ്തതോടെ വീട്ടുകാരുമായുള്ള ബന്ധം റിജിന്റെ കുടുംബം വിലക്കിയിരുന്നു. ഗര്‍ഭിണിയായതോടെയാണ് സ്വന്തം വീട്ടുകാരുമായി സോന വീണ്ടും അടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360256/sonas-death-in-perambra-pregnant-woman-dies-in-car-fire-unnatural-investigation)