---
title: " തുപ്പിയ ഷൂ നക്കാൻ  നിർബന്ധിച്ചു, ഷൂവിൽ വെള്ളം നിറച്ച് കുടിക്കാൻ നൽകി; പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ച ദലിത് ബാലന് ക്രൂരമർദ്ദനം "
english_title: "Mob violence, boy attacked, beaten for drinking water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360238/mob-violence-boy-attacked-beaten-for-drinking-water"
published_at: "2026-05-18T19:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0b162413fbd_bettan.jpg"
keywords: []
---

#  തുപ്പിയ ഷൂ നക്കാൻ  നിർബന്ധിച്ചു, ഷൂവിൽ വെള്ളം നിറച്ച് കുടിക്കാൻ നൽകി; പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ച ദലിത് ബാലന് ക്രൂരമർദ്ദനം 

> **Lead Summary:** **കാൺപൂർ: **കാൺപൂരിൽ പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചെന്ന് ചൂണ്ടിക്കാട്ടി ദലിത് സമുദായത്തിൽ പെട്ട പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്ക് ക്രൂരമർദ്ദനം.

## Article Content

**കാൺപൂർ: **കാൺപൂരിൽ പൊതുടാപ്പിൽ നിന്ന് വെള്ളം കുടിച്ചെന്ന് ചൂണ്ടിക്കാട്ടി ദലിത് സമുദായത്തിൽ പെട്ട പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്ക് ക്രൂരമർദ്ദനം.

പൊതുജനങ്ങൾക്കായി സ്ഥാപിച്ച കുഴൽക്കിണർ പമ്പിൽ നിന്ന് വെള്ളമെടുക്കാൻ ശ്രമിക്കുകയും ബക്കറ്റിൽ അനുവാദമില്ലാതെ സ്പർശിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് മേൽജാതിക്കാരനെന്ന് അവകാശപ്പെടുന്നവർ കുട്ടിയെ ക്രൂരമായി മർദിച്ചത്.

സഞ്ജയ് രാജ്പുത്ത്, ദീപക്, സാഗർ കുമാർ, പാട്ടിയ കുമാർ എന്നിവരാണ് കുട്ടിയ മർദിച്ചത്. കുട്ടിയുടെ ന്യായം കേൾക്കാൻ തയ്യാറാകാതെ വസ്ത്രം വലിച്ചുകീറുകയും നിർദയം തല്ലിച്ചതക്കുകയുമായിരുന്നു.

അക്രമികളിലൊരാൾ തുപ്പിയ ഷൂ നക്കാൻ കുട്ടിയെ നിർബന്ധിക്കുകയും ഷൂവിൽ വെള്ളം നിറച്ച് കുടിക്കാൻ നൽകുകയും ചെയ്തതായാണ് വിവരം.

കുട്ടി തൊട്ട് അശുദ്ധമാക്കിയെന്ന് ചൂണ്ടിക്കാട്ടി ഗംഗാ ജലം കൊണ്ടുവന്ന് പമ്പും പരിസരവും അവർ വൃത്തിയാക്കുകയും ചെയ്തു. താൻ അൽപം വെള്ളമെടുക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും അകാരണമായി നാല് പേർ തല്ലിച്ചതക്കുകയായിരുന്നെന്നും കുട്ടി പ്രതികരിച്ചു.

'ഒരു കുടം വെള്ളം കൊണ്ടുപോകാനാണ് ഞാൻ വന്നത്. പമ്പിനടുത്തേക്ക് നടക്കുന്നതിനിടെ സഞ്ജയ്, ദീപക്, അവരുടെ സഹായികളായ സാഗർ കുമാർ, പാട്ടിയ കുമാർ എന്നിവർ എനിക്ക് നേരെ ഓടിവന്ന് കുടം പിടിച്ച് വാങ്ങുകയായിരുന്നു'.

കുട്ടി പറഞ്ഞു. തന്നെ ജാതിപ്പേരുകൾ വിളിച്ച് നാല് പേരും അധിക്ഷേപിച്ചെന്നും താൻ വെള്ളം അശുദ്ധമാക്കിയെന്ന് ആക്രോഷിക്കുകയും ചെയ്തെന്ന് കുട്ടി വ്യക്തമാക്കി. അരമണിക്കൂറോളം തന്നെ മർദിച്ചതായും കുട്ടി പ്രതികരിച്ചു.

'അരമണിക്കൂറോളം അവരെന്നെ നിർത്താതെ ചവിട്ടി. ചവിട്ടേറ്റ് അലറിക്കരയുക മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. എന്നെ രക്ഷിക്കാനായി എന്‍റെ അച്ഛൻ അപ്പോഴേക്ക് ഓടിയെത്തിയിരുന്നു. രണ്ടുപേരും കൂടി കേണപേക്ഷിച്ചെങ്കിലും നിർത്താൻ അവർ കൂട്ടാക്കിയില്ല.

സഞ്ജയ് അയാളുടെ ഷൂവിൽ തുപ്പി, അത് നക്കാൻ എന്നെ നിർബന്ധിക്കുകയും ചെയ്തു. എന്‍റെ ഷൂവിലേക്ക് വെള്ളം നിറച്ച് അത് കുടിക്കാൻ എന്നെ നിർബന്ധിക്കുകയും ചെയ്തു'. കുട്ടി കൂട്ടിച്ചേർത്തു.

മർദനത്തിൽ കുട്ടിയുടെ കൈ ഒടിഞ്ഞു. ആദ്യം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടിയെ പിന്നീട് ഉർസുല ആശുപത്രിയിലേക്കെത്തിച്ചു. സംഭവത്തിൽ കുടുംബം നൽകിയ പരാതിയിൽ നാല് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360238/mob-violence-boy-attacked-beaten-for-drinking-water)