---
title: "വാതിൽ തുറക്കാൻ ആളില്ല! വിമാനം ലാൻഡ് ചെയ്തിട്ടും യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങിയത് മണിക്കൂറുകളോളം! "
english_title: "Passengers unable to exit plane after it lands"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360220/passengers-unable-to-exit-plane-after-it-lands"
published_at: "2026-05-18T17:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0afb189d1c4_25.jpg"
keywords: []
---

# വാതിൽ തുറക്കാൻ ആളില്ല! വിമാനം ലാൻഡ് ചെയ്തിട്ടും യാത്രക്കാർ വിമാനത്തിനുള്ളിൽ കുടുങ്ങിയത് മണിക്കൂറുകളോളം! 

> **Lead Summary:** **മുംബൈ: [**മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ എഐഎഎസ്എൽ ജീവനക്കാർ ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മിന്നൽ സമരം നടത്തി.

## Article Content

**മുംബൈ: [**മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ എഐഎഎസ്എൽ ജീവനക്കാർ ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മിന്നൽ സമരം നടത്തി.

ജീവനക്കാരുടെ പെട്ടെന്നുള്ള പ്രതിഷേധത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താളംതെറ്റുകയും നിരവധി വിമാന സർവീസുകൾ വൈകുകയും ചെയ്തു. മുംബൈയിൽ നിന്നുള്ള പതിനഞ്ചോളം വിമാനങ്ങളാണ് ഒൻപത് മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകി സർവീസ് നടത്തിയത്.

ലാൻഡിംഗിന് ശേഷവും മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ തന്നെ തുടരേണ്ടി വന്ന യാത്രക്കാർ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഹൈദരാബാദിൽ നിന്ന് മുംബൈയിൽ എത്തിയ വിമാനത്തിലെ യാത്രക്കാർക്ക് വിമാനം ലാൻഡ് ചെയ്ത ശേഷം ഒരു മണിക്കൂറോളം പുറത്തിറങ്ങാൻ കഴിഞ്ഞില്ല.

റൺവേയിൽ ഗ്രൗണ്ട് സ്റ്റാഫ് ഇല്ലാത്തതിനാൽ വിമാനത്തിന്റെ വാതിൽ തുറക്കാനോ ഗോവണി എത്തിക്കാനോ സാധിക്കാത്തതായിരുന്നു ഈ ദുരിതത്തിന് കാരണം. സമരം കാരണം വിമാനങ്ങളിലേക്ക് ലഗേജുകൾ കയറ്റുന്നതും ഇറക്കുന്നതുമായ പ്രക്രിയ പൂർണ്ണമായും തടസ്സപ്പെട്ടു.

ഇതേത്തുടർന്ന് പല യാത്രക്കാർക്കും ലാൻഡ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞാണ് തങ്ങളുടെ ബാഗേജുകൾ തിരികെ ലഭിച്ചത്. ശമ്പള പരിഷ്കരണവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജീവനക്കാരുടെ ഈ വേറിട്ട പ്രതിഷേധം.

തങ്ങളുടെ പ്രവർത്തനങ്ങളുടെ നിർണായക ഭാഗമായ ഏജൻസിയുടെ ജീവനക്കാർ നടത്തിയ സമരം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ സർവീസുകളെ സാരമായി ബാധിച്ചതായി കമ്പനി അധികൃതർ സ്ഥിരീകരിച്ചു.

യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനുള്ള ബദൽ ക്രമീകരണങ്ങൾ വേഗത്തിൽ ചെയ്തതായും കമ്പനി വ്യക്തമാക്കി. തുടർന്ന് വിമാനത്താവള മാനേജ്‌മെന്റ് സമരക്കാരുമായി അടിയന്തര ചർച്ച നടത്തുകയും ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്.

ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചതോടെ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായിത്തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360220/passengers-unable-to-exit-plane-after-it-lands)