---
title: "'ജനവികാരം മനസിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല, സി പി എം നേരിട്ടത് നാണംകെട്ട തോൽവി'; യുഡിഎഫ് സർക്കാരിൻ്റെ ആദ്യ രണ്ട് പ്രഖ്യാപനങ്ങളും സ്വാഗതാര്‍ഹമാണെന്ന് പി കെ ശ്രീമതി"
english_title: "PK Sreemathy says the first two announcements of the UDF government are welcome."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360217/pk-sreemathy-says-the-first-two-announcements-of-the-udf-government-are-welcome"
published_at: "2026-05-18T16:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0af708713a2_pk_sreemathi.jpg"
keywords: []
---

# 'ജനവികാരം മനസിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല, സി പി എം നേരിട്ടത് നാണംകെട്ട തോൽവി'; യുഡിഎഫ് സർക്കാരിൻ്റെ ആദ്യ രണ്ട് പ്രഖ്യാപനങ്ങളും സ്വാഗതാര്‍ഹമാണെന്ന് പി കെ ശ്രീമതി

> **Lead Summary:** തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത് നാണംകെട്ട തോല്‍വിയാണെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി. തോല്‍വി പഠിക്കുമെന്നും തോല്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞു. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഒരാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും ശ്രീമതി പറഞ്ഞു.

## Article Content

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ടത് നാണംകെട്ട തോല്‍വിയാണെന്ന് സിപിഐഎം നേതാവ് പി കെ ശ്രീമതി. തോല്‍വി പഠിക്കുമെന്നും തോല്‍ക്കാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്നും ശ്രീമതി പറഞ്ഞു. തെരഞ്ഞെടുപ്പിനെ പാര്‍ട്ടി ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ഒരാള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും ശ്രീമതി പറഞ്ഞു.

പയ്യന്നൂരിലെ തോല്‍വിയിലും ശ്രീമതി പ്രതികരിച്ചു. ജനവികാരം മനസിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും പയ്യന്നൂരിലെ കാറ്റ് തൃക്കരിപ്പൂരിലും വീശിയെന്നുമാണ് ശ്രീമതി പറഞ്ഞത്. പിണറായി വിജയന്‍ യുവനേതാക്കള്‍ക്ക് മാറിക്കൊടുക്കേണ്ട സമയമായി എന്ന സിപിഐഎം മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ഹനന്‍ മൊളളയുടെ പ്രതികരണം അഭിപ്രായപ്രകടനം മാത്രമാണെന്നും അവര്‍ പറഞ്ഞു. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമാണെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ തന്നെയാണ് നല്ലതെന്ന് സിപിഐഎം നേതാവ് കെ കെ ശൈലജ. മുതിര്‍ന്ന പി ബി അംഗമാണ് പിണറായി വിജയന്‍. തന്നെ ഒതുക്കി എന്നത് വ്യാജ പ്രചാരണമാണെന്നും അവര്‍ പ്രതികരിച്ചു. പ്രചാരണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. തന്നെ മത്സരത്തിന് തെരഞ്ഞെടുത്തത് പാര്‍ട്ടിയാണെന്നും അവര്‍ പറഞ്ഞു.

പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണിത്. വലിയ തോല്‍വിയാണ് ഉണ്ടായത്. മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി വരുത്തുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചത് സ്വാഗതം ചെയ്യുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ ഓണറേറിയം വര്‍ധിപ്പിച്ചതും ഓര്‍ക്കണം. കേന്ദ്ര വിഹിതം ലഭിക്കാതെ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ സാമ്പത്തികമായി ഞെരുങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360217/pk-sreemathy-says-the-first-two-announcements-of-the-udf-government-are-welcome)